|    Dec 11 Tue, 2018 3:18 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

മാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിട്ടില്ല: കാനം

Published : 2nd December 2018 | Posted By: kasim kzm

കോട്ടയം: മാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ വിലക്കുകളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മാധ്യമസ്വാതന്ത്ര്യം സംരക്ഷിച്ചുകൊണ്ടുള്ള നിലപാടാണ് എക്കാലവും ഇടതുമുന്നണി സ്വീകരിച്ചിട്ടുള്ളത്. മാധ്യമസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളില്‍ എന്നും മുന്‍നിര പങ്കാളിത്തം ഇടതുപക്ഷത്തിനാണ്. മുന്‍കാലങ്ങളിലെ നടപടികളാണ് നിലവിലും സര്‍ക്കാര്‍ അനുവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള ഉത്തരവുകള്‍ പിആര്‍ഡി വിഭാഗത്തിലൂടെയാണ് സാധാരണ കൈമാറുക. എന്നാല്‍, ഇത്തവണ ആഭ്യന്തര സെക്രട്ടറിയായിരുന്നു നിര്‍ദേശങ്ങള്‍ വിവരിച്ച് സര്‍ക്കുലര്‍ പുറത്തിറക്കിയത്. സുരക്ഷയുമായി ബന്ധപ്പെട്ടായിരിക്കാം ഇങ്ങനെ ചെയ്തത്. പൊതുവിലുള്ള അച്ചടക്കത്തെപ്പറ്റിയുള്ള സര്‍ക്കുലറായി ഇതിനെ കണ്ടാല്‍ മതി. സര്‍ക്കുലറില്‍ എന്തെങ്കിലും അപാകതകളുണ്ടെങ്കില്‍ പുനപ്പരിശോധിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുമുണ്ട്. എല്‍ഡിഎഫ് നയത്തിന് അനുസൃതമായി പുനപ്പരിശോധിക്കും. അപാകതയുണ്ടെങ്കില്‍ പരിഹരിക്കും. മാധ്യമസ്വാതന്ത്ര്യം പൂര്‍ണമായും ഉറപ്പാക്കുക ഇടതുമുന്നണിയുടെ നിലപാടാണെന്നും കാനം വ്യക്തമാക്കി.
മുഖ്യമന്ത്രി വിളിച്ച നവോത്ഥാന സംഘടനകളുടെ യോഗത്തില്‍ എന്‍എസ്എസ് പങ്കെടുക്കണമെന്ന് നിര്‍ബന്ധം പിടിക്കാനാവില്ല. ഓരോ സംഘടനകള്‍ക്കും ഓരോ സാഹചര്യങ്ങളില്‍ അവരവരുടെ നിലപാടുകളെടുക്കാം. എന്നാല്‍, ശബരിമല വിഷയത്തില്‍ എല്‍ഡിഎഫിന്റെ നിലപാടില്‍ ഒരു മാറ്റവുമില്ല. നടവരവിലെ വ്യത്യാസം ദേവസ്വം ബോര്‍ഡിനെ ബാധിക്കുന്നുവെങ്കില്‍ പരിഹാരം അവര്‍ നോക്കണം. കാണിക്ക നല്‍കരുതെന്ന് പറയുന്നവര്‍തന്നെ സാമ്പത്തികമായി തകരുമെന്നു പറയുന്നതിലെ വൈരുധ്യവും തിരിച്ചറിയണമെന്ന് കാനം കൂട്ടിച്ചേര്‍ത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss