|    Jan 20 Fri, 2017 5:29 pm
FLASH NEWS

മാതൃഭൂമിക്ക് തകരാറു പറ്റുന്നത് എവിടെ?

Published : 18th March 2016 | Posted By: G.A.G

Slug-PAMമാതൃഭൂമി ദിനപത്രത്തില്‍ ട്രെയിനിയും പിന്നീട് പ്രബേഷനലുമായി സബ് എഡിറ്ററായി ജോലി ചെയ്ത കാലം. ന്യൂസ് എഡിറ്ററായിരുന്ന വേണുക്കുറുപ്പ് പറഞ്ഞ ഒരു അനുഭവം ഓര്‍ക്കുന്നു. കോഴിക്കോടും കൊച്ചിയിലും മാത്രം പ്രസിദ്ധീകരിച്ചിരുന്ന മാതൃഭൂമി തിരുവനന്തപുരം എഡിഷന്‍ തുടങ്ങുന്ന സമയം. എല്ലാ വിഭാഗം വായനക്കാരെയും തൃപ്തിപ്പെടുത്താനായി ഹൈന്ദവ, ക്രൈസ്തവ, ഇസ്‌ലാം മതങ്ങളുമായി ബന്ധപ്പെട്ട ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി പ്രത്യേക പതിപ്പ് തയ്യാറാക്കി. നല്ല തുടക്കം എന്ന സമാധാനത്തിലും പ്രതീക്ഷയിലുമായിരുന്നു. പത്രം പുറത്തിറങ്ങിയതോടെ ഓഫിസിലെ ലാന്‍ഡ് ഫോണിലേക്ക് വിളികളുടെ പ്രവാഹമായി. ചില മുസ്‌ലിംകള്‍ പ്രകോപിതരാണെന്നു മനസ്സിലായി. എന്താണു കുഴപ്പമെന്നു മനസ്സിലായില്ല. രോഷാകുലരായി പ്രകടനം വന്നു. പിന്നീടാണു മനസ്സിലായത്. സ ഇല്ലാത്തതായിരുന്നു പ്രശ്‌നം. കാര്യം എനിക്കു മനസ്സിലായെങ്കിലും കൂടെയിരുന്ന സുഹൃത്തുക്കള്‍ മുഖത്തോട് മുഖം നോക്കി. സ ഇല്ലാത്തതോ? മുഹമ്മദ് നബിയുടെ പേര് പ്രയോഗിക്കുമ്പോള്‍ അവസാനം (സ) എന്നു ചേര്‍ക്കാറുണ്ട്. തിരുമേനിക്ക് ദൈവിക അനുഗ്രഹങ്ങളും സമാധാനവും ഉണ്ടാവട്ടെ എന്നതിന്റെ അറബി പദം സല്ലല്ലാഹു അലൈഹി വസല്ലം എന്ന വാചകത്തിന്റെ ചുരുക്കം. ഈ (സ) വിട്ടുപോയതായിരുന്നു ചില വിശ്വാസികള്‍ക്ക് പ്രശ്‌നമായത്. മൂന്നു ദശകത്തിലേറെ കടന്നുപോയിട്ടും മാതൃഭൂമി പഴയ അവസ്ഥയില്‍നിന്ന് ഒട്ടും മുന്നോട്ടുപോയിട്ടില്ലെന്നു തന്നെയാണു കരുതേണ്ടത്.
ഈ സംഭവത്തിനും ദശകങ്ങള്‍ക്കു മുമ്പത്തെ ഒരു കഥയുണ്ട്. വേദിയും അധ്യക്ഷനും ഉദ്ഘാടകനും പ്രാസംഗികരുമായി അറബിഭാഷയിലെ എല്ലാ അശ്ലീലപദങ്ങളും ചേരുംപടി ചേര്‍ത്ത് ഒരു വാര്‍ത്ത മാതൃഭൂമി പ്രസിദ്ധീകരിച്ചതായി പറഞ്ഞുകേട്ടിട്ടുണ്ട്. ഇതേക്കുറിച്ച് മാതൃഭൂമി ചീഫ് റിപോര്‍ട്ടറായിരുന്ന വി പ്രഭാകരനോട് അന്വേഷിച്ചപ്പോള്‍ അദ്ദേഹം സ്ഥിരീകരിച്ചു. മുസ്‌ലിംലീഗിനെ ടാര്‍ജറ്റ് ചെയ്ത് മാതൃഭൂമിയില്‍ വാര്‍ത്തകള്‍ വരുന്ന കാലം. ഏതോ പ്രദേശത്തെ മാതൃഭൂമി ഏജന്റിന്റെ ലെറ്റര്‍ ഹെഡ് മോഷ്ടിച്ച് എഴുതിയതിനാലാണ് വാര്‍ത്ത പത്രത്തില്‍ വന്നതെന്ന് അദ്ദേഹം വിശദീകരിക്കുകയും ചെയ്തു.
1968 വരെ മലബാറില്‍ പ്രചാരത്തില്‍ ഒന്നാംസ്ഥാനത്തായിരുന്നു മാതൃഭൂമി. 1966ലാണ് മനോരമ കോഴിക്കോട് എഡിഷന്‍ ആരംഭിച്ചത്. പൊതുവെ വാര്‍ത്തകളുടെ സ്വഭാവത്തിനൊപ്പം തളി ക്ഷേത്ര പ്രശ്‌നത്തില്‍ സ്വീകരിച്ച നിലപാട് മുസ്‌ലിം സമൂഹത്തെ മാതൃഭൂമിയില്‍നിന്ന് അകറ്റി. മറുവശത്ത് ചന്ദ്രികയില്‍ പത്രപ്രവര്‍ത്തകരായിരുന്ന കെ അബൂബക്കര്‍ (അബു), കെ ഉബൈദുല്ല, പുത്തൂര്‍ മുഹമ്മദ് തുടങ്ങിയവരെ റിക്രൂട്ട് ചെയ്ത തുടക്കം മനോരമയെ ഒന്നാംനിരയിലേക്കു നയിച്ചു. മലബാറിലെ പ്രബല മതവിഭാഗത്തെ മനസ്സിലാക്കുന്നതിനോ, അവരുടെ പ്രാതിനിധ്യം ഉള്‍ക്കൊള്ളുന്നതിനോ ഒരുകാലത്തും മാതൃഭൂമിയില്‍ ആത്മാര്‍ഥമായ ശ്രമമുണ്ടായില്ല.
ജേണലിസം കോഴ്‌സ് പൂര്‍ത്തിയാക്കിയ ഉടനെ 84 ജനുവരിയിലാണ് ഞാന്‍ മാതൃഭൂമിയില്‍ ട്രെയിനിയായി ചേരുന്നത്. പൗരധ്വനി തുടങ്ങിയ പത്രങ്ങളിലെ ആദ്യകാല പത്രപ്രവര്‍ത്തകനായ വി കുഞ്ഞബ്ദുല്ല, കാര്‍ട്ടൂണിസ്റ്റ് ബി.എം ഗഫൂര്‍ എന്നിവര്‍ മാത്രമായിരുന്നു കോഴിക്കോട് ഓഫിസില്‍ മുസ്‌ലിംകള്‍. റിപോര്‍ട്ടര്‍മാരായി മേഖലയില്‍ വളരെ ചുരുക്കം ചിലര്‍ മാത്രം.
ശരീഅത്ത് വിവാദം കത്തിനില്‍ക്കുന്ന സമയം. പത്രാധിപസമിതി യോഗം വിളിച്ച് എഡിറ്റര്‍ എം ഡി നാലപ്പാട് പ്രത്യേകം പറഞ്ഞത്, നാം ഇസ്‌ലാമിനോ മുസ്‌ലിംകള്‍ക്കോ ശരീഅത്തിനോ എതിരല്ല. വിവാഹമോചിതകളുടെ പ്രശ്‌നം കാണുന്നത് തികച്ചും മനുഷ്യത്വപരമായ കാഴ്ചപ്പാടിലാണ് എന്നായിരുന്നു. ഒരുനിലയ്ക്കും മതത്തിനോ മതവിശ്വാസികള്‍ക്കോ എതിരായ ഒന്നും വരരുതെന്നും അദ്ദേഹം നിര്‍ദേശിച്ചു. പക്ഷേ, പത്രത്തില്‍ വന്നതെല്ലാം അത്തരം വാര്‍ത്തകളായിരുന്നു. ഒരുവശത്ത് ‘പുരോഗമന’ മുസ്‌ലിംപക്ഷത്തുള്ളവരുടെ ഉറ്റ ബന്ധം. മറുവശത്ത് യഥാര്‍ഥ വസ്തുതകളെക്കുറിച്ച അറിവില്ലായ്മ. അതോടൊപ്പം ചിലരുടെയെങ്കിലും ഇസ്‌ലാം വിരോധം. ഇതു മൂന്നും ചേര്‍ന്നപ്പോള്‍ മുസ്‌ലിം സമൂഹത്തിന്റെ പൊതുവികാരം മാതൃഭൂമിക്ക് എതിരായി.
എടക്കര നദീറ എന്ന യുവതിയുടെ ആത്മഹത്യ ശരീഅത്ത് വിവാദത്തിന് കൊഴുപ്പുകൂട്ടി. അതിന് തൊട്ടുപിറകെ നിലമ്പൂരിനു സമീപം വടപുറത്ത് ഒരു മുസ്‌ലിം യുവതി ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തില്‍ പ്രതിഷേധിച്ച് കഴുത്തറുത്ത് ആത്മഹത്യക്ക് ശ്രമിച്ചെന്ന് മാതൃഭൂമിയില്‍ വാര്‍ത്ത വന്നു. വിശദമായ അന്വേഷണത്തില്‍ കൊലപാതകശ്രമമാണെന്ന് സംശയമുണ്ടെന്നും ആത്മഹത്യാശ്രമമല്ലെന്നും വിവരം ലഭിച്ചു. ആത്മഹത്യാശ്രമത്തില്‍ ദുരൂഹതകളേറെ എന്ന തലക്കെട്ടില്‍ ഈ ലേഖകന്റെ വാര്‍ത്ത മാതൃഭൂമി പ്രസിദ്ധീകരിച്ചു. പത്രപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സ്വാതന്ത്ര്യം ഇഷ്ടംപോലെ ലഭിച്ചിരുന്നുവെന്ന് കാണിക്കാനാണ് ഈ ഉദാഹരണം.
കെ സി നാരായണന്‍ മാതൃഭൂമി വാരാന്തപ്പതിപ്പും പിന്നീട് ആഴ്ചപ്പതിപ്പും കൈകാര്യം ചെയ്ത നാളുകള്‍ ഏറെ പരാതികള്‍ക്ക് ഇടം നല്‍കിയില്ല. ശരീഅത്ത് വിവാദത്തില്‍ ഇ കെ അബൂബക്കര്‍ മുസ്‌ല്യാര്‍, കെ സി അബ്ദുല്ല മൗലവി, കെ പി മുഹമ്മദ് മൗലവി, ലീഗ് നേതാവ് കൊരമ്പയില്‍ അഹ്മദ് ഹാജി, അഖിലേന്ത്യാ ലീഗ് നേതാവ് ഉമര്‍ ബാഫഖി തങ്ങള്‍ എന്നിവരുമായി വാരാന്തപ്പതിപ്പിന് വേണ്ടി അഭിമുഖം നടത്തിയത് ഈ ലേഖകനാണ്.  എം എന്‍ കാരശ്ശേരി ഉമ്മമാര്‍ക്കൊരു സങ്കടഹരജി എഴുതിയതിനൊപ്പം തന്നെ ചര്‍ച്ചയില്‍ വി എ കബീര്‍ ഉള്‍പ്പെടെ പ്രഗല്ഭമതികള്‍ക്ക് മാതൃഭൂമി സ്ഥലം അനുവദിച്ചു. മാതൃഭൂമി പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ക്ക് പ്രമുഖ മതപണ്ഡിതരുടെപോലും മികച്ച പ്രതികരണങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ തയ്യാറാവാതെ നിരാകരിച്ച അനുഭവങ്ങളാണ് ഇന്ന് ഏറെ പറയാനുള്ളത്.
ഇനിയും വ്യക്തമല്ലാത്ത കാരണങ്ങളാല്‍ പ്രബേഷന്‍ അവസാനിക്കുന്ന ദിവസം എനിക്ക് ലഭിച്ചത് സേവനം അവസാനിപ്പിക്കുന്നതായുള്ള നോട്ടീസാണ്. ന്യൂസ് എഡിറ്ററായിരുന്ന വി എം ബാലചന്ദ്രന്‍ (വിംസി)യും മോഹന്‍ദാസ് രാധാകൃഷ്ണന്‍ എന്ന ഉണ്ണ്യേട്ടനും പിരിച്ചുവിടലിനെക്കുറിച്ച് തങ്ങള്‍ക്ക് അറിവില്ലെന്നാണു പറഞ്ഞത്. സ്ഥിരം തൊഴിലാളിയെ പിരിച്ചുവിടുന്നതുപോലെ മുന്‍കൂര്‍ നോട്ടീസിന് പകരം ഒരുമാസത്തെ ശമ്പളം നല്‍കിയാണ് പിരിച്ചുവിട്ടത് എന്ന് എടുത്തുപറയണം. പബ്ലിക് റിലേഷന്‍സ് മാനേജറായിരുന്ന ആര്‍ എം മനക്കലാത്ത് ഏതാനും മാസങ്ങളോളം എന്നെ വീണ്ടും മാതൃഭൂമിയില്‍ തിരിച്ചെടുക്കുന്നതിനു വേണ്ടി തീവ്രശ്രമം നടത്തിയിരുന്നു.
മാതൃഭൂമിയുടെ ചരിത്രം പറഞ്ഞ് പിറകെ കൂടുന്നതില്‍ വലിയ കഴമ്പുണ്ടെന്നു തോന്നുന്നില്ല. മാനേജ്‌മെന്റിലും ഓഹരികളിലും കാര്യമായ മാറ്റം വന്നതൊന്നും കാണാതിരുന്നുകൂടാ. ചാലപ്പുറം ഗ്യാംഗിന്റെ കാലം മാറി. അബ്ദുല്‍റഹ്മാന്‍ സാഹിബ് അല്‍ അമീന്‍ തുടങ്ങിയ പശ്ചാത്തലവും മാറി. ജൈനനായ എം പി വീരേന്ദ്രകുമാറും ഈഴവസമൂഹത്തിലംഗങ്ങളായ പി വി ചന്ദ്രനും പി വി ഗംഗാധരനും മുസ്‌ലിം വിരുദ്ധരോ വര്‍ഗീയവാദികളോ ആണെന്നു പറയാനാവില്ല. ചാലപ്പുറം ഗാംഗിന്റെ സ്വാധീനം മാതൃഭൂമിയില്‍ നിലനില്‍ക്കുന്നുവെന്ന് വാദിക്കുന്നവരുണ്ട്. രണ്ടര വര്‍ഷം മാതൃഭൂമിയില്‍ ജോലി ചെയ്ത വ്യക്തിയെന്ന നിലയില്‍ ഒരുഘട്ടത്തിലും അത്തരമൊരവസ്ഥ എനിക്ക് അനുഭവപ്പെട്ടിട്ടില്ല. പക്ഷേ, റിക്രൂട്ട്‌മെന്റുകളില്‍ മുസ്‌ലിം യുവാക്കള്‍ താല്‍പര്യമെടുക്കാതിരിക്കുകയോ തഴയപ്പെടുകയോ ചെയ്യുന്നുവെന്നതു വ്യക്തം. അതിനുമപ്പുറം മുസ്‌ലിംവിരുദ്ധ മനസ്സുള്ള പല മാധ്യമപ്രവര്‍ത്തകരും അവരുടെ താല്‍പര്യങ്ങള്‍ക്ക് മാതൃഭൂമി ദുരുപയോഗപ്പെടുത്തുന്നുവെന്നതാണു ശ്രദ്ധേയമായ കാര്യം. അതു വേണ്ട ഗൗരവത്തില്‍ കണക്കിലെടുക്കുന്നതിനോ ആവശ്യമായ ചികില്‍സാവിധി സ്വീകരിക്കുന്നതിനോ മാനേജ്‌മെന്റും ഉന്നതാധികാരികളും താല്‍പര്യമെടുത്തില്ല.
പച്ച പതാക അത് ലീഗിന്റേതായാലും ഏതെങ്കിലും ദര്‍ഗകളിലേതായാലും അപ്പടി പാക് പതാകയെന്ന് മനസ്സിലാക്കുന്നവരും ഇടയ്ക്കിടെ മലബാര്‍ തീരത്തേക്ക് പാക് കപ്പലുകള്‍ അടുപ്പിക്കുന്നവരും നല്‍കിയ ദുഷ്‌പേര് ചെറുതല്ല. ആലുവയിലെ ബാങ്ക് ഉദ്യോഗസ്ഥനായ മുസ്‌ലിമിനെ താലിബാന്‍ ആക്കിയും കുമളിയിലെ കശ്മീരി വ്യാപാരിയെ തീവ്രവാദിയാക്കിയും ലെറ്റര്‍ ബോംബ് കേസില്‍ കുറ്റാരോപിതനായ മുഹ്‌സിനെ ടാര്‍ജറ്റ് ചെയ്തും വന്ന വാര്‍ത്തകള്‍ എന്തു പത്രധര്‍മമാണു നിര്‍വഹിച്ചത്? എണ്ണിപ്പറയാന്‍ ഏറെയുണ്ട്. പുതിയ അക്കിടി അതിന്റെ തുടര്‍ച്ച മാത്രമാണ്.
എവിടെയാണു തകരാറ് പറ്റിയത്? തൃശൂര്‍ പേജില്‍ കുറിപ്പു വന്നപ്പോള്‍ തന്നെ തൃശൂര്‍ മാതൃഭൂമിയില്‍ പ്രതിഷേധം എത്തിയതാണ്. അതു മുഖവിലയ്‌ക്കെടുത്തില്ല. ആരാണ്, എന്തുകൊണ്ടാണ് അത് അവഗണിച്ചത്. ആ സമയം വേണ്ടരീതിയില്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ പുനപ്രസിദ്ധീകരണം ഒഴിവാക്കാമായിരുന്നില്ലേ? രണ്ടാംദിവസം കൂടുതല്‍ പ്രാധാന്യത്തോടെ കോഴിക്കോട് ഇതേ പരാമര്‍ശം വന്നു. പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ശക്തമായി പ്രതികരിച്ചു. ഏതാനും മണിക്കൂറുകള്‍ക്കകം പോപുലര്‍ ഫ്രണ്ടിന്റെ പ്രതിഷേധപ്രകടനം മാതൃഭൂമി കോഴിക്കോട് ഓഫിസിനു മുന്നിലെത്തി. സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തിയ മാതൃഭൂമി മാനേജ്‌മെന്റ് ഖേദം പ്രകടിപ്പിച്ചു. അത് ചാനലില്‍ സംപ്രേഷണം ചെയ്തു, പത്രത്തില്‍ ഖേദം പ്രസിദ്ധീകരിച്ചു. എസ്‌കെഎസ്എസ്എഫും പ്രകടനം നടത്തി. വിവിധ മതസംഘടനാനേതാക്കളുടെ പ്രസ്താവനകള്‍ പിറകെ വന്നു.
പ്രശ്‌നം വേണ്ട രീതിയില്‍ മാതൃഭൂമി മാനേജ്‌മെന്റ്  ഉള്‍ക്കൊണ്ടിട്ടുണ്ടോ? എവിടെയും തൊടാത്തവിധം ഖേദപ്രകടനം നടത്തി, അടുത്ത നാളില്‍ ഗള്‍ഫ് എഡിഷനില്‍ പരിഹാസ്യമായ ഒന്നാം പേജ് ചിത്രവും അടിക്കുറിപ്പും നല്‍കിയാല്‍ എല്ലാം അവസാനിപ്പിക്കാമെന്ന ധാരണയുണ്ടോ? സോഷ്യല്‍ മീഡിയയില്‍ കുറ്റം ചാരി രക്ഷപ്പെടാന്‍ പറ്റുമോ? ഏത് സോഷ്യല്‍ മീഡിയ? അതില്‍ ആര് പോസ്റ്റ് ചെയ്തു? എന്തുകൊണ്ട് അത് മറച്ചുവയ്ക്കുന്നു? സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തവര്‍ക്കെതിരേ ശക്തമായ നടപടി വേണമെന്ന് മാതൃഭൂമി പത്രാധിപര്‍ ആവശ്യപ്പെടുന്നു. നല്ലത്. പക്ഷേ, സോഷ്യല്‍ മീഡിയയിലെ അനാഥശവങ്ങള്‍ അപ്പടി സംസ്‌കരിക്കാനുള്ളതാണോ മാതൃഭൂമിയുടെ പേജ് എന്ന ചോദ്യം അവശേഷിക്കുന്നു. അതിനായി ഒരു പത്രം വേണമോ, സോഷ്യല്‍ മീഡിയ തന്നെ പോരേ?
മേധാവിയുടെ ആവശ്യമനുസരിച്ച് പേജിലേക്ക് സോഷ്യല്‍ മീഡിയയില്‍നിന്നു കമന്റുകളും പോസ്റ്റുകളും സമാഹരിച്ചത് ഏതാനും വര്‍ഷങ്ങളായി ട്രെയിനിയായി ജോലിചെയ്യുന്ന ഈയിടെ മാത്രം കരാര്‍ ജോലിക്കാരിയായി നിയമനം ലഭിച്ച പെണ്‍കുട്ടിയായിരുന്നു. എന്നാല്‍, ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനാണ് അതു സമാഹരിച്ചു നല്‍കിയത്. അദ്ദേഹത്തിന്റെ പങ്ക് എന്താണ്? കരാര്‍ ജീവനക്കാരിയില്‍ കുറ്റം ചാരി മേധാവിയെ സംരക്ഷിക്കാന്‍ ആര്‍ക്കാണു താല്‍പര്യം?
പത്രത്തിന്റെ ഉത്തരവാദപ്പെട്ട പദവിയിലിരിക്കുന്ന പ്രസ്തുത വ്യക്തി വളരെ വര്‍ഗീയവും വിഭാഗീയവുമായി സംഘപരിവാര താല്‍പര്യങ്ങള്‍ക്കനുസൃതമായി സോഷ്യല്‍ മീഡിയയില്‍ ഇടപെടുന്നതിന്റെ തെളിവുകളും കഴിഞ്ഞ ദിവസം പുറത്തുവന്നു. മാതൃഭൂമി ഒരു പൊതുപത്രമായി നിലനിര്‍ത്തുന്നതിന് ഇത്തരം ഘടകങ്ങള്‍ സഹായകമാവുമോ?
വിവിധ വീക്ഷണങ്ങള്‍ സ്വാഭാവികമായും പുലര്‍ത്തുന്നവരുണ്ടാവും. മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ തൊഴില്‍രംഗത്ത് പ്രഫഷനലിസം പുലര്‍ത്താന്‍ കഴിയുന്നുണ്ടോ എന്നതാണ് വിലയിരുത്തേണ്ടത്. മതവും ജാതിയും പരിഗണിക്കാതെ പ്രഫഷനലുകള്‍ക്ക് അവസരം നല്‍കാന്‍ മാതൃഭൂമി ഇനിയെങ്കിലും തയ്യാറാവുമോ?
സംഘപരിവാര മനസ്സുള്ളവര്‍ ആ മനസ്സുമായി മാതൃഭൂമിയെ ഉപയോഗപ്പെടുത്തിക്കൊണ്ടേ ഇരിക്കുന്നു. മാതൃഭൂമിയില്‍ സേവനം നിര്‍വഹിക്കുമ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ വര്‍ഗീയ വിഷം ചുരത്തുന്നവരെ ഇരിക്കേണ്ടിടത്ത് ഇരുത്താന്‍ മാനേജ്‌മെന്റിനു കഴിയണം.
മുന്നില്‍ പെടുന്നവനെ അപ്പാ എന്നു വിളിക്കുന്ന പത്രപ്രവര്‍ത്തനശൈലി മലയാളത്തിലുണ്ട്. അതിന്റെ മറുവശത്ത് മാതൃഭൂമിക്ക് ഒരിടം വായനക്കാരില്‍ ഉണ്ടായിരുന്നു. അടിയന്തരാവസ്ഥ പിന്‍വലിച്ചപ്പോള്‍ 1977 മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച യുഗപ്പകര്‍ച്ച, ബാബരി മസ്ജിദ് ഹിന്ദുത്വ അക്രമികള്‍ തകര്‍ത്തപ്പോള്‍ 1992 ഡിസംബറില്‍ ഈ കാടത്തം രാജ്യത്തിന്റെ ദുഃഖം തുടങ്ങിയ മുഖപ്രസംഗങ്ങള്‍ എഴുതിയ മാതൃഭൂമിക്ക് ഇടമുണ്ട്. ഈ ഇടം ഉപയോഗപ്പെടുത്തുന്നതിന് മാതൃഭൂമി മാനേജ്‌മെന്റിന് മനസ്സുണ്ടാവണം. സ്വതന്ത്രവും മതനിരപേക്ഷവുമായ ഒരു പത്രം എന്ന നിലയില്‍ മാതൃഭൂമിക്ക് നിലനില്‍ക്കാന്‍ അര്‍ഹതയുണ്ട്. ഇനിയും അവസരമുണ്ട്. ചുറ്റുപാടുകള്‍ കണ്ണുതുറന്നു കണ്ട് അതിനുള്ള ഉറച്ച തീരുമാനം വേണമെന്നു മാത്രം. മുസ്‌ലിം സമ്പന്നരുടെയും വ്യവസായപ്രമുഖരുടെയും അപദാനങ്ങള്‍ പാടുന്നതിനും അവരെ സ്വീകരിച്ച് അവരുടെ സൗമനസ്യങ്ങളും സഹായങ്ങളും നേടാനും മാതൃഭൂമി മടിച്ചുനില്‍ക്കാറില്ല. എന്നാല്‍, അവരുടെ സമുദായത്തിന് അര്‍ഹമായ പരിഗണന നല്‍കാനും കൂടി മനസ്സുണ്ടാവണം.
ബഹുഭൂരിപക്ഷം ഹൈന്ദവരും മതേതരവാദികളാണ്. ബഹുഭൂരിപക്ഷം മുസ്‌ലിംകളും അങ്ങനെ തന്നെ. മുസ്‌ലിം ഭൂരിപക്ഷ മേഖലയായ മലപ്പുറത്ത് മറ്റു നാടുകളില്‍നിന്നു കുടിയേറ്റക്കാരായെത്തി സ്ഥിരതാമസം ഉറപ്പിച്ചവര്‍ പറയും ആ നല്ല മനസ്സിന്റെ കഥകള്‍. ഈ ഒത്തൊരുമ തകര്‍ക്കാന്‍ മാതൃഭൂമി കൂട്ടുനില്‍ക്കരുത്.
ഇസ്‌ലാമിനെ വിമര്‍ശിക്കാം, മുസ്‌ലിംകളെ വിമര്‍ശിക്കാം, ദൈവത്തെ തന്നെ ചോദ്യംചെയ്യാം. ഒരു അസഹിഷ്ണുതയും അതിനോടില്ല. ശൈലിയാണ് പ്രധാനം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 674 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക