|    Jan 24 Tue, 2017 12:37 am

‘മാണിയെ പ്രകോപിപ്പിക്കാന്‍ യുഡിഎഫ് ഇല്ല’

Published : 14th August 2016 | Posted By: SMR

തിരുവനന്തപുരം: ഇപ്പോഴുണ്ടായ സംഭവവികാസങ്ങളുടെ പേരില്‍ കേരളാ കോണ്‍ഗ്രസ് (എം) നേതാവ് കെ എം മാണിയെ പ്രകോപിപ്പിക്കാന്‍ യുഡിഎഫില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
അവര്‍ പറഞ്ഞ കാര്യങ്ങള്‍ക്കു മറുപടി ന ല്‍കിയെന്നേയുള്ളൂ. ഇനിയുള്ള കാര്യങ്ങള്‍ കാത്തിരുന്ന് കാണാമെന്നും ചെന്നിത്തല തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇപ്പോള്‍ കെ എം മാണിയുമായി ഒരു ചര്‍ച്ചയ്ക്കു പ്രസക്തിയില്ല. കേരളാ കോണ്‍ഗ്രസ്(എം) ഒരു പാര്‍ട്ടിയാണ്. അവര്‍ ഇപ്പോള്‍ ഒരു തീരുമാനമെടുത്തിരിക്കുന്നു. ആ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നാണ് കെ എം മാണി ഇന്നലെയും പറഞ്ഞത്.
കേരളാ കോണ്‍ഗ്രസ് വിട്ടുപോവണമെന്ന് ഒരിക്കലും യുഡിഎഫ് ആഗ്രഹിച്ചിട്ടില്ല. കെ എം മാണിയെ മുന്നണിയിലേക്കു ക്ഷണിച്ചുകൊണ്ടുള്ള ദേശാഭിമാനിയുടെ മുഖപ്രസംഗവും കോടിയേരിയുടെ ലേഖനവും ചൂണ്ടിക്കാട്ടിയപ്പോള്‍, അതൊക്കെ അവരുടെ മനക്കോട്ടകള്‍ മാത്രമാണെന്നും അതിനെ ഗൗരവമായി കാണുന്നില്ലെന്നുമായിരുന്നു ചെന്നിത്തലയുടെ മറുപടി.
യുഡിഎഫില്‍നിന്ന് ഇനി ഒരുകക്ഷിയും വിട്ടുപോവുന്ന പ്രശ്‌നമില്ല. ദേശാഭിമാനിയുടെ മുഖപ്രസംഗം ഗൗരവമുള്ള കാര്യമായി കാണാത്തതുകൊണ്ടാണ് താന്‍ പ്രതികരിക്കാതിരുന്നത്. കാരണം, അതൊക്കെ സിപിഎമ്മിന്റെ വ്യാമോഹം മാത്രമാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
എവിടെ നന്മയുണ്ടോ അവിടെ കേരളാ കോണ്‍ഗ്രസ്സുണ്ട്:  മാണി
കോട്ടയം: കേരളാ കോണ്‍ഗ്രസ് എമ്മിന് ആരോടും വിരോധമില്ലെന്നും എല്ലാവരോടും സൗമ്യവും സമഭാവനയുമാണ് ഉള്ളതെന്നും പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി. കേരളാ കോണ്‍ഗ്രസ് എമ്മിനെ എല്‍ഡിഎഫിലേക്കു പരോക്ഷമായി ക്ഷണിച്ചുകൊണ്ടുള്ള ദേശാഭിമാനിയിലെ ലേഖനത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കോട്ടയത്ത് മറുപടി പറയുകയായിരുന്നു അദ്ദേഹം.
പ്രശ്‌നാധിഷ്ഠിതമായ രാഷ്ട്രീയ നിലപാടാണ് കേരളാ കോ ണ്‍ഗ്രസ്സിനുള്ളത്. എവിടെ നന്മയുണ്ടോ അവിടെ തങ്ങളുണ്ടെന്നും എടുത്ത നിലപാട് ശരിയാണെന്നു തന്നെയാണ് വിശ്വാസം. ചിന്തിക്കുന്നവര്‍ക്കു തങ്ങളുടെ നിലപാടു ശരിയാണെന്നു തോന്നും. എല്ലാവര്‍ക്കും സ്‌നേഹമാണ് ഞങ്ങളോട്. ആര്‍ക്കും വിരോധമില്ല. സൗമ്യമായി സമഭാവനയോടെയാണു പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. നല്ലൊരു തീരുമാനമാണു പാര്‍ട്ടി ഇപ്പോള്‍ എടുത്തിരിക്കുന്നതെന്നും മാണി കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് മുന്നണി വിട്ടശേഷം കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ഉന്നതാധികാര സമിതി യോഗം ഇന്ന് കോട്ടയത്തു ചേരും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക