|    Apr 21 Sat, 2018 11:41 am
FLASH NEWS
Home   >  Editpage  >  Lead Article  >  

മാണിയുടെ രാഷ്ട്രീയ പതനം

Published : 11th November 2015 | Posted By: SMR

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

ധനമന്ത്രി കെ എം മാണിക്കെതിരേയുള്ള കോടതിവിധി രാഷ്ട്രീയ ധാര്‍മികതയും അധികാര പ്രമത്തതയും തമ്മിലുള്ള ഏറ്റുമുട്ടലായി മാറുകയാണ്. ഇതുസംബന്ധിച്ച വൈരുധ്യം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പാര്‍ട്ടിയിലും മാണി നയിക്കുന്ന പാര്‍ട്ടിയിലും ഒരുപോലെ പുറത്തുവന്നു.
ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ എം മാണിക്കെതിരേ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നാണു വിജിലന്‍സ് കോടതിവിധിയില്‍ കൃത്യമായി പറയുന്നത്. കോടതിവിധി അംഗീകരിക്കുന്നു എന്നാണ് ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രണ്ടുതവണ മന്ത്രിപദം രാജിവച്ച എ കെ ആന്റണി പ്രതികരിച്ചത്. കോടതിവിധി ജനകീയ കോടതിക്കു മുമ്പിലാണ്, ഉചിതമായ സമയത്ത് പ്രതികരിക്കാമെന്നാണ് കെപിസിസി പ്രസിഡന്റ് വി എം സുധീരനും പറഞ്ഞത്. ധാര്‍മികത വ്യക്തിപരമാണെന്ന് ആന്റണിയും രമേശും പറഞ്ഞത് കെ എം മാണിക്കെതിരായ പരോക്ഷ സൂചനയാണ്.
രാജിവയ്ക്കുക അല്ലെങ്കില്‍ മാണി നിയമവകുപ്പിന്റെ ചുമതലയെങ്കിലും ഒഴിയുക എന്ന അഭിപ്രായം കേരളാ കോണ്‍ഗ്രസ് (എം) നേതൃത്വത്തില്‍ ശക്തമാണ്. പ്രശ്‌നം ചര്‍ച്ചചെയ്യണമെന്ന് വൈസ് ചെയര്‍മാന്‍കൂടിയായ പി ജെ ജോസഫിന് തന്റെ ഗ്രൂപ്പുകാരായ പാര്‍ട്ടിക്കാരില്‍നിന്ന് സമ്മര്‍ദ്ദമുണ്ട്. മുന്‍ മന്ത്രിമാരുടെ ചില കീഴ്‌വഴക്കങ്ങള്‍ ഉണ്ടെന്നു പറഞ്ഞാണ് മാണി താന്‍ രാജിവയ്ക്കാത്തതിനെ ന്യായീകരിച്ചത്.
കീഴ്‌വഴക്കം അനുസരിച്ചാണെങ്കില്‍ മാണി രാജിവച്ചിറങ്ങണം. ഹൈക്കോടതി വിധിയിലെ പരാമര്‍ശത്തെ തുടര്‍ന്നാണ് മുമ്പ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വനം മന്ത്രി കെ പി വിശ്വനാഥന്റെ രാജി വാങ്ങിയത്. വി എസ് മന്ത്രിസഭയില്‍ അംഗമായിരുന്ന പി ജെ ജോസഫിന് വിമാനയാത്രാ വിവാദത്തെ തുടര്‍ന്ന് മുഖ്യമന്ത്രിക്ക് രാജിക്കത്ത് എഴുതിനല്‍കി മാറിനില്‍ക്കേണ്ടിവന്നു. അതുപോലൊരു അപവാദമുയര്‍ന്നപ്പോള്‍ നീലലോഹിതദാസന്‍ നാടാരെ രാജിക്കത്തു വാങ്ങി മുഖ്യമന്ത്രി നായനാര്‍ മന്ത്രിസഭയ്ക്ക് പുറത്തുനിര്‍ത്തി. കെ പി വിശ്വനാഥന്റെ രാജി ആവശ്യപ്പെട്ടത് തെറ്റായിപ്പോയെന്ന് ഒരു പതിറ്റാണ്ടിനുശേഷം മാണിയുടെ കേസിലെ വിധി വന്നപ്പോഴാണ് ഉമ്മന്‍ചാണ്ടിക്കു തോന്നിയത്. എന്തൊരു കുറ്റബോധം!
എന്നാല്‍, ഇവിടെ ധാര്‍മികതയുടെ മാത്രം പ്രശ്‌നമല്ല. പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന കോടതിവിധിയിലെ ശക്തമായ പരാമര്‍ശവും മാത്രമല്ല, മന്ത്രി മാണി കോഴ ചോദിച്ചതിനും വാങ്ങിയതിനും തെളിവില്ലാത്തതുകൊണ്ട് കേസ് അവസാനിപ്പിക്കാന്‍ അനുമതി നല്‍കണമെന്ന വിജിലന്‍സ് അപേക്ഷയാണ് കോടതി തള്ളിയത്. ഇത് മൊത്തത്തില്‍ സര്‍ക്കാര്‍ തീരുമാനത്തിനുള്ള കനത്ത തിരിച്ചടിയാണ്.
രണ്ടുതവണയായി 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് സാഹചര്യ തെളിവുണ്ടെന്ന് അന്വേഷണ റിപോര്‍ട്ടും കേസ് ഡയറി അടക്കമുള്ള മറ്റു രേഖകളും പരിശോധിച്ചു കണ്ടെത്തിയത് കോടതിയാണ്. വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശമനുസരിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ കേസ് അവസാനിപ്പിക്കാന്‍ അപേക്ഷ നല്‍കിയത്. ശരിയായ രീതിയില്‍ കേസ് അന്വേഷിച്ച അതേ ഉദ്യോഗസ്ഥന്‍ തന്നെ തുടരന്വേഷണം നടത്തണമെന്നും കോടതി ഉത്തരവിട്ടു. കടിച്ച പാമ്പിനെക്കൊണ്ടുതന്നെ വിഷമിറപ്പിക്കുകയാണ് കോടതി ചെയ്തത്.
കോടതിവിധിയോടെ സത്യം പുറത്തുവന്നെന്ന വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നു മാറ്റിയ ഡിജിപി ജേക്കബ് തോമസിന്റെ പ്രസ്താവന ഡിജിപി സെന്‍കുമാറിനും ഗവണ്‍മെന്റിനും ആഘാതമായി. മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, പോലിസ് മേധാവി എന്നിവര്‍ ജേക്കബ് തോമസിനെതിരേ പരസ്യമായി നീങ്ങിയത് മുമ്പില്ലാത്ത സംഭവമാണ്. പോലിസിലും ഗവണ്‍മെന്റിലും മാണിപ്രശ്‌നം വൈരുധ്യം സൃഷ്ടിക്കുകയും മൂര്‍ച്ഛിപ്പിക്കുകയുമാണ്.
വിധി വന്നയുടനെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോള്‍ സ്ഥാനം ഒഴിഞ്ഞു. വിജിലന്‍സിന്റെ വിശ്വാസ്യതയും സുതാര്യതയും നഷ്ടപ്പെടാതിരിക്കാനാണ് ഒരുമാസം മാത്രം സര്‍വീസ് ശേഷിച്ച താന്‍ അവധിയില്‍ പോവുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതേ പേരുദോഷവും വിശ്വാസ്യതാ തകര്‍ച്ചയും നിയമമന്ത്രിസ്ഥാനത്തിരിക്കുന്ന മാണിക്കും വിജിലന്‍സിനെ നയിക്കുന്ന ആഭ്യന്തരമന്ത്രിക്കും ഗവണ്‍മെന്റിനെ നയിക്കുന്ന മുഖ്യമന്ത്രിക്കും ബാധകമാണ്. വിജിലന്‍സ് ഡയറക്ടറുടെ തീരുമാനം വകുപ്പിന്റെ മാത്രമല്ല ഗവണ്‍മെന്റിന്റെ തന്നെ കൂട്ടുത്തരവാദിത്തത്തിന്റെ ഭാഗമാണ്. ആ നിലയ്ക്ക് ധാര്‍മികതയുടെ പേരിലാണെങ്കില്‍ ഉമ്മന്‍ചാണ്ടി ഗവണ്‍മെന്റ് രാജിവയ്‌ക്കേണ്ട സമയം കഴിഞ്ഞു.
ഇത്തരം സന്ദര്‍ഭങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിസഭയിലെയും ഭരണതലത്തിലെയും മറ്റു പലരും ഇതിനുമുമ്പ് നേരിട്ടതാണ്. അധികാരസ്വാധീനം ഉപയോഗിച്ച് കേസുകള്‍ നീട്ടി തെളിവുകള്‍ നശിപ്പിച്ച് രക്ഷപ്പെടുന്ന വഴിവിട്ട ശൈലിയുടെ സ്രഷ്ടാവാണ് മുഖ്യമന്ത്രി. മാണിയുടെ കേസിലും അത് തുടരുകയാണ്. അതുകൊണ്ട് നിയമപോരാട്ടങ്ങളുടെ മറ്റൊരു ഊഴം വഴി മന്ത്രി മാണിയെയും രക്ഷപ്പെടുത്താനാണ് സ്വാഭാവികമായും മുഖ്യമന്ത്രി ശ്രമിക്കുക.
മന്ത്രി മാണിക്കും ഗവണ്‍മെന്റിനും കനത്ത തിരിച്ചടിയാണ് കോടതിവിധി. ”അന്വേഷണം നൂറ്റൊന്ന് ആവര്‍ത്തിക്കട്ടെ” എന്ന മന്ത്രി മാണിയുടെ പ്രതികരണം മുഖ്യമന്ത്രിയും മുന്നണി നേതാക്കളും ഗവണ്‍മെന്റ് സംവിധാനങ്ങളും തന്റെ പിന്നില്‍ ഉറച്ചുനില്‍ക്കുന്നുണ്ടെന്ന അഹന്തയില്‍നിന്നുള്ള ധാര്‍ഷ്ട്യപ്രകടനമാണ്. 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രി ബാലകൃഷ്ണപ്പിള്ളയെ അഴിമതിക്കേസില്‍ ശിക്ഷിച്ച സുപ്രിംകോടതി വിധിയെ ഓര്‍മിപ്പിക്കുന്നതാണ് കോടതിവിധി. കുറ്റവിമുക്തനാക്കണമെന്ന ഹരജി സമര്‍പ്പിച്ചപ്പോള്‍ തന്നെ മാണിയെ വിശുദ്ധനായി സ്വന്തം പാര്‍ട്ടിയും യുഡിഎഫും പ്രഖ്യാപിച്ചിരുന്നതാണ്.
ഇതിനു രണ്ട് രാഷ്ട്രീയകാരണങ്ങളുണ്ട്. മന്ത്രി മാണി രാജിവയ്ക്കുന്നതോടെ ഈ ഗവണ്‍മെന്റിനും രാജിവയ്‌ക്കേണ്ടിവരും. ഒന്നുകില്‍ മാണിക്കൊപ്പം മുങ്ങുക, അല്ലെങ്കില്‍ ഏതറ്റംവരെയും പോയി മാണിയെ രക്ഷിക്കുക. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഉറച്ച നിലപാട് അതാണ്. തദ്ദേശ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് നിയമസഭാ തിരഞ്ഞെടുപ്പും വരുകയാണ്. ജനവിധിയെ അവര്‍ ഭയപ്പെടുന്നു. വഴിവിട്ട് മാണിയെ സഹായിച്ച് ഒപ്പം നിര്‍ത്തിയില്ലെങ്കില്‍ ബിജെപിയുമായി രാഷ്ട്രീയ സഖ്യമുണ്ടാക്കാന്‍ മാണി മടിക്കില്ലെന്ന പേടിയുമുണ്ട്.
2015ലെ ഏറ്റവും വലിയ തമാശ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോള്‍ തദ്സ്ഥാനം ഒഴിഞ്ഞുകൊണ്ട് സര്‍ക്കാരിനു നല്‍കിയ കത്തിന്റെ ആമുഖമാണ്: ”ബാര്‍ കോഴക്കേസിന്റെ അന്വേഷണത്തില്‍ ഒരുഭാഗത്തുനിന്നും ഏതെങ്കിലും രീതിയിലുള്ള സമ്മര്‍ദ്ദങ്ങളോ ഇടപെടലുകളോ ഉണ്ടാവാനുള്ള അവസരം നല്‍കിയിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥന് സ്വതന്ത്രമായും നിഷ്പക്ഷമായും അന്വേഷണം നടത്താനുള്ള എല്ലാ സാഹചര്യങ്ങളും സഹായങ്ങളും വിജിലന്‍സ് നല്‍കിയിരുന്നു.”
കോടതിയുടെ ചുമതല എടുക്കാനോ ആരോപണത്തെക്കുറിച്ച് വിധി പറയാനോ അന്വേഷണ ഏജന്‍സിയായ വിജിലന്‍സിന് അധികാരമില്ലെന്നു പറഞ്ഞാണ് കോടതി റിപോര്‍ട്ട് തള്ളി തുടരന്വേഷണത്തിന് ഉത്തരവിട്ടത്. സ്വന്തം അഭിപ്രായത്തിനു പകരം വിജിലന്‍സ് ഡയറക്ടറുടെ അഭിപ്രായമാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ രേഖപ്പെടുത്തിയതെന്നും കോടതി ചൂണ്ടിക്കാട്ടി.
മാണി മാത്രമല്ല, ഉമ്മന്‍ചാണ്ടി മന്ത്രിസഭതന്നെ രാജിവയ്ക്കണമെന്ന് സിപിഎം പോളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടിരിക്കയാണ്. സിപിഎമ്മിനോ ബിജെപിക്കോ മന്ത്രി മാണിയുടെ രാജി ആവശ്യപ്പെടാന്‍ ധാര്‍മികമായി അവകാശമില്ല. കേരള മുഖ്യമന്ത്രിയാവാന്‍ ഏറ്റവും യോഗ്യതയുള്ള ആളാണ് മാണിയെന്ന് കേരളത്തിലെ സിപിഎം നേതൃത്വം സ്തുതിച്ചിരുന്നു. ഇടതുമുന്നണിയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. ബാര്‍ ഹോട്ടല്‍ ഉടമകളുടെ അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശ് മാണിക്കെതിരേ കോഴ ആരോപണം ഉന്നയിച്ചപ്പോള്‍ അറച്ചറച്ചാണ് സിപിഎം നേതാക്കള്‍ പ്രതികരിച്ചത്.
ആരോപണങ്ങള്‍ ശക്തമായപ്പോള്‍ ധനമന്ത്രി രാജിവയ്ക്കും വരെ സമരം നടത്തുമെന്നും മാണി അവതരിപ്പിക്കുന്ന ബജറ്റ് അംഗീകരിക്കില്ലെന്നും പ്രഖ്യാപിച്ചു. നിയമസഭയിലെ കൈയാങ്കളിയോടെ മാണിക്കെതിരായ സമരം കെട്ടടങ്ങി. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ബാര്‍ കോഴപ്രശ്‌നം വിഷയമാക്കിയില്ല. വിജിലന്‍സ് കോടതിവിധി വന്നതോടെയാണ് മാണിയുടെയും ഗവണ്‍മെന്റിന്റെയുമൊക്കെ രാജി ആവശ്യപ്പെടുന്നത്.
കേസന്വേഷണത്തിന്റെ മേല്‍നോട്ടത്തിന് നിയോഗിച്ച വിന്‍സന്‍ എം പോളിന്റെ കാര്യത്തിലും സിപിഎമ്മിന് പൂര്‍ണ വിശ്വാസമായിരുന്നു. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രത്യേകാന്വേഷണ സംഘത്തിന്റെ ചുമതല വിന്‍സന്‍ എം പോളിനായിരുന്നു. പ്രതികളെ പിടികൂടിത്തുടങ്ങിയപ്പോള്‍ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം കേസില്‍നിന്നു വേര്‍പ്പെടുത്തി ഉന്നതരായ പ്രതികളെ രക്ഷപ്പെടുത്താനുള്ള തീരുമാനം അന്നെടുത്തതും വിന്‍സന്‍ എം പോളായിരുന്നു.
ബിജെപിയുടെ സമീപനവും വ്യത്യസ്തമായിരുന്നില്ല. കേന്ദ്ര നികുതി സംബന്ധമായി രൂപീകരിച്ച സംസ്ഥാന ധനമന്ത്രിമാരുടെ സമിതിയുടെ അധ്യക്ഷനായി കെ എം മാണിയെ നിയോഗിച്ചത് മോദി ഗവണ്‍മെന്റാണ്. വഴിവിട്ട് മന്ത്രി മാണിയെ രക്ഷിക്കാന്‍ മുഖ്യമന്ത്രിയും സഹപ്രവര്‍ത്തകരും തയ്യാറായിരുന്നില്ലെങ്കില്‍ മാണി ഇതിനകം മറുകണ്ടം ചാടുമായിരുന്നു. തന്റെ ജീവചരിത്രം പ്രകാശനം ചെയ്യാന്‍ മാണി ക്ഷണിച്ചത് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെയാണ്. വേദിയില്‍ ജെയ്റ്റ്‌ലിയുടെ തോളില്‍ തലവച്ച് തനിക്ക് ബിജെപി ഒരു ലൈഫ്‌ലൈനാണെന്ന് മാണി ആശ്വാസംകൊണ്ടത് ഒരപൂര്‍വ കാഴ്ചയായിരുന്നു.

കടപ്പാട്: വള്ളിക്കുന്ന് ഓണ്‍ലൈന്‍

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss