|    Nov 16 Fri, 2018 11:23 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

മാധ്യമങ്ങള്‍ക്കോ ഭക്തര്‍ക്കോ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല

Published : 8th November 2018 | Posted By: kasim kzm

കൊച്ചി: ശബരിമലയില്‍ മാധ്യമങ്ങള്‍ക്കോ യഥാര്‍ഥ ഭക്തര്‍ക്കോ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്നും തടയാന്‍ ഉദ്ദേശ്യമില്ലെന്നും സംസ്ഥാനസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരേ വിവിധ ഹിന്ദു സംഘടനകളുടെ പ്രതിഷേധമുണ്ടെന്നും ഇതിനെതിരേ മുന്‍കരുതല്‍ എടുക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ കത്ത് നല്‍കിയിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചീഫ് സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ പറയുന്നുണ്ടെന്നും പത്തനംതിട്ട ജില്ലാ പോലിസ് സൂപ്രണ്ട് ടി നാരായണന്‍ സമര്‍പ്പിച്ച സ്‌റ്റേറ്റ്‌മെന്റില്‍ പറയുന്നു. ശബരിമലയിലെ മാധ്യമ വിലക്കിനെതിരേ സംഘപരിവാര സ്ഥാപനമായ ജനം ടിവിയുടെ ചീഫ് എഡിറ്റര്‍ ജി കെ സുരേഷ് ബാബു നല്‍കിയ ഹരജിയിലാണ് സര്‍ക്കാര്‍ സ്‌റ്റേറ്റ്‌മെന്റ് നല്‍കിയത്. ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച സുപ്രിംകോടതി വിധിക്കെതിരേ ചില മതമൗലിക വാദ വിഭാഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. നാമജപത്തിന്റെ പേരില്‍ യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് ഇവര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നത് തടയാന്‍ ഇവര്‍ക്ക് ഒരവകാശവും ഇല്ലെന്നിരിക്കെ പ്രതിഷേധക്കാരുടെ നടപടി നിയമവിരുദ്ധമാണ്.
ഒക്ടോബര്‍ 16 മുതല്‍ 22 വരെ നടന്ന അതിക്രമസംഭവങ്ങളില്‍ കെഎസ്ആര്‍ടിസി ബസ്സുകളും സ്വകാര്യ വാഹനങ്ങളും അക്രമികള്‍ തകര്‍ത്തു. ചിത്തിര ആട്ടവിശേഷത്തിനായി നവംബര്‍ അഞ്ച്, ആറ് തിയ്യതികളില്‍ നടതുറക്കുമ്പോള്‍ സമാനമായ സംഭവങ്ങള്‍ അരങ്ങേറാന്‍ സാധ്യതയുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് പോലിസ് മതിയായ നടപടികള്‍ സ്വീകരിച്ചിരുന്നു. ഇന്റലിജന്‍സ് റിപോര്‍ട്ട് അനുസരിച്ചാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ പ്രതിഷേധസമരങ്ങള്‍ തടയാനും യഥാര്‍ഥ വിശ്വാസികള്‍ക്ക് ദര്‍ശനം സുഗമമാക്കാനുമാണു നടപടികള്‍ സ്വീകരിച്ചത്.
ശബരിമലയില്‍ ക്രമസമാധാന പ്രശ്‌നങ്ങളില്ലെന്നും തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് സ്വന്തമായി കാര്യങ്ങള്‍ നടത്താനാവുമെന്നുമൊക്കെയുള്ള പ്രചാരണം അടിസ്ഥാനരഹിതമാണ്. ക്രമസമാധാനപ്രശ്‌നങ്ങള്‍ ഒഴിവാക്കാനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇത്തരമൊരു നടപടി സ്വീകരിച്ചത് മാധ്യമപ്രവര്‍ത്തകരുടെ കൂടി സുരക്ഷ മുന്‍നിര്‍ത്തിയാണ്. വനിതാ മാധ്യമപ്രവര്‍ത്തകരടക്കമുള്ളവരെ പ്രതിഷേധക്കാര്‍ മര്‍ദിച്ചിരുന്നുവെന്നും സ്‌റ്റേറ്റ്‌മെന്റില്‍ പറയുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss