|    Oct 23 Tue, 2018 5:40 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

മാണിയെ തിരിച്ചുകൊണ്ടുവരണം

Published : 11th May 2017 | Posted By: fsq

വരാന്‍ പോവുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 20ല്‍ 11 സീറ്റ് വരെ ലഭിക്കാവുന്ന സംസ്ഥാനമാണ് കേരളമെന്നാണ് ബിജെപി കേന്ദ്രതലത്തില്‍ നടത്തിയ സര്‍വേ അവകാശപ്പെടുന്നത്. ദേശീയ അധ്യക്ഷന്റെ വിലയിരുത്തല്‍പ്രകാരം പാര്‍ട്ടിക്ക് വിസ്മയകരമായ വളര്‍ച്ചയാണ് കേരളത്തില്‍ പ്രതീക്ഷിക്കുന്നത്. 1980ല്‍ രൂപംകൊണ്ട ബിജെപി കേരളത്തില്‍ 36 വര്‍ഷത്തിനുശേഷം അക്കൗണ്ട് തുറന്നതും 15 ശതമാനം വോട്ട് നേടിയതുമൊക്കെ വലിയ ആവേശമാണ് അവര്‍ക്കു നല്‍കിയിട്ടുള്ളത്. കണക്കുകള്‍ വച്ചുനോക്കുമ്പോള്‍ വോട്ട്‌വിഹിതം 20 ശതമാനത്തിലേക്ക് എത്തിച്ചാല്‍ ലോക്‌സഭാ സീറ്റ് നേടാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തെക്കന്‍ കേരളത്തില്‍ 18 ശതമാനം വരെ വോട്ട് നേടിയെടുക്കാന്‍ അവര്‍ക്കായിട്ടുണ്ട്. കോണ്‍ഗ്രസ്സില്‍നിന്ന് വിഘടിച്ചുപോവുന്ന ഏതു ചെറു പാര്‍ട്ടിയും ബിജെപിയുടെ 20 ശതമാനത്തിലേക്ക് മുതല്‍ക്കൂട്ടാണ്. നാലു ശതമാനം വോട്ടുള്ള കേരളാ കോണ്‍ഗ്രസ് (എം) ഈയിനത്തില്‍ ബിജെപിക്ക് നോട്ടമുള്ള പാര്‍ട്ടിയാണ്. കേരളത്തിലെ ക്രൈസ്തവ സമൂഹത്തെ കൂടെ നിര്‍ത്താന്‍ കഴിഞ്ഞാല്‍ അടുത്ത ഇലക്ഷനില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. എസ്എന്‍ഡിപിയോടൊപ്പം മാണി കോണ്‍ഗ്രസ്സിനെയും കൂടെ നിര്‍ത്താന്‍ കഴിഞ്ഞാലാണ് ബിജെപിക്ക് കേരളത്തില്‍ പ്രതീക്ഷിക്കുന്ന നേട്ടമുണ്ടാക്കാനാവുക. അത്തരമൊരു അന്തരീക്ഷം തിരു-കൊച്ചി മേഖലയിലെ സാമൂഹികാന്തരീക്ഷത്തില്‍ വലിയ ആഘാതമായിരിക്കും സൃഷ്ടിക്കുക. കേരളത്തില്‍ ഒരു ഈഴവ-നായര്‍-ക്രൈസ്തവ സഖ്യം ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞാല്‍ ഭരണസാധ്യത വരെ അവര്‍ പ്രതീക്ഷിക്കുന്നുമുണ്ട്. ബിജെപിയുമായി കൂട്ടുകൂടിയശേഷം എത്ര വിഷലിപ്തമായ പ്രചാരണങ്ങളാണ് വെള്ളാപ്പള്ളി നടത്തിയതെന്ന് കേരളം കണ്ടതാണ്. കേരളത്തിന്റെ സാമുദായികാന്തരീക്ഷം കലുഷിതമാക്കുമാറ് വിശിഷ്യാ പരോക്ഷമായി മുസ്‌ലിം സമുദായത്തിനെതിരേയായിരുന്നു വെള്ളാപ്പള്ളിയുടെ ആക്രമണം. മുമ്പ് സംവരണ സമുദായ മുന്നണിയൊക്കെ ഉണ്ടാക്കുമ്പോള്‍ അതിന്റെ മുന്‍നിരയിലുണ്ടായിരുന്ന ആളാണ് വെള്ളാപ്പള്ളി എന്നോര്‍ക്കണം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളിയുടെ മകന്‍ നയിക്കുന്ന പാര്‍ട്ടിക്ക് വലിയ നേട്ടമൊന്നും ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍, കേരളാ കോണ്‍ഗ്രസ് (എം) കൂടി വന്നാല്‍ വിദ്വേഷപ്രചാരണങ്ങള്‍ക്ക് കൊഴുപ്പു കൂടുമെന്നും അതുവഴി തങ്ങള്‍ക്കു നേട്ടമുണ്ടാക്കാനാവുമെന്നുമാണ് ബിജെപിയുടെ പ്രതീക്ഷ.  കെ എം മാണിയെ യുഡിഎഫിലേക്ക് തിരിച്ചുവിളിക്കേണ്ടതില്ല എന്ന മുന്നണി തീരുമാനത്തെ ഈ പശ്ചാത്തലത്തില്‍ നിന്നു വേണം വിലയിരുത്താന്‍. കേരളത്തിന്റെ രാഷ്ട്രീയ സമവാക്യത്തെ അപകടകരമാംവിധം പരിവര്‍ത്തിപ്പിക്കാന്‍ ശേഷിയുള്ള രാഷ്ട്രീയശക്തിയാണ് കേരളാ കോണ്‍ഗ്രസ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഉയര്‍ത്തിയ ഭീഷണി വേണ്ടവിധം നേരിടാതെ കക്ഷിരാഷ്ട്രീയ താല്‍പര്യം മുന്‍നിര്‍ത്തി കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും പ്രവര്‍ത്തിച്ചതുകൊണ്ടാണ് ഹിന്ദുത്വ പാര്‍ട്ടിക്ക് കേരളത്തില്‍ അക്കൗണ്ട് തുറക്കാനായത്. നിയമസഭാ ഇലക്ഷനില്‍ ബിജെപി വോട്ട്ശതമാനം വര്‍ധിച്ചതിന്റെ അപകടം മതേതര പാര്‍ട്ടികള്‍ വേണ്ട ഗൗരവത്തോടു കൂടി ഇപ്പോഴും എടുത്തിട്ടില്ല. പ്രത്യക്ഷത്തില്‍ ബിജെപി വിരുദ്ധത പറയുമ്പോഴും പരോക്ഷമായി അതിന് രാഷ്ട്രീയമായി വളരാന്‍ അനുകൂലമായ നിലപാടാണ് പലപ്പോഴും പ്രകടമാവാറ്. മാണിയെ യുഡിഎഫിലേക്ക് തിരികെ കൊണ്ടുവരാന്‍ താന്‍ മധ്യസ്ഥത വഹിക്കാമെന്ന് മുസ്‌ലിംലീഗിന്റെ മുതിര്‍ന്ന നേതാവായ പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് മാണിയെ യുഡിഎഫിലേക്ക് വിളിക്കേണ്ടതില്ലെന്ന തീരുമാനം പുറത്തുവന്നത്. മുന്നണിയുടെ താല്‍ക്കാലിക അധ്യക്ഷന്‍ എം എം ഹസന്‍ മാണിയുടെ കാര്യത്തില്‍ പറഞ്ഞത് തിരുത്തിപ്പറയാന്‍ സൂര്യന്‍ ഉദിച്ചുയരുന്ന നേരം പോലും വേണ്ടിവന്നില്ല. എല്‍ഡിഎഫും യുഡിഎഫും മാണിക്ക് മുന്നില്‍ തങ്ങളുടെ വാതിലുകള്‍ കൊട്ടിയടയ്ക്കുമ്പോള്‍ മറുവശത്ത് മാണിക്ക് മുന്നില്‍ തുറന്നുകിടക്കുന്നത് ഹിന്ദുത്വ ഫാഷിസത്തിന്റെ വാതിലാണെന്നത് ഇരുമുന്നണികളും കണ്ടില്ലെന്നു നടിക്കുകയാണ്. യഥാര്‍ഥത്തില്‍ മാണിയെ മാത്രമല്ല, വെള്ളാപ്പള്ളിയെയും മതേതര ചേരിയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം കേരളത്തിലെ ഇടത്-വലത് മുന്നണികള്‍ പ്രകടിപ്പിക്കാത്തത് ഹിന്ദുത്വ ഫാഷിസത്തിനെതിരേയുള്ള ചെറുത്തുനില്‍പ്പിനെ ദുര്‍ബലപ്പെടുത്തുന്നുണ്ട്.  കേരളത്തില്‍ ഇപ്പോള്‍ സജീവമായിക്കൊണ്ടിരിക്കുന്ന കുടിയേറ്റ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട വിവാദത്തില്‍ സംശയാസ്പദമായി ചിലതുണ്ട്. കൈയേറ്റഭൂമിയില്‍ പെട്ടെന്നൊരു ദിവസം കുരിശ് പ്രത്യക്ഷപ്പെടുക, അത് മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ചു നീക്കം ചെയ്യുക തുടങ്ങിയ കലാപരിപാടികള്‍ക്കു പിന്നില്‍ ക്രിസ്ത്യന്‍ സമുദായത്തിനുള്ളില്‍ ഭരണവിരുദ്ധ വികാരം ഇളക്കിവിട്ട് അതില്‍നിന്നുള്ള രാഷ്ട്രീയനേട്ടം ബിജെപിക്ക് അനുകൂലമാക്കി മാറ്റുക എന്ന രാഷ്ട്രീയ ദുഷ്ടലാക്കുണ്ടെന്ന് ചില നിരീക്ഷകര്‍ പറയുന്നു. കേരളത്തില്‍ ക്രിസ്ത്യാനികളും കുരിശുപോലും സുരക്ഷിതമല്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ മതിയായ വീഡിയോ ആയിരുന്നു ഇടുക്കിയിലേത്. ഈ പ്രശ്‌നങ്ങളിലൊക്കെ നേട്ടം കൊയ്യാന്‍ പാകത്തില്‍ ബിജെപി അണിയറയില്‍ സജീവമാണെന്നോര്‍ക്കണം. ഇപ്പോള്‍ തന്നെ കേരളത്തില്‍ സിപിഎമ്മുകാരാല്‍ കൊല്ലപ്പെട്ട ആര്‍എസ്എസുകാരുടെ എണ്ണം കേരളത്തിനു പുറത്ത് ബിജെപി പ്രചരിപ്പിക്കുന്നത് കേട്ടാല്‍ കണ്ണൂരിലുള്ള ശാഖാ അംഗം പോലും മൂക്കത്ത് കൈവയ്ക്കും. കേരളത്തില്‍ മതേതരത്വത്തിന്റെയും മതസൗഹാര്‍ദത്തിന്റെയും ഇഴകള്‍ തീര്‍ത്ത പത്മവ്യൂഹത്തെയാണ് ബിജെപിക്ക് ഭേദിക്കേണ്ടത്. ഒരു സീറ്റ് കൂടുതല്‍ കിട്ടിയാല്‍ മാറിമറിയാവുന്ന രാഷ്ട്രീയ നിലപാടും മതേതര കാഴ്ചപ്പാടുമേ മിക്കവാറും ചെറുപാര്‍ട്ടികള്‍ക്കൊക്കെയുള്ളൂവെന്നാണ് ഹിന്ദുത്വത്തിന്റെ ആത്മവിശ്വാസം. വടക്കന്‍ കേരളത്തില്‍ ഒരു വര്‍ഗീയ കലാപവും (റിയാസ് മൗലവി വധം അത്തരത്തിലുള്ള ഒരു ശ്രമമായിരുന്നുവെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞത് ഓര്‍ക്കുക) തെക്കന്‍ കേരളത്തില്‍ ഭരണകൂടവിരുദ്ധ ക്രൈസ്തവ വികാരവും ഉണ്ടാക്കിയെടുക്കാനായാല്‍ കേരളവും തങ്ങള്‍ക്കു മുന്നില്‍ കീഴടങ്ങിത്തുടങ്ങുമെന്ന് ഹിന്ദുത്വ ആസൂത്രകര്‍ കരുതുന്നു. അമിത് ഷായുടെ ന്യൂറോണുകള്‍ ഈ ദിശയ്ക്കപ്പുറം സഞ്ചരിക്കില്ലല്ലോ. അതിനു തടയിടാന്‍ കേരളത്തിലെ സമുദായ സംഘടനകളെ മതേതര പാര്‍ട്ടികളുടെ കൂടെ അണിനിരത്തേണ്ടതുണ്ട്. എസ്എന്‍ഡിപിയുടെ കാര്യത്തില്‍ കേരളത്തിലെ ഇരുമുന്നണികള്‍ക്കു പറ്റിയ വീഴ്ച മാണിയുടെ കാര്യത്തില്‍ സംഭവിച്ചുകൂടാ. മമതാ ബാനര്‍ജിക്കെതിരേ ബംഗാളില്‍ സിപിഎമ്മിന് കോണ്‍ഗ്രസ്സുമായി കൂട്ടുകൂടാമെങ്കില്‍, ബിജെപിക്കെതിരേ കോണ്‍ഗ്രസ്സിന് സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാമെങ്കില്‍, മാണിയെ മുന്നണിയിലേക്ക് തിരികെ വിളിക്കാതിരിക്കാന്‍ എന്തു ന്യായമാണുള്ളത്? ക്രൈസ്തവ സമുദായത്തെ കോണ്‍ഗ്രസ്സില്‍നിന്ന് അകറ്റുന്നതിനുള്ള ശ്രമം മുമ്പും ഉണ്ടായിട്ടുണ്ട്. ദിവാന്‍ ഭരണകാലത്ത് ഈഴവരും മുസ്‌ലിംകളും ക്രിസ്ത്യാനികളും അടങ്ങുന്ന സംയുക്തവേദിയില്‍ നിന്ന് ഉടലെടുത്ത സ്റ്റേറ്റ് കോണ്‍ഗ്രസ്സിനെ പിളര്‍ത്താനും ഇല്ലാതാക്കാനും രാമസ്വാമി അയ്യര്‍ നിരവധി തന്ത്രങ്ങള്‍ പയറ്റിയത് ചരിത്രപ്രസിദ്ധമാണ്. അതിന്റെ തുടര്‍ച്ചയായാണ് മന്നവും ശങ്കറും ചേര്‍ന്ന് ഹിന്ദുവോട്ടിന്റെ ഏകീകരണത്തിന് ശ്രമിച്ചത്. കോണ്‍ഗ്രസ്സില്‍നിന്നുള്ള ക്രൈസ്തവ സമുദായത്തിന്റെ അകല്‍ച്ചയും ഹിന്ദുവോട്ടിന്റെ ഏകീകരണവും സമാന്തരമായി നടന്നാല്‍ അതുണ്ടാക്കുന്ന സാമൂഹികവും രാഷ്ട്രീയവുമായ ഭവിഷ്യത്ത് വളരെ ആഴത്തിലുള്ളതായിരിക്കും. ഇതിനെ കേരളം എങ്ങനെ നേരിടുമെന്നത് ഇവിടത്തെ മതസൗഹാര്‍ദ അന്തരീക്ഷത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായിരിക്കും. കേരളത്തിന്റെ സാമുദായിക സന്തുലിതത്വവും ജാതിസംഘടനകളുടെ സ്വാഭാവിക ചേര്‍ച്ചയില്ലായ്മയും ബിജെപിക്ക് കടക്കേണ്ട വലിയൊരു കടമ്പ തന്നെ!                                                           ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss