|    Jun 24 Sun, 2018 6:48 pm
FLASH NEWS

മാതൃ സ്‌നേഹം മുട്ടു മടക്കിയ ആദര്‍ശ ധീരത

Published : 20th June 2016 | Posted By: sdq

ramadanമാതാപിതാക്കളോടുളള കടമയെയും അവരെ അനുസരിക്കേണ്ടതിന്റെ ആവശ്യകതയെയും പറ്റി തുടക്കം മുതലേ ഊന്നിപ്പറയുന്ന മതമാണ് ഇസലാം. എന്നാല്‍ മാതാപിതാക്കളെ അനുസരിക്കണമെന്നു പഠിപ്പിക്കുന്ന സൃഷ്ടാവിന്റെ കല്പനകള്‍ അനുധാനവം ചെയ്യുന്നതിന് മാതാപിതാക്കള്‍ തന്നെ വിലങ്ങു തടിയായാലെന്തു ചെയ്യും?
ഇസ്‌ലാമിന്റെ ആരംഭ ഘട്ടത്തില്‍ വിശ്വാസികള്‍ നേരിട്ട ഒരു പ്രതിസന്ധിയായിരുന്നു ഇത്. പുരുഷന്‍മാരുടെ കൂട്ടത്തില്‍ മൂന്നാമനോ നാലാമനോ ആയി ഇസലാം സ്വീകരിച്ച സഅ്ദ്ബ്‌നു അബീവഖാസ്(റ) ഇത്തരത്തിലൊരു പ്രതിസന്ധി നേരിടുകയുണ്ടായി.
പ്രവാചകന്റെ മാതൃ ഗോത്രമായ ബനൂസുഹ്‌റക്കാരനാണ് സഅദ്ബ്‌നു അബീവഖാസ്. അദ്ദേഹത്തിന്റെ പിതാമഹന്‍ ഉഹൈബ്ബ്‌നു മനാഫ് പ്രവാചകന്റെ ഉമ്മ ആമിനയുടെ പിതൃവ്യനാണ്. അതുകൊണ്ടു തന്നെ പ്രവാചകന്‍ തന്റെ അമ്മാവന്‍ എന്നാണ് സഅദിനെ വിശേഷിപ്പിച്ചിരുന്നത്.
സഅദ്ബ്‌നു അബീവഖാസിന്റെ പതിനേഴാമത്തെ വയസിലാണ് മുഹമ്മദ് നബി(സ) പ്രവാചകനായി നിയുക്തനാകുന്നത്. നുബുവത്തിന്റെ ഏഴാം നാള്‍ അദ്ദേഹം മുസലിമായി. ഇസലാമാശ്‌ളേഷണത്തിന്റെ മൂന്നു ദിവസം മുമ്പ് സഅദിനുണ്ടായ സ്വപ്‌ന ദര്‍ശനമാണ് അദ്ദേഹത്തെ മുസലിമാക്കിയത്. താന്‍ ഒന്നിനു മുകളില്‍ മറെറാന്ന് എന്ന നിലയിലുളള കൂരിരുട്ടില്‍ അകപ്പെട്ടതായും അന്ധകാരത്തിന്റെ അടിത്തട്ടിലേക്കു ആഴ്ന്നു പോകുന്നതായും സഅദ് കണ്ടു. എന്നാല്‍ തപ്പിതടഞ്ഞു നടന്നപ്പോള്‍ പ്രഭാപൂരിതമായ പൂര്‍ണ ചന്ദ്രന്‍ പ്രകാശം ചൊരിഞ്ഞു നില്‍ക്കുന്നത് കാണ്‍മാനായി. അങ്ങനെ പൗര്‍ണമിയുടെ നിലാവില്‍ മുന്നോട്ടു നീങ്ങിയപ്പോള്‍ തനിക്കു മുന്നിലായി ഒരു ചെറു സംഘം നടക്കുന്നതായി സഅദ് കണ്ടു. പ്രവാചകന്റെ ദത്തു പുത്രനായിരുന്ന സൈദുബ്‌നു ഹാരിസ, അലിയ്യുബ്‌നു അബീത്വാലിബ്, അബൂബക്കര്‍ സിദ്ദീഖ് എന്നിവരായിരുന്നു അവര്‍. നിങ്ങള്‍ എപ്പോള്‍ ഇവിടെ വന്നു എന്ന് സഅദ് അവരോട് ചോദിച്ചു.ഇപ്പോള്‍ എത്തിയതേ ഉള്ളൂ എന്നവര്‍ മറുപടി നല്കി.
സ്വപ്‌ന ദര്‍ശനത്തിന്റെ ആഘാതത്തില്‍ ഞെട്ടിയുണര്‍ന്ന സഅദ് തന്റെ സ്വപ്‌നത്തെക്കുറിച്ച് ചിന്തിച്ചു. അല്ലാഹു തനിക്ക് നന്മ ഉദ്ദേശിച്ചിരിക്കുന്നുവെന്നും തന്റെ സമൂഹത്തെ മുച്ചൂടും ഗ്രസിച്ചിരിക്കുന്ന ധാര്‍മികാധപതനത്തിന്റെയും അനാചാരങ്ങളുടെയും ഘനാന്ധകാരത്തില്‍ നിന്ന് സ്വന്തത്തെയും സമൂഹത്തെയും മോചിപ്പിക്കാനുതകുന്ന പ്രകാശത്തിന്റെ വിപഌവ ജ്വാലകള്‍ എത്തിക്കഴിഞ്ഞുവെന്നുമദ്ദേഹത്തിനു തോന്നി.
ദിവസങ്ങള്‍ക്കകം അബ്ദുല്ലയുടെ മകന്‍ മുഹമ്മദ് പ്രവാചകനായി നിയുക്തനായിട്ടുണ്ടെന്നും അദ്ദേഹം അതീവ രഹസ്യമായി പ്രബോധനം ആരംഭിച്ചിണ്ടെന്നും സഅദിനു വിവരം ലഭിച്ചു. താന്‍ സ്വപ്‌നത്തില്‍ കണ്ട പ്രകാശം മുഹമ്മദീയ പ്രവാചകത്വമാണെന്നദ്ദേഹം മനസിലാക്കി. അതു മുഖേന ജനങ്ങള്‍ക്കു ബഹുദൈവത്വവും അധാര്‍മികതയുമാകുന്ന ഇരുട്ടില്‍ നിന്നും മോചനം ലഭിക്കുമെന്നദ്ദേഹത്തിനു ബോധ്യപ്പെട്ടു.
സഅദ് നേരെ പ്രവാചകനെ തിരക്കി നടന്നു. പ്രവാചകന്‍ മക്കയിലെ ജിയാദ് താഴ്്‌വരയില്‍ നമസ്‌കാരം കഴിഞ്ഞിരിക്കുകയായിരുന്നു.സഅദ് പ്രവാചക നിര്‍ദ്ദേശാനുസരണം കലിമ ചൊല്ലി മുസലിമായി. താന്‍ കണ്ട സ്വപ്‌നം സഅദ് പ്രവാചകനോട് വിവരിച്ചു. സ്വപ്‌നത്തില്‍ കണ്ടവരെല്ലാം തനിക്കു മുമ്പേ ഇസലാമാകുന്ന ദൈവീക പ്രകാശത്തില്‍ പ്രവേശിച്ചു കഴിഞ്ഞതായി സഅദ് പ്രവാചകനില്‍ നിന്നു മനസിലാക്കി.
സഅദിന് ഏറെ പ്രിയങ്കരിയായിരുന്നു അദ്ദേഹത്തിന്റെ മാതാവ്.മാതാവിന്റെ തൃപ്തി നേടാന്‍ വേണ്ടത് ചെയ്യാന്‍ എപ്പോഴും ആ യുവാവ് സമയം കണ്ടെത്തിയിരുന്നു.കോമളത്തവും ചുറുചറുക്കും തുളുമ്പുന്ന സഅദിനെ മാതാവിനും ജീവനായിരുന്നു.
എന്നാല്‍ സഅദ് തന്റെയും പൂര്‍വികരുടെയും മതം വെടിഞ്ഞു ഇസലാം സ്വീകരിച്ചിരിക്കുന്നു എന്നു കേട്ടതോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു.സഅദ് ഇസലാം ഉപേക്ഷിച്ച് പാരമ്പര്യ മതത്തിലേക്കു തിരിച്ചു വരുന്നതു വരെ താന്‍ അന്നപായീങ്ങളുപേക്ഷിക്കുമെന്ന് ആ മാതാവ് പ്രതിജ്ഞ ചെയ്തു. ഉമ്മയെ പിന്തിരിപ്പിക്കാന്‍ സഅദ് ആവത് ശ്രമിച്ചു നോക്കി. അവര്‍ പിന്‍മാറിയില്ലെന്നു മാത്രമല്ല താന്‍ നിരാഹാരമിരുന്നു മരിച്ചാല്‍ ജനം സഅദിനെ ദുഷിക്കുമെന്നും അതു കേട്ടു കുറ്റ ബോധത്താല്‍ നീറി നീറി സഅദ് കഴിയേണ്ടി വരുമെന്നും പറഞ്ഞു അവര്‍ പട്ടിണി കിടക്കാനാരംഭിച്ചു. ഉമ്മയുടെ ആരോഗ്യം നാള്‍ക്കു നാള്‍ മോശമായി വരികയാണ്. ശരീരം ശുഷ്‌കിച്ചു. സഅദ് ഭക്ഷ്യ വസ്തുക്കളുമായി ചെന്ന് പല പ്രാവശ്യം അനുരജ്ഞനത്തിന് ശ്രമിച്ചെങ്കിലും അവര്‍ തന്റെ നിലപാടില്‍ നിന്നു മാറാന്‍ തയ്യാറായില്ല. ഒടുവില്‍ സഅദ് ഉമ്മയോട് തീര്‍ത്തു പറഞ്ഞു.’ഉമ്മാ എനിക്ക് നിങ്ങള്‍ വളരെ പ്രിയപ്പെട്ടവരാണ്. എന്നാല്‍ അല്ലാഹുവും അവന്റെ ദൂതനും അതിനേക്കാള്‍ പതിന്‍മടങ്ങ് പ്രിയപ്പെട്ടവരാണ്. അതിനാല്‍ അല്ലാഹു സത്യം നിങ്ങള്‍ക്ക് ആയിരം ആത്മാവുണ്ടാവുകയും അവയോരോന്നും ആഹുതി നടത്തിയാലും ഞാന്‍ എന്റെ ഈ മാര്‍ഗമുപേക്ഷിക്കുകയില്ല.
മകന്റെ നിശ്ചയ ദാര്‍ഢ്യം ബോധ്യം വന്ന മാതാവ് തന്റെ സമരം അവസാനിപ്പിക്കേണ്ടി വന്നു.ഈ പശ്ചാത്തലം മുന്‍നിറുത്തി ഖുര്‍ആന്‍ വചനങ്ങള്‍ അവതീര്‍ണമായി .
‘മനുഷ്യനു തന്റെ മാതാപിതാക്കളുടെ കാര്യത്തില്‍ നാം അനുശാസനം നല്‍കിയിരിക്കുന്നു.-പ്രയാസത്തിനു മേല്‍ പ്രയാസം സഹിച്ചു കൊണ്ടാണ് മാതാവ് അവനെ ഗര്‍ഭം ചുമന്നു നടന്നത്.അവന്റെ മുലകുടി നിര്‍ത്തുന്നതാകട്ടെ രണ്ടു വര്‍ഷം കൊണ്ടുമാണ്.(അതു കൊണ്ട് അവനെ നാം ഉപദേശിച്ചു) എന്നോട് നന്ദിയുളളവനായിരിക്കുക,നിന്റെ മാതാപിതാക്കളോടും. നിനക്ക് എന്നിലേക്കു തന്നെ മടങ്ങേണ്ടതുണ്ട്. എന്നാല്‍ അവര്‍ നിനക്കറില്ലാത്ത വല്ലതിനെയും എന്റെ പങ്കാളിയാക്കാന്‍ നിര്‍ബന്ധിച്ചാല്‍ അതിനു നീ വഴങ്ങിപ്പോകരുത്. എന്നാല്‍ ഇഹലോകത്ത് അവരുടെ കൂടെ നല്ല നിലയില്‍ വര്‍ത്തിക്കേണം. പക്ഷേ നീ പിന്തുടരേണ്ടത് എന്നിലേക്ക് മടങ്ങിയവന്റെ മാര്‍ഗമത്രെ. ഒടുവില്‍ എന്നിലേക്കു തന്നെയാണല്ലോ എല്ലാവരും തിരിച്ചെത്തേണ്ടത്. നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നത് എന്തായിരുന്നുവെന്ന് അപ്പോള്‍ നാം നിങ്ങള്‍ക്ക് പറഞ്ഞു തരും.
( വി.ഖുര്‍ആന്‍ അധ്യായം 31. സൂറ ലുഖ്മാന്‍ 14-15)

മുന്‍ ലക്കങ്ങള്‍ താഴെ വായിക്കാം…

ഖുറൈശി പ്രമാണിമാരേക്കാള്‍ പ്രാമുഖ്യം വിശ്വാസിയായ അന്ധന്

അബൂലഹബിന്റെ ധിക്കാരത്തിനേറ്റ പ്രഹരം

ആദര്‍ശത്തില്‍ വിട്ടു വീഴ്ചയില്ല

പരസ്യ പ്രബോധനത്തിന്റെ അലയൊലികള്‍

ഗുഹാ മുഖത്തവതരിച്ച ജ്ഞാനോദയം

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss