|    Jul 28 Fri, 2017 10:38 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മാണി-ലീഗ് സഹകരണം: വിഎസിനും സിപിഐക്കും എതിര്‍പ്പ്

Published : 14th August 2016 | Posted By: SMR

തിരുവനന്തപുരം: യുഡിഎഫ് വിട്ട കെ എം മാണിയുടെ കേരളാ കോണ്‍ഗ്രസ് എമ്മുമായും മുസ്‌ലിം ലീഗുമായും സഹകരിക്കാനുള്ള സിപിഎമ്മിന്റെ നീക്കത്തിനെതിരേ വി എസ് അച്യുതാനന്ദനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്ത്. കെ എം മാണിയുമായി പ്രശ്‌നാധിഷ്ഠിത സഹകരണമാവാമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും മുസ്‌ലിം ലീഗുമായി അയിത്തമില്ലെന്ന ദേശാഭിമാനിയുടെയും നിലപാടുകളെ തള്ളിക്കൊണ്ടായിരുന്നു ഇരുവരുടെയും പ്രതികരണം.
അതേസമയം, സിപിഎമ്മിന്റെ സഹകരണത്തെ തള്ളിപ്പറയാത്ത കെ എം മാണിയുടെ നിലപാടും ശ്രദ്ധേയമായി. ആരോടും വിരോധമില്ലെന്നും നന്മയുള്ളിടത്ത് കേരളാ കോണ്‍ഗ്രസ്സുണ്ടാവുമെന്നുമായിരുന്നു മാണിയുടെ പ്രതികരണം. കെ എം മാണിക്കും മുസ്‌ലിം ലീഗിനുമെതിരേ രൂക്ഷമായ ഭാഷയിലാണ് വിഎസ് വിമര്‍ശനമുന്നയിച്ചത്. കെ എം മാണി ഏറ്റവും വലിയ അഴിമതിവീരനാണെന്നു കേരളം പ്രഖ്യാപിച്ചതാണെന്ന് വിഎസ് ആരോപിച്ചു. അതുപോലെ തന്നെ മുസ്‌ലിം ലീഗ് വര്‍ഗീയപാര്‍ട്ടിയാണെന്ന കാര്യവും കുപ്രസിദ്ധമാണ്. ഇത്തരം പാര്‍ട്ടികളുടെ ആശയം സിപിഎമ്മുമായി യോജിക്കില്ലെന്നും വിഎസ് പറഞ്ഞു.
മുസ്‌ലിം ലീഗിനെപ്പറ്റി പാര്‍ട്ടി മുഖപത്രത്തില്‍ വന്ന എഡിറ്റോറിയലിനെക്കുറിച്ചും കെ എം മാണിയുമായുള്ള സഹകരണത്തെക്കുറിച്ചുള്ള പാര്‍ട്ടി സെക്രട്ടറിയുടെ പ്രസ്താവനയും ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു വിഎസിന്റെ പ്രതികരണം. കെ എം മാണിയുടെ കേരളാ കോണ്‍ഗ്രസ്സിനെയും മുസ്‌ലിം ലീഗിനെയും എല്‍ഡിഎഫിലേക്കു പരോക്ഷമായി സ്വാഗതം ചെയ്യുന്ന തരത്തില്‍ ദേശാഭിമാനിയില്‍ വന്ന മുഖപ്രസംഗത്തിനെതിരേ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ശക്തമായി രംഗത്തെത്തിയിട്ടുണ്ട്.
കേരളാ കോണ്‍ഗ്രസ് (എം), മുസ്‌ലിം ലീഗ് എന്നീ പാര്‍ട്ടികളോടുള്ള സിപിഐയുടെ നിലപാടില്‍ മാറ്റമില്ല. ദേശാഭിമാനിയിലെ മുഖപ്രസംഗം അത് എഴുതിയ ആളുടെ അഭിപ്രായം മാത്രമായിരിക്കാം. ദേശാഭിമാനിയില്‍ ലേഖനമെഴുതിയ ആള്‍ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ 1986 മുതലുള്ള ലേഖനങ്ങള്‍ വായിക്കുന്നത് നല്ലതായിരിക്കും. അപ്പോള്‍ കാര്യങ്ങള്‍ മനസ്സിലാവുമെന്നും കാനം കൂട്ടിച്ചേര്‍ത്തു.
യുഡിഎഫിന്റെ ഭാഗമായി നില്‍ക്കുന്ന കക്ഷികളെ എല്‍ഡിഎഫിലേക്കു സ്വാഗതം ചെയ്തുകൊണ്ട് ശനിയാഴ്ചയാണ് ദേശാഭിമാനിയില്‍ മുഖപ്രസംഗം വന്നത്. കേരളാ കോണ്‍ഗ്രസ്സുമായുള്ള സഹകരണത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്റെ പ്രതികരണവും പാര്‍ട്ടി സെക്രട്ടറിയുടെ നിലപാടിനൊപ്പമായിരുന്നു.
കേരളാ കോണ്‍ഗ്രസ് യുഡിഎഫ് ബന്ധം ഉപേക്ഷിച്ച് സ്വതന്ത്രനിലപാടെടുത്തതോടെയാണ് മൃദുസമീപനവുമായി സിപിഎം നേതാക്കള്‍ രംഗത്തെത്തിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക