|    Jan 24 Tue, 2017 5:05 pm
FLASH NEWS

മാത്യു കൊടുങ്കാറ്റില്‍ മരണം 478

Published : 8th October 2016 | Posted By: SMR

പോര്‍ട്ടോപ്രിന്‍സ്: ഹെയ്തി, ക്യൂബ എന്നിവിടങ്ങളില്‍ വന്‍ നാശംവിതച്ച ശേഷം മാത്യു കൊടുങ്കാറ്റ് യുഎസിലെ ഫ്‌ളോറിഡ തീരത്തേക്കെത്തി. മണിക്കൂറില്‍ 230 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിച്ച കൊടുങ്കാറ്റ് ഹെയ്തിയില്‍ 478 പേരുടെ ജീവനെടുത്തതായി റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു. തീരപ്രദേശങ്ങളിലൂടെ ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ കെട്ടിടങ്ങളും മരങ്ങളും നിലംപൊത്തി. ഹെയ്തിയിലെ തെക്കുകിഴക്കന്‍ തീരദേശങ്ങളിലാണ് കൊടുങ്കാറ്റ് കൂടുതല്‍ നാശംവിതച്ചത്.
വ്യാഴാഴ്ച വൈകി ആഞ്ഞടിച്ചു തുടങ്ങിയ കൊടുങ്കാറ്റ് വെള്ളിയാഴ്ചയോടെയാണ്  ഫ്‌ളോറിഡയിലെത്തിയത്. ഹെയ്തി, ക്യൂബ, ഡൊമിനിക്കന്‍ റിപബ്ലിക് എന്നിവിടങ്ങളിലൂടെയാണ് ചുഴലിക്കാറ്റ് കടന്നുവന്നത്. തുടര്‍ന്ന് യുഎസില്‍ 3,862 വിമാന സര്‍വീസുകള്‍ റദ്ദാക്കി. ഫ്‌ളോറിഡയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിച്ചുണ്ട്. ശനിയാഴ്ചവരെയുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. മിയാമി അന്താരാഷ്ട്ര വിമാനത്താവളവും പാം ബീച്ച് അന്താരാഷ്ട്ര വിമാനത്താവളവും അടച്ചിട്ടില്ലെങ്കിലും ഇതുവഴിയുള്ള വിമാന ഗതാഗതം പൂര്‍ണമായും നിരോധിച്ചു.
യുഎസ് കാലാവസ്ഥാ പ്രവചനപ്രകാരം തെക്കുപടിഞ്ഞാറന്‍ തീരപ്രദേശങ്ങളായ ജോര്‍ജിയ, സൗത്ത് കരോലിന, ഫ്‌ളോറിഡ പ്രദേശങ്ങളിലാണ് കൊടുങ്കാറ്റ് ആഞ്ഞടിക്കാന്‍ സാധ്യത. പ്രദേശത്തുനിന്ന് 20 ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു. ഫ്‌ളോറിഡയില്‍ മുന്‍കരുതലെന്ന നിലയില്‍ ആഹാരവസ്തുക്കളും മറ്റ് അവശ്യവസ്തുക്കളും ശേഖരിച്ചുവയ്ക്കാന്‍ നിര്‍ദേശംനല്‍കിയിട്ടുണ്ട്. ജീവനാശത്തിനും വന്‍ ദുരിതത്തിനും കൊടുങ്കാറ്റ് കാരണമാവുമെന്ന് ഭയക്കുന്നുണ്ട്. പ്രദേശം ദീര്‍ഘകാലത്തേക്ക് മനുഷ്യവാസയോഗ്യമല്ലാതായേക്കുമെന്ന് യുഎസ് കാലാവസ്ഥാവകുപ്പ് അറിയിച്ചു.
ഫ്‌ളോറിഡയില്‍ 140 കിലോമീറ്റര്‍ വേഗതയിലാണു കാറ്റ് വീശിയടിക്കുന്നതെന്ന് യുഎസിലെ ദേശീയ ചുഴലിക്കാറ്റ് കേന്ദ്രം അറിയിച്ചു. തീരവാസികളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കു മാറ്റിത്താമസിപ്പിച്ചിട്ടുണ്ട്.
അങ്ങേയറ്റം അപകടകാരിയായ കാറ്റഗറി നാലില്‍ ഉള്‍പ്പെടുന്ന ചുഴലിക്കാറ്റാണ് മാത്യു. ബഹാമാസ് ദ്വീപില്‍ ചുഴലിക്കാറ്റില്‍ മരണസംഖ്യ ഉയര്‍ന്നു. റോക് എ ബട്ടാവുവില്‍ മാത്രം 50 പേര്‍ മരിച്ചതായി ബിബിസി റിപോര്‍ട്ട് ചെയ്തു. ജെറിമി പട്ടണത്തില്‍ ജെറേമിയില്‍ 80 ശതമാനം കെട്ടിടങ്ങളും നിലംപൊത്തി. സഡ് പ്രവിശ്യയില്‍ 30,000 ഭവനങ്ങളും നിരവധി ബോട്ടുകളും തകര്‍ന്നു. ലക്ഷക്കണക്കിനുപേര്‍ ഭവനരഹിതരായി. തീരദേശ റോഡുകളില്‍ അവശിഷ്ടങ്ങള്‍ കൂമ്പാരമായി കിടക്കുകയാണ്. ജനവാസ മേഖലകള്‍ വെള്ളത്തിനടിയിലാണ്. ഈ പ്രദേശങ്ങള്‍ക്കു പുറംലോകവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു. ഒരുപതിറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ കൊടുങ്കാറ്റാണിത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക