|    Mar 27 Mon, 2017 11:59 am
FLASH NEWS

മാണി കുറ്റക്കാരനെന്നും അല്ലെന്നും; സുകേശന്‍ സമര്‍പ്പിച്ചത് മൂന്ന് റിപോര്‍ട്ടുകള്‍

Published : 28th August 2016 | Posted By: SMR

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന വിജിലന്‍സ് എസ്പി ആര്‍ സുകേശന്‍ പ്രത്യേക വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത് മൂന്ന് റിപോര്‍ട്ടുകള്‍. ഇതില്‍ രണ്ട് റിപോര്‍ട്ടുകള്‍ കെ എം മാണിയെ കുറ്റവിമുക്തനാക്കുന്നതും വസ്തുതാവിവരറിപോര്‍ട്ട് കെ എം മാണി കോഴവാങ്ങിയതിനു തെളിവുണ്ടെന്നുമായിരുന്നു.
മുന്‍സര്‍ക്കാരിന്റെ കാലത്ത് രാഷ്ട്രീയ സമ്മര്‍ദത്തിനു വഴങ്ങിയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ കടകവിരുദ്ധമായ റിപോര്‍ട്ടുകള്‍ സമര്‍പ്പിച്ചതെന്ന് ഇപ്പോള്‍ അതേ ഉദ്യോഗസ്ഥന്‍ കോടതിയില്‍ നല്‍കിയ ഹരജിയില്‍ നിന്നു വ്യക്തമാണ്. വിജിലന്‍സ് ആദ്യം കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ മാണിക്കെതിരേ തെളിവില്ലെന്നും അന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി നല്‍കണമെന്നുമാണ് ആവശ്യപ്പെട്ടത്. തുടര്‍ന്ന് വസ്തുതാവിവര റിപോര്‍ട്ട് കോടതി വിളിച്ചുവരുത്തി. മാണിക്കെതിരേ പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് തെളിവുണ്ടെന്നായിരുന്നു റിപോര്‍ട്ടില്‍ പറഞ്ഞിരുന്നത്. കടകവിരുദ്ധ റിപോര്‍ട്ടുകള്‍ നിലനില്‍ക്കെ കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടു.
ഇതിനിടെ വസ്തുതാവിവര റിപോര്‍ട്ടിലെ കണ്ടെത്തലുകളും ഹൈക്കോടതിയുടെ സീസര്‍ പരാമര്‍ശവും പുറത്തുവന്നതോടെ കെ എം മാണി മന്ത്രിസ്ഥാനം രാജിവച്ചു. വിമര്‍ശനങ്ങളെത്തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോള്‍ മാറിനിന്നു. അതിനുശേഷം ചുമതലയേറ്റ എന്‍ ശങ്കര്‍ റെഡ്ഡി ബാര്‍ കോഴക്കേസ് തുടരന്വേഷണത്തിനു മേല്‍നോട്ടം വഹിച്ചു. ബാര്‍ കോഴയില്‍ കടുത്ത നിലപാടെടുത്ത ജേക്കബ് തോമസിനെ ഫയര്‍ഫോഴ്‌സിലേക്ക് മാറ്റുകയും ചെയ്തു.
തുടരന്വേഷണത്തിനൊടുവില്‍ വസ്തുതാവിവരറിപോര്‍ട്ടിലെ നിലപാടുകള്‍ തിരുത്തി മാണിയെ കുറ്റവിമുക്തനാക്കുന്ന റിപോര്‍ട്ടാണ് എസ്പി സുകേശന്‍ കോടതിയില്‍ സമര്‍പ്പിച്ചത്. എസ്പി സുകേശന്‍ ബിജു രമേശുമായി ഗൂഢാലോചന നടത്തിയെന്ന ശങ്കര്‍ റെഡ്ഡിയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണവും പ്രഖ്യാപിച്ചു. ഇതോടെ വിഎസും കേസില്‍ തുടരന്വേഷണമാവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. ഒടുവില്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന സുകേശന്റെ ഹരജിയില്‍ തുടരന്വേഷണത്തിനും ഉത്തരവായി. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സമഗ്രമായ അന്വേഷണം നടത്താനാണ് ജേക്കബ് തോമസിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ തീരുമാനം.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക