|    Oct 22 Mon, 2018 12:48 am
FLASH NEWS
Home   >  Todays Paper  >  page 12  >  

മാതാപിതാക്കളില്‍ നിന്നു വിട്ടുനില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല: ഹാദിയ

Published : 13th March 2018 | Posted By: kasim kzm

കോഴിക്കോട്: മാതാപിതാക്ക ള്‍ തനിക്കും താനവര്‍ക്കും ഒരുപാടു പ്രിയപ്പെട്ടവരാണെന്നു ഡോ. ഹാദിയ. ഇപ്പോഴും അവരില്‍ നിന്നു വിട്ടുനില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. മാതാപിതാക്കളോട് ഇങ്ങനെ പാടില്ല. ചെയ്തതു മോശമായി, അവരെ കഷ്ടപ്പെടുത്തുന്നു എന്നുള്ള അഭിപ്രായങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. എന്നാല്‍, മാതാപിതാക്കളെ ദേശവിരുദ്ധ ശക്തികള്‍ അവരുടെ രാഷ്ട്രീയ നിലപാടു വിജയിപ്പിക്കാന്‍ ഉപയോഗിക്കുകയായിരുന്നു. മാതാവ് വിഷം നല്‍കി എന്നതടക്കം തന്റെ സത്യവാങ്മൂലത്തില്‍ പറഞ്ഞ എല്ലാ കാര്യങ്ങളും സത്യമാണ്. പുറത്തുപറയേണ്ടി വന്ന പല കാര്യങ്ങളും ആര്‍ക്കെങ്കിലും വിഷമമുണ്ടാക്കിയിട്ടുണ്ടെങ്കില്‍ മാപ്പു ചോദിക്കുകയാണെന്നും ഹാദിയ കോഴിക്കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
രാഹുല്‍ ഈശ്വറിനെതിരായ സത്യവാങ്മൂലം പിന്‍വലിച്ചെന്ന പ്രചാരണം തെറ്റാണ്. ഞാന്‍ നഷ്ടപരിഹാരം ചോദിച്ചതു മാതാപിതാക്കളോടല്ല. അവരെ ആരൊക്കെയോ ഉപയോഗപ്പെടുത്തുകയായിരുന്നു. നീതിപീഠമാണ് എന്നെ ഉപദ്രവിച്ചത്. ഹൈക്കോടതിയുടെ അന്തിമവിധിയാണ് എന്നെ ആറുമാസം തടങ്കലിലാക്കിയത്. അതിനാല്‍ സര്‍ക്കാരിനോടാണു ഞാന്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. മാതാപിതാക്കളെ ഒരു വികാരമെന്ന രീതിയില്‍ കോടതി  ഉപയോഗപ്പെടുത്തുകയായിരുന്നു.
ഒരാളെ എപ്പോഴും എങ്ങനെയും ചിത്രീകരിക്കാമെന്ന സാഹചര്യമാണു നിലവിലുള്ളത്. എനിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നു പോലും പറഞ്ഞു. സുപ്രിംകോടതി വിധി വന്ന ശേഷം മാതാപിതാക്കളെ വിളിച്ചിട്ടില്ല. അവര്‍ സമാധാനത്തിലെത്തട്ടെയെന്നു കരുതി കാത്തിരിക്കുകയാണ്. അവര്‍ക്കു സത്യം മനസ്സിലാക്കാന്‍ കുറച്ച് സമയമെടുക്കും. വിവാഹം കഴിക്കാന്‍ വേണ്ടിയായിരുന്നില്ല മതംമാറ്റം. എനിക്ക് ശരിയെന്നു തോന്നുന്ന ഒരു വിശ്വാസത്തിലേക്ക് മാറുകയാണു ചെയ്തത്. ആ വിശ്വാസം അനുസരിച്ച് ജീവിച്ചില്ലെങ്കിലും നമുക്ക് ശരിയെന്നു തോന്നുന്നൊരു കാര്യം പ്രവര്‍ത്തിക്കാന്‍ പറ്റാതെവരുന്നതും നമുക്കെല്ലാവര്‍ക്കും ഒരു ബുദ്ധിമുട്ടല്ലേ. അത്തരമൊരു അവസ്ഥയിലാണ് ഞാന്‍ വിശ്വസിക്കുന്ന കാര്യം ശരിക്കും പുറംലോകത്തെ അറിയിക്കണം എന്ന് തീരുമാനിച്ചത്. അതോടനുബന്ധിച്ച് ഞാന്‍ എന്റെ വസ്ത്രധാരണ രീതി പൂര്‍ണമായും മാറ്റി. അതോടെയാണു പ്രശ്‌നങ്ങള്‍ തുടങ്ങിയത്. എല്ലാവരും ചോദിക്കുന്നു. അതിന്റെ ആവശ്യമുണ്ടോയെന്ന്. ആവശ്യമില്ലേ? നമ്മള്‍ ഇഷ്ടപ്പെട്ടു തിരഞ്ഞെടുത്തൊരു രീതിയില്‍ നമുക്ക് ജീവിക്കാന്‍ പറ്റണ്ടേ. അല്ലെങ്കില്‍ നമ്മുടെയൊക്കെ ജീവിതം എങ്ങനെയാണു പൂര്‍ണമാവുക. നിനക്കിങ്ങനെ ഡ്രസ് ചെയ്തൂടേ, ഇങ്ങനെ നടന്നൂടെ എന്നൊക്കെയാണു ചോദ്യങ്ങള്‍. ഇതൊക്കെ അവരവരുടെ ഇഷ്ടമല്ലേ. നമുക്ക് അതില്‍ അഭിപ്രായം പറയാമെന്നുണ്ടെങ്കിലും ശരിക്കും ഇതൊക്കെ അവരവരുടെ ഇഷ്ടമല്ലേ. അവരവരുടെ കാര്യം തീരുമാനിക്കുന്നത് അതാതു വ്യക്തികളല്ലേയെന്നും ഹാദിയ ചോദിച്ചു.
സിറിയയിലേക്ക് പോവുന്നുവെന്നു പറയുന്ന ഓഡിയോ റിക്കാര്‍ഡ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ടെന്നും അതിനെക്കുറിച്ച് എന്തു പറയുന്നുവെന്നും ചോദിച്ച മാധ്യമ പ്രവര്‍ത്തകനോട് ആ ഓഡിയോ കേള്‍പ്പിക്കാന്‍ ഹാദിയ ആവശ്യപ്പെട്ടു.
തടഞ്ഞുവച്ച രണ്ട് സ്വാതന്ത്ര്യങ്ങള്‍ക്കു വേണ്ടിയാണ് എനിക്കിത്രയും നാള്‍ കാത്തിരിക്കേണ്ടി വന്നത്. ഒന്നാമത്തേത് എനിക്ക് ശരിയെന്നു തോന്നിയ മതവിശ്വാസത്തില്‍ ഉറച്ചുനിന്ന് ജീവിക്കുക എന്ന അവകാശം. രണ്ടാമതായി ഞാന്‍ തിരഞ്ഞെടുത്ത ഒരു ജീവിതപങ്കാളിയോടൊത്ത് ജീവിക്കാനുള്ള അവകാശം. ഭരണഘടന അനുവദിച്ച അവകാശം ഉപയോഗിച്ചതിന്റെ പേരില്‍ രണ്ടുവര്‍ഷം പീഡിപ്പിക്കപ്പെടുന്നതും പൂട്ടിയിടപ്പെടുന്നതും കഷ്ടമല്ലേ. എന്തിന്റെ പേരിലാണു ഞാനിത്രയും ബുദ്ധിമുട്ടുകള്‍ അനുഭവിച്ചതെന്ന് എനിക്കറിയാം. ഞാനാരു തെറ്റും ചെയ്തിട്ടില്ല. എനിക്ക് ശരിയെന്നു തോന്നിയത് മാത്രമാണ്  ചെയ്തത്. പിന്നെ, നമ്മുടെ ഭരണഘടന നമുക്ക് അനുവദിച്ചു തന്നതാണ് ഇഷ്ടപ്പെട്ട മതം അനുസരിച്ച് ജീവിക്കാനും ഇഷ്ടപ്പെട്ട ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനുമുള്ള അവകാശം. എന്നാല്‍, അതിന്റെ പേരില്‍ ഒരാള്‍ രണ്ടു വര്‍ഷത്തോളമൊക്കെ പീഡിപ്പിക്കപ്പെടുന്ന, ശരിക്കും പൂട്ടിയിടപ്പെടുന്ന ഒരവസ്ഥ നമ്മുടെ ഇന്ത്യയില്‍ പാടില്ലാത്തതാണ്. ഞാനിങ്ങനെയൊക്കെ പറയേണ്ടൊരു സാഹചര്യം ഉണ്ടായത് ശരിക്കും കഷ്ടം തന്നെയാണ്. അതിന്റെയൊരു സങ്കടമാണു ഞാന്‍ പങ്കുവയ്ക്കുന്നത്. പരമോന്നത നീതിപീഠത്തില്‍ നിന്ന് എനിക്ക് സ്വാതന്ത്ര്യം കിട്ടിയിരിക്കുന്നു. എനിക്കര്‍ഹതപ്പെട്ട സ്വാതന്ത്ര്യം കിട്ടിയതില്‍ ഞാന്‍ സന്തോഷവതിയാണ്.
ആറു മാസം മുമ്പ് വീട്ടില്‍ കയറിയപ്പോഴുള്ള ഒരു ലോകമല്ല, പുറത്തിറങ്ങിയപ്പോള്‍ കണ്ടത്. എനിക്ക് അദ്്ഭുതം തോന്നിയെന്നും ഹാദിയ പറഞ്ഞു. ഞാനൊരു സാധാരണക്കാരിയാണ്. നിങ്ങള്‍ ഉദ്ദേശിക്കുന്ന രീതിയില്‍ എത്തുമോ എന്നറിയില്ല. പോരായ്മകളുണ്ടെങ്കില്‍ ക്ഷമിക്കുക. എന്ന ആമുഖത്തോടെയായിരുന്നു ഹാദിയ തുടങ്ങിയത്.
ഞാന്‍ വീട്ടുതടങ്കലിലായിരുന്നപ്പോള്‍ പുറത്ത് എനിക്കായി ആളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അറിയുമായിരുന്നില്ല. എല്ലാവരോടും നന്ദി പറയുന്നു. സാമൂഹികപ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍, സാഹിത്യ മേഖലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവര്‍,  എനിക്കു വേണ്ടി നോമ്പെടുത്തവര്‍, എനിക്കായി പ്രാര്‍ഥിച്ച കുട്ടികളും ഉമ്മമാരും എല്ലാവര്‍ക്കും നന്ദി.
സച്ചിദാനന്ദന്‍ മാഷ്, ഡോ ദേവിക, ഗോപാല്‍ മേനോന്‍, ഡോ. വര്‍ഷ ബഷീര്‍ തുടങ്ങിയവരോട് പ്രത്യേക നന്ദി അറിയിക്കുകാണ്. കുറെ ആളുകളെ ഫോണി ല്‍ വിളിച്ചു. ഇനിയും കുറെ പേരെ  വിളിക്കാനുണ്ട്. പറഞ്ഞാല്‍ തീരുന്നതല്ല, എങ്കിലും നന്ദി പറയുകയാണെന്ന് ഹാദിയ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss