|    Dec 16 Sun, 2018 6:28 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

മാണിയോട് വ്യക്തിപരമായ പരിഗണനയുണ്ടായിരുന്നു ; എല്‍ഡിഎഫിന്റെ വാക്ക് കേട്ടിരുന്നുവെങ്കില്‍ മാണിക്ക് ഇപ്പോഴത്തെ ഗതി വരില്ലായിരുന്നു : ജി സുധാകരന്‍

Published : 31st May 2017 | Posted By: fsq

 

നെടുങ്കണ്ടം/തിരുവനന്തപുരം: മാണിയോട് വ്യക്തിപരമായ പരിഗണന എന്നും എല്‍ഡിഎഫിനുണ്ടെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. യുഡിഎഫ് ഭരണത്തിന്റെ അവസാന ഘട്ടത്തില്‍ എല്‍ഡിഎഫ് പറഞ്ഞത് കേട്ടിരുന്നുവെങ്കില്‍ കെ എം മാണിക്ക് ഇപ്പോഴത്തെ ഗതി വരില്ലായിരുന്നു. എല്‍ഡിഎഫ് ഒരിക്കലും മാണിയെ മുന്നണിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും മന്ത്രി സുധാകരന്‍ പറഞ്ഞു. നെടുംകണ്ടത്തിന് സമീപം കല്ലാര്‍പാലം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹിജയുടെ കാര്യത്തില്‍ പോലിസ് സ്വീകരിച്ച നടപടിയില്‍ തെറ്റൊന്നുമില്ല. സമരം നടത്താനെത്തിയവര്‍ ഉച്ചത്തില്‍ അലറിക്കൊണ്ട് കുതിച്ചപ്പോള്‍, ചക്ക വെട്ടിയിട്ടപോലെ നിലത്തേക്ക് വീണപ്പോള്‍ വനിതാ പോലിസുകാര്‍ അവരെ പിടിച്ച് ഉയര്‍ത്തുക മാത്രമാണ് ചെയ്തത്. ആ സമയം പോലിസിന്റെ ഇടപെടല്‍ ഉണ്ടായില്ലായിരുന്നുവെങ്കില്‍ അവിടെ ലാത്തിച്ചാര്‍ജും വെടിവയ്പും ഉണ്ടായേനെ. മന്ത്രി പറഞ്ഞു. യുപിഎ കേന്ദ്രം ഭരിച്ചിരുന്ന കാലത്ത് പദ്ധതികള്‍ക്കായി അയക്കുന്ന കത്തിന് മറുപടിപോലും ലഭിക്കുമായിരുന്നില്ല. പൊതുമരാമത്ത് വകുപ്പിന്റേതടക്കം ഇപ്പോഴത്തെ സര്‍ക്കാര്‍ സമര്‍പ്പിക്കുന്ന വികസന പദ്ധതികളോട് കേന്ദ്രം അനുഭാവപൂര്‍ണമായ നിലപാടാണ് സ്വീകരിക്കുന്നത്.കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനങ്ങളായ സ്വഛ്ഭാരത് മിഷനും സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതിയും ആദ്യം നടപ്പാക്കിയത് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ്. എന്നാല്‍, ഇതൊന്നും കാണാതെ ചില മാധ്യമങ്ങള്‍ സര്‍ക്കാരിനെ അതിരുകടന്ന് ആക്രമിക്കുകയാണ്. മാധ്യമങ്ങള്‍ അവസരവാദ സമീപനം തുടര്‍ന്നാല്‍ വിശ്വാസ്യത നഷ്ടപ്പെടുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. വൈദ്യുതി മന്ത്രി എം എം മണി അധ്യക്ഷത വഹിച്ചു.അതേസമയം, ഇടുക്കിയിലെ കല്ലാര്‍പ്പാലം ഉദ്ഘാടനം ചെയ്യുമ്പോള്‍ മാണിയെ മുഖ്യമന്ത്രിയാക്കാമെന്നോ എല്‍ഡിഎഫ് തീരുമാനിച്ചെന്നോ വാഗ്ദാനം നല്‍കിയെന്നോ സംസാരിച്ചിട്ടില്ലെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു.  ഇത് ചില റിപോര്‍ട്ടര്‍മാരുണ്ടാക്കിയിരിക്കുന്ന കെട്ടുകഥയാണ്. 2012ല്‍ മാണി രാഷ്ട്രീയമായി നേര്‍വഴിക്ക് സഞ്ചരിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന് രാഷ്ട്രീയത്തില്‍ ഉന്നതി കിട്ടുമായിരുന്നുവെന്ന് നിയമസഭയില്‍ പ്രസംഗിച്ച കാര്യമാണ് പറഞ്ഞത്. പ്രസംഗത്തിന്റെ പൂര്‍ണ രൂപം വെളുപ്പെടുത്താന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ആളുകള്‍ പറയാത്ത കാര്യങ്ങള്‍ പറഞ്ഞ് പ്രചരിപ്പിക്കുന്നത് ദൃശ്യമാധ്യമങ്ങളുടെ വിനോദമായി മാറിയിരിക്കുകയാണെന്നും ഇത് തിരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. അതേസമയം, കെ എം മാണിയെ എല്‍ഡിഎഫിലെടുക്കാന്‍ ഒരിക്കലും ആലോചന നടന്നിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജി സുധാകരന്‍ പറഞ്ഞത് സിപിഎമ്മില്‍ നടന്ന ആലോചനയായിരിക്കും. കാര്യങ്ങള്‍ പറയുമ്പോള്‍ സത്യസന്ധത പുലര്‍ത്തണമെന്നും കാനം ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss