|    Oct 21 Sun, 2018 4:29 pm
FLASH NEWS
Home   >  Kerala   >  

മാണി പോയാല്‍ ഒരു ചുക്കും സംഭവിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്

Published : 3rd August 2016 | Posted By: mi.ptk

cr-mahesh

കൊല്ലം: കെഎം മാണിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സിആര്‍ മഹേഷ്. കെഎം മാണി പോയാലും ഒരു ചുക്കും സംഭവിക്കാന്‍ പോകുന്നില്ലെന്ന് മഹേഷ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. അധികാരത്തോടുള്ള ആര്‍ത്തിയും കോഴകേസ് അന്വേഷണങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള കപട തന്ത്രവുമാണ് ഇപ്പോഴത്തെ കാട്ടിക്കൂട്ടലുകള്‍ക്ക് പിന്നിലെന്ന് മഹേഷ് കുറ്റപ്പെടുത്തി.
നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കും എന്ന് പറയുന്നവര്‍ എംഎല്‍എ സ്ഥാനത്ത് എത്തിയത് കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ ചോരനീരാക്കി ഊണും ഉറക്കവും ഇല്ലാതെ കഷ്ടപ്പെട്ടതിന്റെ ഫലമായിട്ടാണ്.ധാര്‍മികത ഉണ്ടെങ്കില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാന്‍ തുനിയാതെ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നും മഹേഷ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.
യുഡിഎഫ് വിട്ട് പോകാനുള്ള കെഎം മാണിയുടെ തീരുമാനം ചാപിള്ളയാകും എന്ന കാര്യം ഉറപ്പാണ്. അങ്ങനെ സംഭവിച്ചാല്‍ വീണ്ടും യുഡിഎഫിലേയ്ക്ക് തിരിച്ചുവരാന്‍ മാണി ശ്രമം നടത്തും. അപ്പോള്‍ രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചാല്‍ അത് കോണ്‍ഗ്രസിലെ സാധാരണ പ്രവര്‍ത്തകര്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കില്ലെന്ന് നേതൃത്വം മനസിലാക്കണമെന്നും മഹേഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
കെ.എം.മാണി പോകുന്നെങ്കില്‍ പോകട്ടെ, ഒരു ചുക്കും സംഭവിക്കാന്‍ പോകുന്നില്ല. അധികാരത്തോടുള്ള ആര്‍ത്തിയും, കോഴകേസുകളിലെ അന്വേഷണങ്ങളില്‍ നിന്നും രക്ഷനേടാനുള്ള കപട തന്ത്രവുമാണ് ഇപ്പോഴത്തെ കാട്ടികൂട്ടലുകള്‍. പ്രതിസന്ധിയില്‍ കൂടെ നില്‍ക്കാത്തവ ആര്‍ക്കാണ് ആവശ്യം. പ്രതിപക്ഷ നേതാവും, ഉമ്മന്‍ചാണ്ടി സാറും, കെ.പി.സി.സി പ്രെസിഡന്റും ഒക്കെ ഫോണില്‍ വിളിച്ചിട്ടും നിഷേധാത്മകമായ നിലപാട് കാണിക്കുന്ന വ്യക്തിയോട് ഇനിയും സന്ധി ചെയ്യേണ്ട ആവശ്യമില്ല. നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് ഉണ്ടാക്കി അവിടെ ഇരിക്കുമെന്നു കേരള കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നതില്‍ നിന്നും വരാനിരിക്കുന്ന രാഷ്ട്രീയ സാഹചര്യം നോക്കിയുള്ള അടവ് നയമാണ് അവരുടെ ഉള്ളിലെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. പ്രത്യേക ബ്ലോക്കായി ഇരിക്കും എന്ന് പറയുന്നവര്‍ ഒന്നോര്‍ക്കണം, ആ എം.എല്‍.എ സ്ഥാനം നിങ്ങളുടെ അധ്വാനം മാത്രമല്ല. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ ചോര നീരാക്കി, ഊണും, ഉറക്കവും ഇല്ലാതെ കഷ്ടപ്പെട്ടത്തിന്റെ ഫലം കൂടിയാണ്. യു.ഡി.എഫ് സംവിധാനത്തില്‍ കൂടി ജയിച്ചു വന്നവര്‍ ധാര്‍മികത ഉണ്ടെങ്കില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാന്‍ തുനിയാതെ എം.എല്‍.എ സ്ഥാനം രാജിവെക്കണം. യു.ഡി.എഫ് വിട്ട് പോകാനുള്ള കെ.എം.മാണിയുടെ തീരുമാനം ചാപിള്ള ആകും എന്ന കാര്യമുറപ്പാണ്. അങ്ങനെ വരുമ്പോള്‍ വീണ്ടും യു.ഡി.എഫിലേക്ക് തന്നെ മടങ്ങി വരാനും കെ.എം മാണി ശ്രമം നടത്തും, അപ്പോള്‍ രണ്ടു കൈയും നീട്ടി സ്വീകരിച്ചാല്‍ അത് കോണ്‍ഗ്രസിലെ സാധാരണ പ്രവര്‍ത്തകര്‍ക്ക് യാതൊരു കാരണവശാലും ഉള്‍കൊള്ളാന്‍ കഴിയില്ല എന്നത് നേതൃത്വം മനസ്സിലാക്കണം. കെ.എം.മാണി യു.ഡി.എഫ് വിട്ടാലും ഈ തിരഞ്ഞെടുപ്പില്‍ ഏറ്റ തിരിച്ചടിയേക്കാള്‍ വലുതായി ഒന്നും സംഭവിക്കാന്‍ ഇല്ല. ഇത്തരത്തില്‍ തരം താണ രാഷ്ട്രീയം കളിക്കുന്നവര്‍ക്ക് വഴങ്ങാതിരിക്കുവാനുള്ള ഇച്ഛാശക്തിയും, ആര്‍ജ്ജവവും കോണ്‍ഗ്രസ് നേതൃത്വം കാണിക്കണം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss