|    Mar 23 Thu, 2017 6:07 pm
FLASH NEWS

മാണിയെ തള്ളാതെ ഘടകകക്ഷികളും; കോണ്‍ഗ്രസ് കനത്ത സമ്മര്‍ദ്ദത്തിലേക്ക്

Published : 3rd August 2016 | Posted By: SMR

പത്തനംതിട്ട: കോണ്‍ഗ്രസ്സിനെ പ്രതിസ്ഥാനത്തു നിര്‍ത്തിയുള്ള കേരളാ കോണ്‍ഗ്രസ്(എം) നീക്കങ്ങളെ തള്ളാതെ മറ്റു ഘടകകക്ഷികളും രംഗത്തുവന്നതോടെ കോണ്‍ഗ്രസ് നേതൃത്വം കടുത്ത സമ്മര്‍ദ്ദത്തില്‍. നാളെ ഡല്‍ഹിയില്‍ കെപിസിസി നേതൃത്വവുമായി ഹൈക്കമാന്‍ഡ് ചര്‍ച്ച നടത്താനിരിക്കെയാണ് മറ്റു ഘടകകക്ഷികളും വിയോജിപ്പ് പ്രകടമാക്കിയത്. മാണി പറയുന്നതില്‍ കാര്യമുണ്ടെന്നാണ് മുസ്‌ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്.
മാണിയോട് കോണ്‍ഗ്രസ് നേതൃത്വം കുറച്ച്കൂടി പരിഗണന നല്‍കേണ്ടിയിരുന്നുവെന്ന് കേരളാ കോണ്‍ഗ്രസ് (ജേക്കബ്) നേതാവും യുഡിഎഫ് സെക്രട്ടറിയുമായ ജോണി നെല്ലൂരും പ്രതികരിച്ചു. കോണ്‍ഗ്രസ്സിന്റെ ഘടകകക്ഷികളോടുള്ള സമീപനത്തില്‍ ആര്‍എസ്പിയും സംതൃപ്തരല്ല. യുഡിഎഫ് ബന്ധം അവസാനിപ്പിച്ച് നിയമസഭയില്‍ പ്രത്യേകം ബ്ലോക്കായി ഇരിക്കാമെന്നുള്ള പൊതുവികാരമാണ് എംഎല്‍എമാരുമായി കഴിഞ്ഞദിവസം കെ എം മാണി നടത്തിയ കൂടിക്കാഴ്ചയിലും ഉയര്‍ന്നത്. മുന്നണി ബന്ധമില്ലാതെ ഒറ്റയ്ക്കുനിന്ന് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനു മുന്നോടിയായി രാഷ്ട്രീയ സാഹചര്യമനുസരിച്ച് ഭാവിനിലപാട് സ്വീകരിക്കാമെന്നുള്ള കണക്കുകൂട്ടലും മാണിക്കുണ്ട്. അതേസമയം, ഡല്‍ഹിയിലെ ചര്‍ച്ചയ്ക്കു മുന്നോടിയായി മാണിയെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. ബാര്‍കോഴയില്‍ ചെന്നിത്തല ഗൂഢാലോചന നടത്തി. തിരഞ്ഞെടുപ്പില്‍ ചോദിച്ച സീറ്റുനല്‍കാതെ അധിക്ഷേപിച്ചു. പാര്‍ട്ടിയെ അറിയിക്കുകപോലും ചെയ്യാതെ ചെന്നിത്തലയെ പ്രതിപക്ഷനേതാവായി തീരുമാനിച്ചു തുടങ്ങിയ നിരവധി പരാതികളാണ് കേരളാ കോണ്‍ഗ്രസ് ഉന്നയിക്കുന്നത്. കോണ്‍ഗ്രസ് തങ്ങളോട് ധാര്‍ഷ്ട്യമാണ് കാണിച്ചതെന്ന കേരളാ കോണ്‍ഗ്രസ്സിന്റെ നിലപാടിനോട് ഭൂരിപക്ഷം ഘടകകക്ഷികള്‍ക്കും യോജിപ്പാണ്.
നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് സീറ്റുവിഭജന ചര്‍ച്ചപോലും പൂര്‍ത്തിയാക്കാതെ വല്യേട്ടന്‍ മനോഭാവമാണ് കോണ്‍ഗ്രസ് കാണിച്ചതെന്നാണ് ഘടകകക്ഷി നേതാക്കള്‍ പറയുന്നത്. അതിനിടെ, ബാര്‍കോഴ ആരോപണത്തിന്റെ പേരില്‍ യുഡിഎഫുമായി ഇടഞ്ഞുനില്‍ക്കുന്ന മാണിയെ ഒപ്പം ചേര്‍ക്കാന്‍ ബിജെപിയും നീക്കമാരംഭിച്ചിട്ടുണ്ട്. പാര്‍ട്ടി നേതൃത്വവുമായി രഹസ്യചര്‍ച്ചയ്ക്കു ബിജെപി നേതാക്കള്‍ ശ്രമം നടത്തുന്നുവെന്നാണ് വിവരം.

(Visited 15 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക