|    Oct 22 Mon, 2018 11:05 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

മാണിവിഭാഗത്തിന്റെ നീക്കം അടവുനയമെന്ന് ആക്ഷേപം

Published : 3rd August 2016 | Posted By: SMR

km-mani

പി എം അഹ്മദ്

കോട്ടയം: ബാര്‍കോഴ ആരോപണത്തിന്റെ പേരില്‍ യുഡിഎഫിനോടും കോണ്‍ഗ്രസ്സിനോടും ബന്ധംമുറിച്ചു പ്രത്യേക ബ്ലോക്കാവാന്‍ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം നടത്തുന്ന നീക്കം അടവുനയമെന്ന് ആക്ഷേപം. സംസ്ഥാന നിയമസഭയില്‍ സ്വതന്ത്ര ബ്ലോക്കായിനിന്നു തങ്ങളുടെ താല്‍പര്യം സംരക്ഷിക്കാമെന്ന ലക്ഷ്യമാണ് ഈ അടവുനയത്തിനു പിന്നിലെന്നാണ് ആക്ഷേപം. ഇതുവഴി വരുന്ന അഞ്ചുവര്‍ഷം ഭരണകക്ഷിയില്‍നിന്നു പരമാവധി ആനുകുല്യങ്ങള്‍ വാങ്ങിയെടുക്കാമെന്നും ഇവര്‍ കണക്ക്കൂട്ടുന്നു.
സഭയ്ക്കു പുറത്ത് സമദൂരസിദ്ധാന്തം വഴി ഇടതുമുന്നണിയെ വെറുപ്പിക്കാതെ വ്യക്തിപരമായും രാഷ്ട്രീയമായും നേട്ടമുണ്ടാക്കാനാണ് മാണിയുടെ നീക്കമെന്നാണ് വിലയിരുത്തല്‍. അതേസമയം, മാണിയെ അനുനയിപ്പിക്കാന്‍ എന്‍എസ്എസ് നേതൃത്വം ഇടപെട്ടേക്കുമെന്നാണ് സൂചന. എന്‍എസ്എസ് നേതൃത്വത്തിന്റെ വിശ്വസ്തനായ രമേശ് ചെന്നിത്തലയുടെ ഇടപെടലുകള്‍ ബാര്‍ കോഴക്കേസില്‍ മാണിയെ പ്രതിക്കൂട്ടിലാക്കിയെന്ന കേരളാ കോണ്‍ഗ്രസ്സിന്റെ ആരോപണങ്ങള്‍ നിലനില്‍ക്കെയാണ് പ്രശ്‌നപരിഹാരത്തിനു സുകുമാരന്‍ നായരുടെ സഹായം ചെന്നിത്തല തേടിയതെന്നാണ് സൂചന. കഴിഞ്ഞദിവസം കെ എം മാണിയുമായി ഫോണില്‍ സംസാരിക്കാന്‍ ചെന്നിത്തല ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ബാര്‍കോഴ വിവാദത്തിലടക്കം കെ എം മാണിക്ക് സംരക്ഷണകവചമൊരുക്കിയ ജി സുകുമാരന്‍ നായര്‍ വരുംദിവസങ്ങളില്‍ കെ എം മാണിയുടെ പരിഭവങ്ങള്‍ കേള്‍ക്കാന്‍ മധ്യസ്ഥ റോളില്‍ എത്തുമെന്നാണ് സൂചന.
ഡല്‍ഹിയിലുള്ള ജോസ് കെ മാണിയുമായി ഫോണില്‍ സംസാരിച്ച സുകുമാരന്‍ നായര്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കരുതെന്നും എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടെന്നും അഭ്യര്‍ഥിച്ചെന്നാണ് വിവരം. കോട്ടയം കളത്തിപ്പടിയിലെ ധ്യാനകേന്ദ്രത്തിലുള്ള കെ എം മാണി നാലുദിവസത്തെ ധ്യാനം പൂര്‍ത്തിയാക്കി വ്യാഴാഴ്ച മാത്രമേ എത്തുകയുള്ളൂ. ധ്യാനം കഴിഞ്ഞെത്തുന്ന മാണിയെ ഫോണില്‍ ബന്ധപ്പെട്ട് കടുത്ത തീരുമാനങ്ങളിലേക്ക് പോവരുതെന്ന് സുകുമാരന്‍ നായര്‍ അഭ്യര്‍ഥിക്കുമെന്നും അറിയുന്നു.
ചരല്‍ക്കുന്നില്‍ ഈമാസം ആറ്, ഏഴ് തിയ്യതികളില്‍ നടക്കുന്ന കേരളാ കോണ്‍ഗ്രസ് സംസ്ഥാന ക്യാംപില്‍ നിയമസഭയില്‍ പ്രത്യേക ബ്ലോക്ക്, യുഡിഎഫുമായുള്ള ഭാവി സഖ്യം തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനം ഉണ്ടാവുമെന്ന് പാര്‍ട്ടി നേതൃത്വംതന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിന്റെ ആദ്യപടിയായി പാര്‍ട്ടി എംഎല്‍എ മാരുമായി കഴിഞ്ഞ ദിവസം മാണി ആശയവിനിമയം നടത്തിയിരുന്നു. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ ഉമ്മന്‍ചാണ്ടിയെ പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് ഫലപ്രദമായി ഒഴിവാക്കുന്നതില്‍ ഐ ഗ്രൂപ്പ് വിജയിച്ചിരുന്നു. സംസ്ഥാന കോ ണ്‍ഗ്രസ്സിലെയും യുഡിഎഫിലെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇന്ന് ഹൈക്കമാന്‍ഡ് വി എം സുധീരന്‍, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരെ ഡല്‍ഹിക്ക് വിളിപ്പിച്ചിരിക്കുകയാണ്.
ഈ സാഹചര്യത്തില്‍ കേരളാ കോണ്‍ഗ്രസ്സിനെ അനുയയിപ്പിക്കാന്‍ ഉരുത്തിരിയുന്ന ഫോര്‍മുലകളില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് സമവാക്യങ്ങളും ചേരിപ്പോരുകളും നിര്‍ണായകമാവും.
അതേസമയം, സംസ്ഥാനത്തെ കോട്ടയം, ഇടുക്കി, പത്തനംതിട്ട അടക്കമുള്ള ജില്ലാപഞ്ചായത്തുകള്‍ ഉള്‍പ്പെടെ അമ്പതോളം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ കോണ്‍ഗ്രസ്സുമായി കേരളാ കോണ്‍ഗ്രസ് ഭരണം പങ്കിടുന്നുണ്ട്. കടുത്ത തീരുമാനങ്ങളിലേക്ക് കേരളാ കോണ്‍ഗ്രസ് മുതിര്‍ന്നാല്‍ പ്രാദേശിക തലങ്ങളിലും രാഷ്ട്രീയ സമവാക്യങ്ങളില്‍ മാറ്റം വരും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss