|    Mar 23 Thu, 2017 8:02 am
FLASH NEWS

മാണി ഗ്രൂപ്പിന്റെ മുന്നണിപ്രവേശനത്തിന് വാതില്‍ തുറന്ന് ബിജെപി

Published : 20th July 2016 | Posted By: mi.ptk

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ കെ എം മാണിയോട് തൊട്ടുകൂടായ്മയില്ലെന്നും അവര്‍ക്കായി ബിജെപി വാതില്‍ തുറന്നിട്ടിരിക്കുകയാണെന്നുമുള്ള സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ പ്രസ്താവന കേരള രാഷ്ട്രീയത്തിലെ പുതിയ ഗതിമാറ്റങ്ങള്‍ക്കുള്ള സൂചന. അടുത്തമാസം ചരല്‍ക്കുന്നില്‍ നടക്കുന്ന കേരളാ കോണ്‍ഗ്രസ് എമ്മിന്റെ രാഷ്ട്രീയ ക്യാംപില്‍ പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കാനിരിക്കെയാണ് കുമ്മനത്തിന്റെ പ്രതികരണം. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പുതന്നെ മാണി ഗ്രൂപ്പിനെ എന്‍ഡിഎയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള സമ്മര്‍ദ്ദമുണ്ടായിരുന്നു. ജോസ് കെ മാണിക്ക് കേന്ദ്രമന്ത്രി പദം വച്ചുനീട്ടിയായിരുന്നു സമ്മര്‍ദ്ദതന്ത്രം. എല്‍ഡിഎഫ് അധികാരത്തില്‍ എത്തുകയും കേന്ദ്രത്തില്‍ എന്‍ഡിഎ ഭരണം നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ബിജെപിയുമായി കൂട്ടുകൂടുന്നതാണ് രാഷ്ട്രീയ ലാഭമെന്ന വിലയിരുത്തലിലാണ് കെ എം മാണി. ബാര്‍കോഴകേസില്‍ രാജിവയ്‌ക്കേണ്ടിവന്നതിനു ശേഷം കോണ്‍ഗ്രസ് നേതൃത്വമായും ഉമ്മന്‍ചാണ്ടിയുമായും കടുത്ത നീരസത്തിലാണ് മാണി. ബാര്‍കോഴയിലെ ഗുഢാലോചനയുടെ പശ്ചാത്തലത്തില്‍ യുഡിഎഫ് വിട്ടുപോവണമെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം നിലപാട് വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് വഞ്ചിച്ചെന്നും ഇനി അവര്‍ക്കൊപ്പം തുടരേണ്ടതില്ലെന്നും കേരളാ കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലും ഭൂരിപക്ഷ അഭിപ്രായം ഉയര്‍ന്നിരുന്നു. ആവശ്യക്കാര്‍ ഇങ്ങോട്ടുവരുമെന്നും അങ്ങോട്ടുപോവേണ്ട കാര്യമില്ലെന്നും മുന്നണി മാറ്റത്തില്‍ സൂചന നല്‍കി മാണി പ്രതികരിച്ചു. ബജറ്റിന്റെ കാര്യത്തില്‍ പോലും മാണിയെ ഒറ്റപ്പെടുത്തുകയും തോമസ് ഐസക്കിനെ പിന്തുണയ്ക്കുകയും ചെയ്ത കോണ്‍ഗ്രസ് നിലപാടിനെതിരേ കടുത്ത പ്രതിഷേധവും യോഗത്തിലുയര്‍ന്നു. യോഗത്തില്‍ സംസാരിച്ച ഭൂരിപക്ഷം പേരും മുന്നണി മാറണമെന്ന ആവശ്യം ഉന്നയിച്ചെങ്കിലും അത്തരത്തിലൊരു സാഹചര്യമില്ലെന്നു പറഞ്ഞ് കെ എം മാണി ആവശ്യത്തോട് യോജിച്ചിരുന്നില്ല. യുഡിഎഫ് വിടുന്ന തരത്തിലൊരു തീരുമാനത്തിലേക്ക് പോയാല്‍ താന്‍ ഒപ്പമുണ്ടാവില്ലെന്ന് പി ജെ ജോസഫും അറിയിച്ചു. എന്‍ഡിഎ മുന്നണിയില്‍ ചേര്‍ന്നാല്‍ മാണി ഗ്രൂപ്പിലും പൊട്ടിത്തെറിയുണ്ടാവാം. കേരളത്തിലെ ക്രൈസ്തവ വിഭാഗങ്ങള്‍ക്കിടയില്‍ നുഴഞ്ഞുകയറാന്‍ കഴിയുന്നതിന്റെ രാഷ്ട്രീയനേട്ടം കൊതിച്ചാണ് കുമ്മനത്തിന്റെ നീക്കം. മാണിക്കെതിരേയുള്ള അഴിമതിയാരോപണങ്ങളെ അവഗണിച്ചാണ് ഈ നിലപാട്. നീക്കത്തിന് കേന്ദ്രനേതൃത്വത്തിന്റെയും ആര്‍എസ്എസിന്റെയും ശക്തമായ പിന്തുണയുമുണ്ട്. സംഘപരിവാര അനുകൂലികളായ ഹിന്ദുത്വസംഘടനകളെ മാത്രം പ്രതിനിധീകരിക്കുന്ന കേരളത്തിലെ എന്‍ഡിഎയിലേക്ക് മലയോര മേഖലകളില്‍ നിര്‍ണായക സ്വാധീനമുള്ള കേരളാകോണ്‍ഗ്രസിനെ ലഭിച്ചാല്‍ ദേശീയതലത്തില്‍തന്നെ എന്‍ഡിഎയ്ക്ക് ഗുണകരമാവും. ലോക്‌സഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കേരളത്തില്‍ എന്‍ഡിഎയുടെ സാമൂഹിക അടിത്തറ വിപുലീകരിക്കണമെന്ന് ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ അടുത്തിടെ കേരള സന്ദര്‍ശനത്തില്‍ പറഞ്ഞിരുന്നു. ന്യൂനപക്ഷ, ദലിത് വിഭാഗങ്ങളെ മുന്നണിയിലേക്ക് അടുപ്പിക്കാന്‍ കര്‍മപദ്ധതി തയ്യാറാക്കണമെന്നും കേരള ഘടകത്തോട് ആവശ്യപ്പെട്ടിരുന്നു.

(Visited 46 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക