|    May 25 Thu, 2017 6:10 pm
FLASH NEWS

മാധ്യമങ്ങള്‍ക്കു വിലക്കില്ലെന്ന് ഹൈക്കോടതി രജിസ്ട്രാര്‍

Published : 31st July 2016 | Posted By: SMR

കൊച്ചി: മാധ്യമപ്രവര്‍ത്തകര്‍ക്കു ഹൈക്കോടതിയില്‍ വാര്‍ത്തകള്‍ റിപോര്‍ട്ട് ചെയ്യുന്നതിനു വിലക്കില്ലെന്ന് ഹൈക്കോടതി രജിസ്ട്രാര്‍. ജഡ്ജിമാരുടെ ചേംബറിലും അവരുടെ പ്രൈവറ്റ് സെക്രട്ടറിമാരുടെ ഓഫിസുകളിലും പ്രവേശിക്കുന്നതു സംബന്ധിച്ച് അതാത് ജഡ്ജിമാര്‍ക്ക് തീരുമാനമെടുക്കാമെന്നു വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.  എന്നാല്‍, മീഡിയ റൂം തുറക്കുന്നതിനെക്കുറിച്ചോ റിപോര്‍ട്ട് ചെയ്യാനെത്തുന്നവരുടെ സുരക്ഷ സംബന്ധിച്ചോ വിശദീകരണമില്ല.
വാര്‍ത്തകള്‍ എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്താന്‍ ബന്ധപ്പെട്ട  സമിതി  ആലോചിക്കും. മാധ്യമങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും കോടതിയിലെത്തുന്നതിനു യാതൊരു വിലക്കും തടസ്സങ്ങളും ഇല്ലെന്നും രജിസ്ട്രാര്‍ വ്യക്തമാക്കി.
മാധ്യമങ്ങള്‍ക്ക് വിലക്കില്ലെന്നു ജനങ്ങളെ അറിയിക്കണമെന്ന് ആക്റ്റിങ് ചീഫ് ജസ്റ്റിസ് പങ്കെടുത്ത ഹൈക്കോടതിയിലെ മീഡിയാ കമ്മിറ്റിയുടെ തീരുമാനപ്രകാരമാണു വാര്‍ത്താക്കുറിപ്പ് ഇറക്കിയത്. അടുത്തിടെ അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ  കൈയേറ്റം ചെയ്തതിനെ  തുടര്‍ന്നാണു   നിയന്ത്രണമേര്‍പ്പെടുത്തിയത്. അതിനിടെ, ജസ്റ്റിസുമാരായ ആന്റണി ഡൊമിനിക്, കെ സുരേന്ദ്ര മോഹന്‍, പി ആര്‍ രാമചന്ദ്രമേനോന്‍, സി കെ അബ്ദുല്‍ റഹീം എന്നിവരെ ഉള്‍പ്പെടുത്തി കോടതി നടപടികള്‍ റിപോര്‍ട്ട് ചെയ്യുന്നതു സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കുന്ന മീഡിയ കമ്മിറ്റി പുനസ്സംഘടിപ്പിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day