|    Apr 27 Thu, 2017 2:26 pm
FLASH NEWS

മാത്യു കൊടുങ്കാറ്റ്; കൊല്ലപ്പെട്ടത് 900ത്തോളം പേര്‍; ഹെയ്തി ക്ഷാമ ഭീതിയില്‍

Published : 12th October 2016 | Posted By: SMR

പോര്‍ട്ട് ഒ പ്രിന്‍സ്: മാത്യു കൊടുങ്കാറ്റ് വ്യാപകമായി നാശം വിതച്ച ഹെയ്തിയെ കാത്തിരിക്കുന്നത് മഹാക്ഷാമത്തിന്റെ നാളുകളെന്ന് ഇടക്കാല പ്രസിഡന്റിന്റെ മുന്നറിയപ്പ്. വരുന്ന മുന്നു നാല് മാസത്തേക്ക് ക്ഷാമം നിയന്ത്രണാതീതമായിരിക്കുമെന്നാണ് പ്രസിഡന്റ് ജോസിലര്‍മി പ്രിവര്‍ട്ട് മുന്നറിയിപ്പ് നല്‍കിയത്. മാത്യു കൊടുങ്കാറ്റില്‍ 900ത്തോളം പേരാണ് ഹെയ്തിയില്‍ കൊല്ലപ്പെട്ടത്. നഗര ഗ്രാമ വ്യത്യാസമില്ലാതെ കാറ്റില്‍ ജനവാസകേന്ദങ്ങള്‍ തകര്‍ന്നടിഞ്ഞു. പതിനായിരത്തോളം വീടുകളാണ് തകര്‍ന്നത്. ഇതിനുപുറമേ വ്യാപകമായ കൃഷിനാശവും റിപോര്‍ട്ട് ചെയ്തു.
ഭക്ഷ്യ ഉല്‍പന്നങ്ങളുടെ നാശനഷ്ടം ഭീകരമാണ്. ഹെയ്തിക്ക് ഭക്ഷണവും കുടിവെള്ളവും മരുന്നുകളും അത്യാവശ്യമാണെന്ന് പ്രസിഡന്റ് പ്രിവര്‍ട്ട് പറഞ്ഞു. മുന്‍കൂറായി നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ നാലുമാസത്തിനകം ഹെയ്തി സമ്പൂര്‍ണ ക്ഷാമം നേരിടേണ്ടി വരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ഹെയ്തിക്കു വേണ്ടി വിപുലമായ സഹായ സഹകരണത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
യുഎന്‍ ഇതിനോടകം 120 ദശലക്ഷം ഡോളറിന്റെ അടിയന്തര സഹായം അനുവദിച്ചിട്ടുണ്ട്. കൊടുങ്കാറ്റില്‍ 14 ലക്ഷം ജനങ്ങള്‍ ദുരിതം അനുഭവിക്കുന്നതായി ബാന്‍ കി മൂണ്‍ മാധ്യമങ്ങളോട് പറഞ്ഞു. നിരവധി ഗ്രാമങ്ങള്‍ പൂര്‍ണമായും തുടച്ചു നീക്കപ്പെട്ട കാറ്റില്‍ 300ഓളം സ്‌കൂളുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ഒറ്റപ്പെട്ട ദുരിത ബാധിത മേഖലകളിലേക്ക് അടിയന്തര സഹായമെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തകരുടെ ശ്രമം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ജനവാസ മേഖലയെ ബാധിച്ച പതിറ്റാണ്ടിലെ ഏറ്റവും വലിയ കൊടുങ്കാറ്റാണ് മാത്യു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day