|    Jan 22 Sun, 2017 11:43 pm
FLASH NEWS

മാണി നിയമക്കുരുക്കില്‍

Published : 1st September 2016 | Posted By: SMR

കോട്ടയം: ബാര്‍ കോഴക്കേസിന് പിന്നാലെ കോഴി നികുതിവെട്ടിപ്പ് നടത്തിയെന്ന കേസില്‍ വിജിലന്‍സ് കെ എം മാണിക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതോടെ കേരളാ കോണ്‍ഗ്രസ്സിലും ആശയക്കുഴപ്പം. ഇതോടെ കെ എം മാണിയെ എങ്ങനെ പ്രതിരോധിക്കുമെന്നറിയാതെ കുഴയുകയാണ് പാര്‍ട്ടി നേതൃത്വം. ബാര്‍ കോഴക്കേസില്‍ കോണ്‍ഗ്രസ്സിനെതിരേ ആരോപണങ്ങളുന്നയിച്ച് മുന്നണി ബന്ധം അവസാനിപ്പിച്ച് മുഖംരക്ഷിക്കാന്‍ ശ്രമിച്ച മാണിക്ക് കോഴിക്കച്ചവടക്കാര്‍ക്കു നികുതി ഇളവ് അനുവദിച്ചതു സംബന്ധിച്ച് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചിരിക്കുന്നത് കനത്ത തിരിച്ചടിയായിരിക്കുകയാണ്.
മാണിക്കെതിരെയുള്ള വിജിലന്‍സ് അന്വേഷണം സംബന്ധിച്ച് പാര്‍ട്ടി അണികളോടും പൊതുസമൂഹത്തോടും എന്തു മറുപടി പറയുമെന്ന ആശങ്കയിലാണ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍. ഇതുവരെ നേരിടേണ്ടാത്ത നിയമപോരാട്ടങ്ങള്‍ക്കു തനിച്ച് പോരാടണമെന്ന  ഗതികേടും മാണിയെ കൂടുതല്‍ അസ്വസ്ഥനാക്കുകയാണ്.പി ജെ ജോസഫിന്റെ നിശ്ശബ്ദതയും മാണിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഒപ്പം നില്‍ക്കാനോ പ്രതിരോധിക്കാനോ യുഡിഎഫ് ഇല്ലാത്തതും കേരളാ കോണ്‍ഗ്രസ്സിന്റെ ആത്മവീര്യം ചോര്‍ത്തുന്നു. ഒറ്റയ്ക്കുനിന്ന് രാഷ്ട്രീയ പരീക്ഷണത്തിനു തയ്യാറെടുക്കുന്നതിനിടെയാണ് കെ എം മാണിക്കു കൂനിന്‍മേല്‍ കുരു പോലെ നിയമക്കുരുക്കുകള്‍ മുറുകുന്നത്.
കോണ്‍ഗ്രസ്സിന്റെ ഗൂഢാലോചനയില്‍ ഉണ്ടായതാണ് ബാര്‍ കേസെന്ന പ്രതീതി പൊതുസമൂഹത്തിലും പാര്‍ട്ടി അണികള്‍ക്കിടയിലും സൃഷ്ടിക്കാന്‍ കെ എം മാണിക്ക് ഒരു പരിധിവരെ കഴിഞ്ഞിരുന്നു. എന്നാല്‍ നികുതി തട്ടിപ്പില്‍ വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതോതെ പുതിയ അന്വേഷണത്തെ കൂടി താങ്ങാനുള്ള ശേഷി ഇല്ലാതെ മാണിയും പാര്‍ട്ടിയും ആശയക്കുഴപ്പത്തിലാണിന്ന്. തിരഞ്ഞെടുപ്പു പരാജയത്തിനു പിന്നാലെ മാണിയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ യുഡിഎഫ് ബന്ധം അവസാനിപ്പിച്ചതു വലിയ തിരിച്ചടിയാണു സൃഷ്ടിച്ചിരിക്കുന്നതെന്നാണു പാര്‍ട്ടിയിലെ ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. യുഡിഎഫ് വിട്ട കേരളാ കോണ്‍ഗ്രസ് എമ്മിനെ ഇടതുമുന്നണി സ്വാഗതംചെയ്യുമെന്ന പ്രതീക്ഷയ്ക്ക് മങ്ങലേറ്റതാണ് പാര്‍ട്ടിയുടെ ഭാവി സംബന്ധിച്ചു വലിയൊരു വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 27 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക