|    Dec 13 Wed, 2017 10:27 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മാണി ബിജെപിക്കൊപ്പം പോവുന്നത് ആത്മഹത്യാപരം: കുഞ്ഞാലിക്കുട്ടി

Published : 3rd August 2016 | Posted By: SMR

കോഴിക്കോട്: കെ എം മാണി ബിജെപിക്കൊപ്പം പോയാല്‍ അത് ആത്മഹത്യാപരമായിരിക്കുമെന്ന് പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി. കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാണിക്ക് ചില പ്രശ്‌നങ്ങളുണ്ട്. അതുകൊണ്ടുമാത്രം മുന്നണി വിട്ട് ബിജെപിയുമായി സഹകരിക്കുമെന്നു കരുതുന്നില്ല.
കേരള കോണ്‍ഗ്രസ് യുഡിഎഫില്‍ ചില പ്രശ്‌നങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. അതു ഗൗരവമുള്ളതാണ്. ചരല്‍കുന്നില്‍ നടക്കുന്ന സംസ്ഥാന ക്യാംപ് കഴിയുന്നതുവരെ കാത്തിരിക്കാനാണ് യുഡിഎഫ് തീരുമാനം. ബിജെപിയിലേക്കു പോവുകയെന്നത് ചെറിയ കാര്യമല്ല. അതിന്റെ പരിണിതി എന്തായിരിക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. ഫാഷിസ്റ്റ് ശക്തികളുമായി കൂട്ടുകൂടാന്‍ കേരളാ കോണ്‍ഗ്രസ് തയ്യാറാവില്ലെന്നു തന്നെയാണ് കരുതുന്നത്. യുഡിഎഫിന്റെ കാലത്ത് എല്‍ഡിഎഫ് നടത്തിയതു പോലുള്ള സമരങ്ങള്‍ക്കു ഞങ്ങളില്ല. കാര്യങ്ങള്‍ പഠിച്ചുവരുകയാണ്. എല്‍ഡിഎഫിന് ഭരണം കിട്ടിയിട്ട് കുറച്ചേ ആയുള്ളൂ. അവരെന്താണു ചെയ്യുന്നതെന്നു നോക്കിക്കൊണ്ടിരിക്കുകയാണ്. വിഷയങ്ങളുടെ പ്രാധാന്യമനുസരിച്ചായിരിക്കും പ്രതികരിക്കുക. ഭീകരതയ്‌ക്കെതിരേ സംസാരിക്കാന്‍ പ്രവീണ്‍ തൊഗാഡിയക്ക് അവകാശമില്ല. അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത് അത്തരം പ്രവര്‍ത്തനങ്ങളാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ബാലകൃഷ്ണപ്പിള്ളയുടെ മുസ്‌ലിം- ക്രൈസ്തവ വിരുദ്ധ പ്രസംഗത്തെക്കുറിച്ചുള്ള ചോദ്യത്തിന് കെ പി എ മജീദ് പ്രതികരിക്കുമെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി.
അണ്‍എയ്ഡഡ് സ്‌കൂളുകള്‍ അനുവദിക്കുന്നതിനെ എതിര്‍ത്തു
കോഴിക്കോട്: യുഡിഎഫ് ഭരണകാലത്ത് അണ്‍എയ്ഡഡ് സ്‌കൂളുകള്‍ അനുവദിക്കുന്നതിനെ താന്‍ ശക്തമായി എതിര്‍ത്തിരുന്നെന്ന് പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി. കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂനിയന്‍ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് അധികാരത്തിലിരുന്നപ്പോള്‍ വിദ്യാഭ്യാസരംഗം പ്രശ്‌നങ്ങളില്ലാതെ മുന്നോട്ടുപോയത് സര്‍ക്കാര്‍ പ്രായോഗികമായ സമീപനങ്ങള്‍ സ്വീകരിച്ചതുകൊണ്ടാണ്. സര്‍ക്കാര്‍-എയ്ഡഡ്- അണ്‍ എയ്ഡഡ് വിഭാഗങ്ങളെ സംഘര്‍ഷമില്ലാതെ സമന്വയിപ്പിച്ച് കൊണ്ടുപോവാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് സാധിക്കണം. സംസ്ഥാനത്തെ വിദ്യാഭ്യാസരംഗത്ത് രാഷ്ട്രീയവല്‍ക്കരണം കൊണ്ടുവരാന്‍ എല്‍ഡിഎഫ് ശ്രമിച്ചാല്‍ അതിനെ എതിര്‍ക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മാറും ലോകത്തിലെ അധ്യാപകന്‍, സംഘടനയും’വിഷയത്തില്‍ പ്രഫ. എന്‍ പി ഹാഫിസ് മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. കെഎസ്ടിയു സംസ്ഥാന പ്രസിഡന്റ് സി പി ചെറിയ മുഹമ്മദ് അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക