|    Mar 23 Thu, 2017 8:02 am
FLASH NEWS

മാണി വിഭാഗം എന്‍ഡിഎയില്‍ ചേക്കേറാന്‍ നീക്കം തകൃതി

Published : 10th August 2016 | Posted By: SMR

പി എം അഹ്മദ്

കോട്ടയം: കെ എം മാണിക്കെതിരായ ബാര്‍ കോഴ കേസ് കോണ്‍ഗ്രസ് ഗൂഢാലോചനയുടെ സൃഷ്ടിയാണെന്ന വാദമുന്നയിച്ച് യുഡിഎഫ് വിട്ട കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം എന്‍ഡിഎയില്‍ ചേരുമെന്ന അഭ്യൂഹം ശക്തമാവുന്നു.
ജോസ് കെ മാണിയെ കേന്ദ്രമന്ത്രിയാക്കാനുള്ള മോഹം കെ എം മാണിയില്‍ ഉടലെടുത്തിട്ട് വര്‍ഷങ്ങളായി. കഴിഞ്ഞ യുപിഎ മന്ത്രിസഭയില്‍ കേന്ദ്രമന്ത്രി സ്ഥാനം ലഭിക്കുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫ് പിന്നോട്ടടിച്ചതോടെ മുന്നണിയില്‍ പ്രതീക്ഷ കൈവിട്ട മാണി ഇനി രക്ഷ ബിജെപിയാണെന്ന കണക്കുകൂട്ടലിലാണ് പുതിയ നീക്കം നടത്തുന്നതെന്നാണ് വിമര്‍ശനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും തമ്മിലുള്ള ധാരണയനുസരിച്ചാണ് മാണിയുടെ നീക്കമെന്നാണു വിലയിരുത്തല്‍.
എന്നാല്‍, കേരളാ കോണ്‍ഗ്രസ് മാണി വിഭാഗവും ബിജെപിയും തമ്മിലുള്ള ബാന്ധവം പുതിയ സംഭവമല്ല. വര്‍ഗീയതയുടെ പേരില്‍ എല്ലാ പാര്‍ട്ടികളും ബിജെപിയുമായി അകലം പാലിച്ചപ്പോള്‍ അവരുമായി രഹസ്യമായും പരസ്യമായും ബന്ധമുണ്ടാക്കി അധികാരത്തിലെത്താന്‍ ശ്രമിച്ച പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ് (എം). കേരളാ കോണ്‍ഗ്രസ് എമ്മിന്റെ പത്തനംതിട്ടയിലെ പ്രമുഖ നേതാവായ മുന്‍ സെറിഫെഡ് ചെയര്‍മാന്‍ വിക്ടര്‍ ടി തോമസ് ഒന്നര പതിറ്റാണ്ടു മുമ്പു തന്നെ ബിജെപി പിന്തുണയോടെ കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ആയി അഞ്ചുവര്‍ഷം തികച്ചു ഭരിച്ചിരുന്നു. അന്ന് ബിജെപിയുടെ യുവ വനിതാ നേതാവിനായിരുന്നു വൈസ് പ്രസിഡന്റ് സ്ഥാനം. കഴിഞ്ഞ പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ ബിജെപിയുമായുള്ള വിശാല സഹകരണത്തിന്റെ സാധ്യതകള്‍ നിരവധി മണ്ഡലങ്ങളില്‍ കെ എം മാണി പരീക്ഷിച്ചിരുന്നു. പത്തനംതിട്ട കുറ്റൂര്‍ പഞ്ചായത്ത് ഭരണം ബിജെപി നേടിയത് കേരളാ കോണ്‍ഗ്രസ് എം അംഗത്തിന്റെ പിന്തുണയോടെയാണ്. കേരളാ കോണ്‍ഗ്രസ് എം പത്തനംതിട്ട ജില്ലാ പ്രസിഡന്റും യുഡിഎഫ് ചെയര്‍മാനുമായ വിക്ടര്‍ ടി തോമസാണ് ബിജെപിയെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടിയുടെ പഞ്ചായത്ത് അംഗം ചെറിയാന്‍ സി തോമസിന് വിപ്പ് നല്‍കിയത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേ—ക്ക് ചെറിയാന്‍ സി തോമസിന് ബിജെപി പിന്തുണ നല്‍കി. കോണ്‍ഗ്രസ്സിനോടു കലഹിച്ച് കേരളാ കോണ്‍ഗ്രസ് സൗഹൃദ മല്‍സരം നടത്തിയ ഉഴവൂര്‍ പഞ്ചായത്തിലും ബിജെപി- കേരളാ കോണ്‍ഗ്രസ് സഖ്യമാണ് ഭരണസമിതി. ചിറക്കടവ് ഗ്രാമപ്പഞ്ചായത്തിലെ ആപ്പിള്‍ മുന്നണി—ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
അതേസമയം, മുന്നണിയുടെ ഭാഗമാവാന്‍ മാണി വിഭാഗത്തിനു നല്‍കിയ ഓഫറുകളില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിന് വിയോജിപ്പുള്ളതായാണു സൂചന. എസ്എന്‍ഡിപിയുടെ പാര്‍ട്ടിയായ ബിഡിജെഎസിനെ മാത്രം നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒപ്പം കൂട്ടിയത് ന്യൂനപക്ഷ, ഭൂരിപക്ഷ ഹിന്ദു സമുദായങ്ങളെ ബിജെപിയില്‍ നിന്ന് അകറ്റിയെന്നും സംസ്ഥാനത്തു ചുവടുറപ്പിക്കാന്‍ ക്രൈസ്തവ പാര്‍ട്ടികളുടെ പിന്തുണ ആവശ്യമാണെന്നും ആര്‍എസ്എസ് വിലയിരുത്തുന്നു. ഈ സാഹചര്യത്തിലാണ് മാണിയെ ഒപ്പംകൂട്ടാന്‍ ആര്‍എസ്എസ് നേതൃത്വം പദ്ധതി തയ്യാറാക്കുന്നത്.

(Visited 21 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക