|    Dec 17 Mon, 2018 6:25 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

മാധ്യപ്രവര്‍ത്തകരെ തടയുന്നത് അഴിമതികള്‍ മൂടിവയ്ക്കാന്‍: പി ടി തോമസ് എംഎല്‍എ

Published : 2nd December 2018 | Posted By: kasim kzm

കൊച്ചി: സംസ്ഥാനസര്‍ക്കാര്‍ പുറത്തിറക്കിയ മാധ്യമനിയന്ത്രണം സംബന്ധിച്ച ഉത്തരവ് മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടുന്നതും മാധ്യമപ്രവര്‍ത്തകരുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതുമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ടി തോമസ് എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാര്‍ നടത്തുന്ന വന്‍ അഴിമതികള്‍ പുറത്തുവരാതിരിക്കുന്നതിനാണ് മാധ്യമ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. നേരത്തെ മുറിയില്‍ നിന്നാണ് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് കടക്കുപുറത്ത് എന്ന് പറഞ്ഞതെങ്കില്‍ ഇപ്പോള്‍ ഉത്തരവിലൂടെ സംസ്ഥാനത്തുനിന്നുതന്നെ കടക്കുപുറത്തെന്നാണ് പറഞ്ഞിരിക്കുന്നതെന്നും പി ടി തോമസ് എംഎല്‍എ ആരോപിച്ചു.
പത്രമാരണ നിയമം തന്നെയാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അതേ പാത തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയനും പിന്തുടരുന്നത്. എന്തിനും ഏതിനും പ്രതികരിക്കുന്ന കേരളത്തിലെ സാംസ്‌കാരിക നായകര്‍ എന്തുകൊണ്ടാണ് ഇതിനെതിരേ രംഗത്തുവരാത്തതെന്നും അദ്ദേഹം ചോദിച്ചു. ഇത്രയും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടും ഒരു പ്രതിഷേധംപോലും നടത്താത്ത പത്രപ്രവര്‍ത്തക യൂനിയന്റെ നടപടി അതിശയമുളവാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്റെ പ്രധാനപ്പെട്ട അഴിമതികള്‍ മൂടിവയ്ക്കുന്നതിനുവേണ്ടിയാണ് ഇപ്രകാരം സെക്രട്ടേറിയറ്റിന് അകത്തും പുറത്തുമൊക്കെ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വാര്‍ത്താശേഖരണത്തിന് അക്രഡിറ്റേഷന്‍ നിര്‍ബന്ധമാക്കിയത് ഈ രംഗത്തേക്കു കടന്നുവരുന്ന പുതിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രതിസന്ധി തീര്‍ക്കും. ഭയപ്പെടുത്തി മാധ്യമങ്ങളെ കൂടെനിര്‍ത്താനുള്ള സര്‍ക്കാരിന്റെ തന്ത്രമാണ് ഉത്തരവിലൂടെ വ്യക്തമായിരിക്കുന്നത്. അടിയന്തരമായി ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും പി ടി തോമസ് ആവശ്യപ്പെട്ടു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss