|    Nov 14 Wed, 2018 3:41 am
FLASH NEWS
Home   >  Editpage  >  Article  >  

മാതൃഭാഷയും മലയാളി സമൂഹവും

Published : 25th June 2017 | Posted By: mi.ptk

കെ   പി   നൗഷാദ് ചമ്രവട്ടം

ഭാഷ ലളിതമായ നിര്‍വചനത്തില്‍ ആശയവിനിമയത്തിനുള്ള മാധ്യമവും സംസ്‌കാരപഠനത്തിനുള്ള ഉപാധിയുമാണ്. മാതൃഭാഷ ഓരോ വ്യക്തിക്കും ഒരേസമയം വിചാരവും വികാരവുമാണ്. ഓരോ ജനസമൂഹത്തിന്റെയും ബൗദ്ധികവും ജൈവികവും സാംസ്‌കാരികവുമായ തലങ്ങളില്‍ ഭാഷയുടെ വേര് ആഴത്തില്‍ പടര്‍ന്നുകിടക്കുന്നുണ്ട്. ഭാഷയിലൂടെ ഒരു ജനതയുടെ മാനസികാവസ്ഥയെയും ജീവിതവീക്ഷണത്തെയും മാറ്റിമറിക്കാന്‍ കഴിയും. ഈ യാഥാര്‍ഥ്യം തിരിച്ചറിയാത്തവരാണ് മാതൃഭാഷയായ മലയാളത്തിന്റെ പ്രാധാന്യത്തെ കുറച്ചു കാണിക്കുന്നത്. കൊളോണിയല്‍ ഭാഷയായ ഇംഗ്ലീഷിനോടുള്ള അമിതമായ വിധേയത്വവും സ്വന്തം സംസ്‌കാരത്തോടും പൈതൃകത്തോടുമുള്ള മതിപ്പില്ലായ്മയും മലയാളത്തെ അവഗണിക്കാന്‍ കാരണമാവുന്നു. ഇക്കാരണത്താല്‍ സ്വന്തം സംസ്‌കാരവും പാരമ്പര്യവും മലയാളികള്‍ തിരിച്ചറിയാതെപോകുന്നു. വിദ്യാഭ്യാസവും ഭരണവും മറ്റു സാമൂഹിക വിനിമയങ്ങളും പൂര്‍ണമായി മലയാളത്തില്‍ നടപ്പാക്കാന്‍ കഴിയാത്ത നമ്മുടെ സംസ്ഥാനത്ത് ശരിയായ അര്‍ഥത്തില്‍ ജനാധിപത്യം അനുഭവിക്കാനാവുന്നുണ്ടോ എന്നു സംശയമാണ്. മാതൃഭാഷ വളരുകയും വികസിക്കുകയും ജനങ്ങള്‍ നെഞ്ചേറ്റുകയും ചെയ്യുമ്പോള്‍ തന്നെ ഭരണവും കോടതി നടപടിക്രമങ്ങളും മലയാളത്തില്‍ നടപ്പാക്കിയാല്‍ മാത്രമേ സാധാരണക്കാര്‍ക്ക് അവകാശങ്ങള്‍ നേടിയെടുക്കാന്‍ കഴിയുന്ന സാഹചര്യം ഉണ്ടാവൂ. അതിനുള്ള ഇച്ഛാശക്തി ഭരണകൂടത്തിനും സമൂഹത്തിനുമുണ്ടാവണം. ഒരു ജനതയ്ക്ക് തന്റെ അന്തര്‍ഗതം പൂര്‍ണമായി വെളിപ്പെടുത്താന്‍ മാതൃഭാഷ പോലെ മറ്റൊരു ഭാഷയും പ്രയോജനപ്പെടുകയില്ല. ഒരു ഭാഷയ്ക്ക് അതു സംസാരിക്കുന്ന ജനതയെ ഒന്നിച്ചുനിര്‍ത്താനുള്ള കഴിവുണ്ട്. ഈ അടിസ്ഥാനത്തിലാണ് ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ പുനസ്സംഘടിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യയില്‍ ആരംഭിച്ചത്. 1956 നവംബര്‍ ഒന്നിനാണ് ഭാഷാടിസ്ഥാനത്തില്‍ ഐക്യകേരളം പിറന്നത്. 2002 മുതല്‍ നവംബര്‍ ഒന്നിനു മലയാളദിനമായും ഒരാഴ്ചക്കാലം ഭരണഭാഷാവാരമായും ആചരിച്ചുവരുന്നുണ്ട്. 2013ലാണ് മലയാളത്തിനു ശ്രേഷ്ഠഭാഷാപദവി ലഭിച്ചത്. മാതൃഭാഷയെ സംരക്ഷിക്കാനുള്ള ഉദ്യമങ്ങള്‍ക്കു ശക്തി പകരുന്നതാണ് ഈ അംഗീകാരം. ഇതോടൊപ്പം തന്നെ മലയാളമെന്നത് ഒരു വികാരമായി ഓരോ മലയാളിയും തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്താല്‍ മാത്രമേ ഒരു ജീവല്‍ഭാഷയായി മലയാളം എന്നും നിലനില്‍ക്കുകയുള്ളൂ. ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുകയും തനിമ ചോരാതെ ഭാഷയെ ആധുനികവല്‍ക്കരിക്കാനുള്ള നടപടികള്‍ ശക്തിപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. ലിപി, പദസമ്പത്ത്, സാഹിത്യം, പ്രചാരം എന്നിവയുടെ അടിസ്ഥാനത്തില്‍ മലയാളത്തിനു ലോകഭാഷകളില്‍ 19ാം സ്ഥാനവും ഇന്ത്യന്‍ ഭാഷകളില്‍ 9ാം സ്ഥാനവും കൈവന്നിട്ടുള്ളതില്‍ മലയാളികള്‍ക്ക് അഭിമാനിക്കാം. അടുത്ത അധ്യയനവര്‍ഷം മുതല്‍ പത്താം ക്ലാസ് വരെ മലയാളം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള തീരുമാനവും, 2017 മെയ് 1 മുതല്‍ സര്‍ക്കാര്‍ ഓഫിസുകളിലും ഭരണരംഗത്തും മലയാളം നിര്‍ബന്ധമാക്കിയതും പ്രതീക്ഷ നല്‍കുന്നു. കേരളത്തിലെ എഴുത്തുകാരുടെയും ഭാഷാസ്‌നേഹികളുടെയും ഏറെ നാളത്തെ ആവശ്യങ്ങളാണ് ഇപ്പോഴെങ്കിലും യാഥാര്‍ഥ്യമാവുന്നത്. മലയാള സര്‍വകലാശാലയും മാതൃഭാഷയുടെ സംരക്ഷണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചുവരുന്നു. മുന്‍ മുഖ്യമന്ത്രി ഇ എം എസ് നമ്പൂതിരിപ്പാട് മലയാളം ഔദ്യോഗിക ഭാഷയാക്കുന്നതിനെക്കുറിച്ച് ഇപ്രകാരം അഭിപ്രായപ്പെട്ടു: ”മലയാളികളായ നമ്മുടെ മേല്‍ ഇംഗ്ലീഷും ഹിന്ദിയും നിര്‍ബന്ധമായി അടിച്ചേല്‍പിക്കുന്നതിനെ നാം എതിര്‍ക്കുന്നു. നമുക്ക് നമ്മുടെ സ്വന്തം ഭാഷയുണ്ട്. അതിലൂടെ ശാസ്ത്രീയ സാങ്കേതിക പരിശീലനം നേടാനും അതു മുഖേന ഭരണം നടത്താനുമുള്ള സൗകര്യമുണ്ടാവണം. അതോടൊപ്പം തന്നെ അഖിലേന്ത്യാ ഭാഷയെന്ന നിലയ്ക്ക് ഹിന്ദിയും ലോകഭാഷയെന്ന നിലയ്ക്ക് ഇംഗ്ലീഷും നാം പഠിക്കുന്നത് നമ്മുടെത്തന്നെ ആവശ്യവുമാണ്.” മാതൃഭാഷയായ മലയാളത്തോടൊപ്പം വൈജ്ഞാനിക ഭാഷയായ ഇംഗ്ലീഷും ത്രിഭാഷാപദ്ധതിയുടെ ഭാഗമായി ഹിന്ദിയും കേരളത്തില്‍ നടപ്പാക്കി. ഈ പൊതുധാരണയുടെ അടിസ്ഥാനത്തില്‍ ഭൂരിപക്ഷം സ്‌കൂളുകളിലും ബോധനമാധ്യമം മലയാളമായിരുന്നു. ലോകസാഹിത്യത്തിനും സംസ്‌കാരത്തിനും നേരെയുള്ള കണ്ണാടിയെന്ന നിലയില്‍ ഇംഗ്ലീഷിനെയും പരിഗണിച്ചു. എന്നാല്‍, ഈ സ്ഥിതിയില്‍ ഇന്നു വലിയ മാറ്റം വന്നിരിക്കുന്നു. ഇംഗ്ലീഷ് ഭാഷാബോധനത്തിനും ഇംഗ്ലീഷ് മാധ്യമത്തിനും അമിതപ്രാധാന്യം കൈവന്നിരിക്കുന്നു. ലോകത്തെ മറ്റു രാജ്യങ്ങളിലെയും അന്യദേശങ്ങളിലെയും ജനങ്ങളുമായി ഇടപഴകുമ്പോഴാണ് നാം കൂടുതല്‍ അറിവും സംസ്‌കാരവും നേടുന്നത്. ലോകത്താകെ 3000ഓളം ഭാഷകള്‍ നിലനില്‍ക്കുന്നുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. ലോകത്തെ മറ്റു ഭാഷകളിലെ വിജ്ഞാനം വിവര്‍ത്തനത്തിലൂടെയാണ് ഇതര ഭാഷക്കാര്‍ക്കു മനസ്സിലാക്കാന്‍ കഴിയുന്നത്. വ്യത്യസ്ത ഭാഷകളുടെയും ഭാഷാഭേദങ്ങളുടെയും നാട്ടുഭാഷകളുടെയും സംഗമഭൂമിയാണ് ഇന്ത്യ. 250ഓളം ചെറുതും വലുതുമായ ഭാഷകള്‍ ഇവിടെയുണ്ട്. 1957ല്‍ ഇഎംഎസ് മന്ത്രിസഭയുടെ കാലത്ത് ഭരണഭാഷ മലയാളമാക്കുന്ന കാര്യം പഠിച്ചു ശുപാര്‍ശ നല്‍കാന്‍ കോമാട്ടില്‍ അച്യുതമേനോന്റെ നേതൃത്വത്തില്‍ ഒരു കമ്മീഷനെ നിയമിച്ചിരുന്നു. ഏഴു വര്‍ഷത്തിനകം ഭാഷാമാറ്റം നടപ്പാക്കണമെന്നു കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. മാറിമാറിവന്ന സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ നിയമനിര്‍മാണങ്ങള്‍ നടത്തിയെങ്കിലും വേണ്ടത്ര പുരോഗതി നേടാനായില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മലയാളത്തെ ഒന്നാം ഭാഷയായി അംഗീകരിക്കണമെന്ന ഭാഷാസ്‌നേഹികളുടെ ദീര്‍ഘകാലത്തെ ആവശ്യം നടപ്പായി. മലയാള ഭാഷയുടെ പേരില്‍ ഭാഷാപിതാവിന്റെ നാമധേയത്തില്‍ തിരൂരില്‍ മലയാള സര്‍വകലാശാലയും നിലവില്‍ വന്നു. സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ക്കു വേണ്ടി പിഎസ്‌സി നടത്തുന്ന പരീക്ഷകള്‍ മലയാളത്തിലാക്കണം. സര്‍ക്കാര്‍ ജോലി ലഭിക്കുന്നതിനും മലയാളം പഠിച്ചിരിക്കണമെന്നു നിര്‍ബന്ധമാക്കണം. മലയാളത്തില്‍ ഉന്നത വിദ്യാഭ്യാസം നേടിയവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണം. കേരളത്തിന്റെ സമഗ്ര വികസനം മാതൃഭാഷയിലൂടെയാവണം. ഇങ്ങനെയാവുമ്പോഴാണ് വികസനവും നാടിന്റെ വളര്‍ച്ചയും സര്‍ഗാത്മകമാവുന്നത്. കേരളത്തിനു പുറത്തു താമസിക്കുന്നവരുടെ മക്കള്‍ക്കു മലയാളം പഠിപ്പിക്കുന്നതിനു വേണ്ടിയുള്ള മലയാളം മിഷന്‍ പ്രവര്‍ത്തനം പ്രതീക്ഷകള്‍ക്കു വക നല്‍കുന്നുണ്ട്. കേരളത്തിനു പുറത്ത് വളരുമ്പോഴും മാതൃഭാഷ പഠിക്കാനും സ്വന്തം സംസ്‌കാരത്തെക്കുറിച്ച് അറിയാനും ഇതുവഴി ഇവര്‍ക്കു സാധ്യമാവുന്നു. മാതൃഭാഷയായ മലയാളത്തില്‍ പഠിക്കുകയാണെങ്കില്‍ കുട്ടികള്‍ ചിന്തിക്കുകയും സംശയങ്ങള്‍ ചോദിക്കുകയും പാഠ്യവിഷയങ്ങളില്‍ ക്രിയാത്മകമായി ഇടപെടുകയും ചെയ്യും. കുട്ടികളുടെ കഴിവുകള്‍ മനസ്സിലാക്കി അതു വികസിപ്പിക്കുന്നതിലൂടെ സ്വയം തിരിച്ചറിയാനും സ്വന്തം കഴിവുകള്‍ക്കനുസരിച്ച് വളര്‍ന്നുവരാനും ഉതകുന്ന വിദ്യാഭ്യാസ സാഹചര്യമല്ല ഇവിടെ നിലനില്‍ക്കുന്നത്. അവരുടെ ഇഷ്ടങ്ങള്‍ തിരിച്ചറിയാനോ പരിഗണിക്കാനോ ആരും മുതിരുന്നില്ല. എല്ലാവര്‍ക്കും മക്കള്‍ എന്‍ജിനീയറും ഡോക്ടറുമാവണം. കുട്ടിക്ക് അതിനുള്ള കഴിവും താല്‍പര്യവും ഉണ്ടോ എന്നും കുട്ടിക്ക് ഇണങ്ങിയ മറ്റു പഠനമേഖലകള്‍ ഉണ്ടോ എന്നും ആരും അന്വേഷിക്കുന്നില്ല. ആഗോളവല്‍ക്കരണം, ആധുനിക സാങ്കേതികവിദ്യയുടെ വളര്‍ച്ച, കമ്പോള സംസ്‌കാരം, നഗരവല്‍ക്കരണം, പാശ്ചാത്യ ജീവിതശൈലി, ഗള്‍ഫ് സ്വാധീനം എന്നിവയൊക്കെ നമ്മുടെ സാമൂഹിക ജീവിതത്തെയും സാംസ്‌കാരിക അടരുകളെയും സാരമായി സ്വാധീനിച്ചിട്ടുണ്ട്. നമ്മുടെ പൈതൃകം, പാരമ്പര്യം, നാട്ടറിവുകള്‍, കാര്‍ഷിക സംസ്‌കൃതി എന്നിവ നഷ്ടമാവുന്ന തരത്തിലുള്ള സ്വാധീനങ്ങളും ഇടപെടലുകളും വലിയ തോതില്‍ ഉണ്ടാവുന്നുണ്ട്. ഇതിനോടൊക്കെയുള്ള ചെറുത്തുനില്‍പിന്റെ ഭാഗമായി മാത്രമേ ഭാഷകളുടെ തകര്‍ച്ചയെയും കാണാനാവൂ.           ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss