|    Nov 16 Fri, 2018 11:21 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

മാതൃഭൂമിയില്‍ വീണ്ടും രാജി

Published : 8th November 2018 | Posted By: kasim kzm

മലപ്പുറം: മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപസ്ഥാനത്തുനിന്ന് കമല്‍റാം സജീവിനെ മാറ്റിയതുമായി ബന്ധപ്പെട്ട് മാതൃഭൂമിയില്‍ വീണ്ടും രാജി. സംഘപരിവാര ഭീഷണിയെ തുടര്‍ന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ചുമതലയില്‍ നിന്ന് കമല്‍റാം സജീവിനെ മാറ്റിയതിനു പിന്നാലെയാണ് മാധ്യമപ്രവര്‍ത്തകയും മാതൃഭൂമിയില്‍ കോപ്പി എഡിറ്ററുമായ മനില സി മോഹന്‍ രാജിവച്ചത്. ഹിന്ദുത്വ രാഷ്ട്രീയം കേരളത്തിലെ മാധ്യമസ്ഥാപനങ്ങളില്‍ പിടിമുറുക്കുന്ന കാലത്ത് മാതൃഭൂമി മാനേജ്‌മെന്റ് സംഘപരിവാര രാഷ്ട്രീയത്തിനു വഴങ്ങുകയാണെന്നു പറഞ്ഞാണ് മനില രാജിവച്ചത്.
രണ്ടാഴ്ച മുമ്പാണ് ഒരു വ്യാഴവട്ടത്തിലേറെയായി ആഴ്ചപ്പതിപ്പിന്റെ ചുമതല വഹിച്ചിരുന്ന കമല്‍റാം സജീവിനെ സ്ഥാനത്തുനിന്നു മാറ്റിയത്. പകരം സംഘപരിവാരത്തിനു സ്വീകാര്യനായ സാഹിത്യകാരന്‍ സുഭാഷ് ചന്ദ്രനെയാണ് നിയമിച്ചിരിക്കുന്നത്. തീവ്രഹിന്ദുത്വ രാഷ്ട്രീയത്തിനെതിരേ നിലപാട് എടുക്കുന്നതിന്റെ പേരില്‍ വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ മാതൃഭൂമിക്കകത്ത് ഒരു വിഭാഗം കമല്‍റാം സജീവിനെ സ്ഥാനഭ്രഷ്ടനാക്കുന്നതിനു വേണ്ടി ചരടുവലികള്‍ തുടങ്ങിയിരുന്നു. ഇതിന്റെ അണുരണനമെന്നോണമാണ് മീശ നോവല്‍ വിവാദം ഉയര്‍ന്നത്.
ഹരീഷിന്റെ ഈ നോവല്‍ ക്ഷേത്രദര്‍ശനം നടത്തുന്ന ഹൈന്ദവ വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ച് ആഴ്ചപ്പതിപ്പിനെതിരേ ഹിന്ദുത്വവാദികളും എന്‍എസ്എസ് ഉള്‍പ്പെടെയുള്ള വിഭാഗവും സജീവമായി രംഗത്തുവന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് അദ്ദേഹം നീക്കം ചെയ്യപ്പെട്ടതെന്നാണ് സൂചന.
കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ കമല്‍റാം സജീവ് മാതൃഭൂമിയില്‍ നിന്നു താന്‍ രാജിവച്ചതായി പോസ്റ്റിട്ടിരുന്നു. ഇതിലും സംഘപരിവാരത്തിനെതിരായ നിലപാട് അദ്ദേഹം ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. കക്ഷിരാഷ്ട്രീയത്തിനപ്പുറം ഉയര്‍ന്ന ജനാധിപത്യബോധവും ഉറച്ച രാഷ്ട്രീയ നിലപാടുമുള്ള കമല്‍റാം സജീവിനെതിരായ മാതൃഭൂമിയുടെ നീക്കങ്ങള്‍ സാഹിത്യകാരന്മാര്‍ക്കിടയിലും കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തിയിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ വരുന്ന അഭിപ്രായങ്ങള്‍ ഇതിനു തെളിവാണ്. ഇത്രയും കാലം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കോളങ്ങള്‍ കൈകാര്യം ചെയ്യുകയും രചനകള്‍ നടത്തുകയും ചെയ്തിരുന്ന വലിയൊരു വിഭാഗം ഇനി തങ്ങള്‍ അതിനില്ലെന്ന് പുതിയ പത്രാധിപരെ അറിയിച്ചതായി സൂചനയുണ്ട്. പല ജീവനക്കാരും രാജിവച്ചതായും വരുംനാളുകളില്‍ രാജിവയ്ക്കാന്‍ ആലോചിക്കുന്നതായും അറിയുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss