|    Nov 18 Sun, 2018 2:58 am
FLASH NEWS
Home   >  Todays Paper  >  page 7  >  

മാധ്യമങ്ങളിലെ ‘ദലിത്’ പ്രയോഗം കേന്ദ്ര സര്‍ക്കുലറിനെതിരേ സുപ്രിംകോടതിയില്‍ ഹരജി

Published : 5th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: പട്ടികജാതി വിഭാഗങ്ങളെ പരാമര്‍ശിക്കുന്ന സ്ഥലത്ത് ദലിത് എന്ന പദം ഉപയോഗിക്കുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച സര്‍ക്കുലറിനെതിരേ സുപ്രിംകോടതിയില്‍ പൊതുതാല്‍പര്യ ഹരജി.
എസ്‌സി വിഭാഗങ്ങളെ പരാമര്‍ശിക്കുന്ന സ്ഥലത്ത് ഷെഡ്യൂള്‍ഡ് കാസ്റ്റ് എന്ന് ഇംഗ്ലീഷിലോ സമാന അര്‍ഥമുള്ള പ്രാദേശിക ഭാഷാ വാക്കുകളോ ഉപയോഗിക്കണമെന്ന് നിര്‍ദേശിച്ച് ആഗസ്ത് ഏഴിന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്താണ് ഹരജി.
ഏതെങ്കിലും പ്രത്യേക പട്ടിക ജാതി വിഭാഗങ്ങളെ പരാമര്‍ശിക്കുമ്പോള്‍ ദലിത് എന്ന പദം ഉപയോഗിക്കരുതെന്ന് രാജ്യത്തെ അച്ചടി, ദൃശ്യ മാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന ബോംബൈ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചിന്റെ ജൂണ്‍ എട്ടിലെ നിര്‍ദേശം പരിഗണിച്ചാണ് മന്ത്രാലയം സര്‍ക്കുലര്‍ ഇറക്കിയത്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ജനങ്ങളെ പരാമര്‍ശിക്കുമ്പോള്‍ ഔദ്യോഗിക രേഖകളില്‍ ദലിത് എന്ന പദം ഉപയോഗിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഏപ്രിലില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.
ഇതുസംബന്ധിച്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളിലെ വിവിധ വകുപ്പുകള്‍ക്ക് കേന്ദ്ര സാമൂഹികനീതി വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 1982 ഫെബ്രുവരി 10ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ് ഉദ്ധരിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര മന്ത്രാലയങ്ങള്‍ക്കും നിര്‍ദേശം നല്‍കിയത്. പട്ടികജാതി സര്‍ട്ടിഫിക്കറ്റില്‍ ഹരിജന്‍ എന്ന പദം ഉപയോഗിക്കരുതെന്ന അന്നത്തെ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രമന്ത്രാലയം പുതിയ നിര്‍ദേശം നല്‍കിയത്. ദലിത് എന്ന വാക്കിന് പകരം പട്ടികജാതി- വര്‍ഗ വിഭാഗങ്ങള്‍ എന്ന് ഉപയോഗിക്കണമെന്ന് ആര്‍എസ്എസും തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
അപമാനകരമായ കൊളോണിയല്‍ പ്രയോഗത്തിന്റെ തുടര്‍ച്ചയാണ് ദലിത് എന്ന പ്രയോഗമെന്നാണു സംഘപരിവാരത്തിന്റെ വാദം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss