|    Mar 21 Wed, 2018 12:51 pm
Home   >  Todays Paper  >  Page 1  >  

മാണി രാജിവച്ചു

Published : 11th November 2015 | Posted By: SMR

എച്ച് സുധീര്‍

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ഹൈക്കോടതിയുടെ സുപ്രധാന വിധിയുടെ പശ്ചാത്തലത്തില്‍ കെ എം മാണി ധനമന്ത്രിസ്ഥാനം രാജിവച്ചു. മാണിക്ക് പിന്തുണ പ്രഖ്യാപിച്ച് തോമസ് ഉണ്ണിയാടന്‍ ചീഫ്‌വിപ്പ് സ്ഥാനം ഒഴിഞ്ഞു. പ്രതിപക്ഷത്തിനു പുറമേ യുഡിഎഫില്‍നിന്നും സമ്മര്‍ദ്ദം ശക്തമായതോടെയാണ് രാജിവയ്ക്കാന്‍ മാണി നിര്‍ബന്ധിതനായത്.
രാത്രി എട്ടുമണിയോടെയാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്. തുടര്‍ന്ന് ജോസഫ് എം പുതുശ്ശേരിയും റോഷി അഗസ്റ്റിനും ക്ലിഫ്ഹൗസിലെത്തി മുഖ്യമന്ത്രിക്ക് കൈമാറിയ രാജിക്കത്ത് രാത്രി വൈകി ഗവര്‍ണര്‍ സ്വീകരിച്ചു. തോമസ് ഉണ്ണിയാടന്റെ രാജി മുഖ്യമന്ത്രി സ്വീകരിച്ചിട്ടില്ല. നിയമമന്ത്രിയെന്ന നിലയില്‍ നിയമവ്യവസ്ഥയോട് ആദരവു പ്രകടിപ്പിച്ചാണ് രാജിയെന്ന് മാണി മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയുമായി ചര്‍ച്ചചെയ്താണ് തീരുമാനം. പിന്തുണ നല്‍കിയ മുഖ്യമന്ത്രിയോടും മന്ത്രിമാരോടും സ്‌നേഹം പങ്കുവയ്ക്കുന്നു. ഇനിയും കലവറയില്ലാത്ത പിന്തുണ യുഡിഎഫിന് നല്‍കുമെന്നും മാണി അറിയിച്ചു.
ഇന്നലെ രാവിലെ ഒമ്പതു മുതല്‍ മാണിയുമായി ബന്ധപ്പെട്ട രാഷ്ട്രീയചര്‍ച്ചകള്‍ക്കാണ് തലസ്ഥാനം സാക്ഷിയായത്. ക്ലിഫ്ഹൗസ് കേന്ദ്രീകരിച്ച് 14 മണിക്കൂര്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്കിടെ മാണി ചില സമ്മര്‍ദ്ദതന്ത്രങ്ങള്‍ പ്രയോഗിച്ചെങ്കിലും വീട്ടുവീഴ്ചയ്ക്ക് യുഡിഎഫ് തയ്യാറായില്ല. കോണ്‍ഗ്രസ്, മുസ്‌ലിംലീഗ്, ജെഡിയു, ആര്‍എസ്പി എന്നിവര്‍ നിലപാട് കടുപ്പിച്ചതോടെ രാജിയല്ലാതെ വഴിയില്ലെന്ന നിലയിലേക്ക് കേരളാ കോണ്‍ഗ്രസ്സും നീങ്ങി. മുന്നണിയില്‍ ഒറ്റപ്പെട്ടെന്ന് ഉറപ്പായതോടെയാണ് മാണി രാജിക്കു വഴങ്ങിയത്.
കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ ആദ്യം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. സര്‍ക്കാര്‍ താഴെ പോയാലും രാജിയില്‍നിന്നു പിന്നോട്ടില്ലെന്ന കോണ്‍ഗ്രസ് നിലപാട് അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചു. എന്നാല്‍, മാധ്യമങ്ങളോട് നിലപാടു വ്യക്തമാക്കാന്‍ സുധീരന്‍ തയ്യാറായില്ല. എല്ലാം കാത്തിരുന്നു കാണാമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പിന്നീടെത്തിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിയെ സമാന നിലപാട് അറിയിച്ചു. മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ പി എ മജീദും മന്ത്രി കുഞ്ഞാലിക്കുട്ടിയും ആര്‍എസ്പി നേതാക്കളായ എം എ അസീസ്, എന്‍ കെ പ്രേമചന്ദ്രന്‍ എന്നിവരും മുഖ്യമന്ത്രിയെ കണ്ട് രാജിയില്‍ ഉറച്ചുനില്‍ക്കുന്നതായി അറിയിച്ചു. ഇതേത്തുടര്‍ന്ന് യുഡിഎഫിന്റെ പൊതുവികാരം മാണിയെ അറിയിക്കാനും ഉഭയകക്ഷി ചര്‍ച്ചയില്‍ ധാരണയായി. രാജി ആവശ്യപ്പെടേണ്ടതില്ലെന്നും മാണി സ്വന്തം നിലയില്‍ രാജി തീരുമാനിക്കട്ടേയെന്നും തീരുമാനമുണ്ടായി. അതിനിടെ, മാണിവിഭാഗം ചില സമ്മര്‍ദ്ദതന്ത്രങ്ങള്‍ പ്രയോഗിച്ചെങ്കിലും ഫലമുണ്ടായില്ല. മാണി രാജിവച്ചാല്‍ സര്‍ക്കാരും രാജിവയ്ക്കണമെന്ന അഭിപ്രായമാണ് കേരളാ കോണ്‍ഗ്രസ് ആദ്യം ഉയര്‍ത്തിയത്. അതിനു തയ്യാറായില്ലെങ്കില്‍ മാണിക്കൊപ്പമുള്ള അഞ്ച് എംഎല്‍എമാരുടെ പിന്തുണ പിന്‍വലിച്ച് സര്‍ക്കാരിന് ഭീഷണി ഉയര്‍ത്താനും ആലോചനയുണ്ടായി. എന്നാല്‍, മാണിയുടെ ഒരു ഭീഷണിക്കും വഴങ്ങേണ്ടതില്ലെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ നിലപാട് ആവര്‍ത്തിച്ചതോടെ മാണിവിഭാഗം പിന്‍വാങ്ങി. രാജിവയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ മാണിയോട് രാജി ആവശ്യപ്പെടാനും യുഡിഎഫ് തീരുമാനിച്ചു.
തുടര്‍ന്ന് ഉച്ചയ്ക്ക് 12ന് കേരളാ കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗം ചേര്‍ന്നു. കടുത്ത ഭിന്നതയെ തുടര്‍ന്ന് തീരുമാനം വൈകി. ഇതിനിടെ രാജിവയ്ക്കണമെന്ന യുഡിഎഫ് നിലപാട് മുഖ്യമന്ത്രി ടെലിഫോണിലൂടെ മാണിയെ അറിയിച്ചു. മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ മാണി യോഗത്തില്‍ രാജിസന്നദ്ധത അറിയിച്ചു. എന്നാല്‍, പാര്‍ട്ടി ഒറ്റക്കെട്ടാണെന്ന് ഉറപ്പുവരുത്താന്‍ പി ജെ ജോസഫും തോമസ് ഉണ്ണിയാടനും പദവികള്‍ ഒഴിയണമെന്ന് മാണി ആവശ്യപ്പെട്ടതോടെ പ്രതിസന്ധി വീണ്ടും രൂക്ഷമായി.
ചീഫ്‌വിപ്പ് സ്ഥാനം ഒഴിയാന്‍ തോമസ് ഉണ്ണിയാടന്‍ തയ്യാറായെങ്കിലും രാജിവയ്ക്കാനില്ലെന്ന് പി ജെ ജോസഫ് അറിയിച്ചു. തുടര്‍ന്ന്, പി ജെ ജോസഫും അനുയായികളും അദ്ദേഹത്തിന്റെ വസതിയില്‍ യോഗം ചേര്‍ന്ന് രാജിവയ്‌ക്കേണ്ടെന്ന നിലപാടിലെത്തി. അതിനിടെ മുഖ്യമന്ത്രിയുടെ ദൂതുമായി കെ സി ജോസഫ് പി ജെ ജോസഫിന്റെ വസതിയിലെത്തി പിന്തുണ ഉറപ്പുനല്‍കി. സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തുന്ന ഒരുകാര്യവും തങ്ങളുടെ ഭാഗത്തുനിന്നുണ്ടാവില്ലെന്ന് പി ജെ ജോസഫ് വിഭാഗം കെ സി ജോസഫിനെ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss