|    May 23 Tue, 2017 4:13 pm
FLASH NEWS

മാതൃഭൂമി മുന്‍ പത്രാധിപര്‍ കെ കെ ശ്രീധരന്‍ നായര്‍ അന്തരിച്ചു

Published : 23rd August 2016 | Posted By: SMR

കൊച്ചി: മാതൃഭൂമി മുന്‍ പത്രാധിപരും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ കെ കെ ശ്രീധരന്‍ നായര്‍(86) അന്തരിച്ചു.  എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ വൈകീട്ട് ഏഴുമണിയോടെയായിരുന്നു മരണം.
എളമക്കര പെരുമ്പോട്ട റോഡിലെ പാര്‍വതി അപ്പാര്‍ട്ട്‌മെന്റില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഇടപ്പള്ളി ശ്മശാനത്തില്‍ സംസ്‌കരിക്കും. 63 വര്‍ഷമായി മാതൃഭൂമിയുടെ ഭാഗമായ ശ്രീധരന്‍ നായര്‍ ദീര്‍ഘനാള്‍ മാതൃഭൂമി ആനുകാലികങ്ങളുടെ പത്രാധിപരായും പ്രവര്‍ത്തിച്ചു. 1930 ആഗസ്ത് 10ന് പെരുമ്പാവൂരിനടുത്ത് വേങ്ങൂരില്‍ ആക്കപിള്ളില്‍ രാമന്‍ പിള്ളയുടെയും കല്ലേലില്‍ പാറുക്കുട്ടി അമ്മയുടെയും മകനായി ജനിച്ചു. ആലുവ യുസി കോളജില്‍ നിന്ന് ഇന്റര്‍മീഡിയറ്റും എറണാകുളം മഹാരാജാസ് കോളജില്‍ നിന്ന് ബിഎയും നാഗ്പൂര്‍ യൂനിവേഴ്‌സിറ്റിക്ക് കീഴിലെ ഹിസ്ലോപ്പ് കോളജില്‍ നിന്ന് ജേണലിസം ഡിപ്ലോമയും പാസായി. 1953ല്‍ സബ് എഡിറ്ററായാണ് മാതൃഭൂമിയിലെത്തുന്നത്. മലയാള പത്രത്തില്‍ ബിരുദാനന്തര ജേര്‍ണലിസം ഡിപ്ലോമയോടെ ജോലിയില്‍ പ്രവേശിച്ച ആദ്യവ്യക്തിയാണ് ശ്രീധരന്‍ നായര്‍.
2000 മുതല്‍ 2014 വരെ മാതൃഭൂമിയുടെ ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായി സേവനം ചെയ്തു. ദീര്‍ഘനാള്‍ കോഴിക്കോടായിരുന്ന ശ്രീധരന്‍ നായര്‍ മൂന്ന് വര്‍ഷത്തോളമായി കൊച്ചിയിലാണ് താമസിച്ചിരുന്നത്. പത്രപ്രവര്‍ത്തന രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള കേളപ്പജി സ്മാരക പുരസ്‌കാരമടക്കം നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.
മാതൃഭൂമി പത്രാധിപസമിതി അംഗമായിരുന്ന പരേതയായ പത്മിനി എസ് നായരാണ് ഭാര്യ. മക്കള്‍: ഇന്ദിര എസ് നായര്‍, എസ് അജിത്കുമാര്‍(ഫ്യുജിടെക്‌നിക്കല്‍ സര്‍വീസസ്). മരുമക്കള്‍: ഡോ. പി രമേഷ് നായര്‍ (റിട്ട. നേവി),സരോജം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day