|    Jan 24 Tue, 2017 10:42 pm
FLASH NEWS

മാണിയില്ലാത്ത യുഡിഎഫ് നിര്‍ണായക നേതൃയോഗം ബുധനാഴ്ച

Published : 8th August 2016 | Posted By: SMR

തിരുവനന്തപുരം: മുന്നണിബന്ധം വിച്ഛേദിക്കാനുള്ള കേരളാ കോണ്‍ഗ്രസ് എമ്മിന്റെ പ്രഖ്യാപനത്തെത്തുടര്‍ന്നുള്ള രാഷ്ട്രീയസാഹചര്യങ്ങള്‍ വിലയിരുത്താന്‍ നിര്‍ണായക യുഡിഎഫ് യോഗം ബുധനാഴ്ച ചേരും. കെ എം മാണിയുഡിഎഫ് വിടാനുണ്ടായ കാരണങ്ങളും ഭാവിപരിപാടികളുമാണ് യോഗത്തിന്റെ പ്രധാന അജണ്ട. മുന്നണി വിടാന്‍ തീരുമാനിച്ചശേഷം കാരണങ്ങള്‍ കണ്ടെത്തുകയാണ് മാണി ചെയ്തിരിക്കുന്നതെന്ന വിലയിരുത്തലാണ് കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളത്. മാണിയുടെ സ്വാര്‍ഥതാല്‍പര്യം പ്രാവര്‍ത്തികമാക്കാന്‍ കോണ്‍ഗ്രസ്സിനെ പഴിചാരുക യാണു ചെയ്തിരിക്കുന്നതെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. ഈ നിലപാടിന് ഘടകകക്ഷികളുടെ പിന്തുണ തേടുകകൂടിയാണ് യോഗത്തിന്റെ ലക്ഷ്യം.
മുന്നണി വിടാനുള്ള കൃത്യമായ കാരണം എന്തെന്ന് മാണി വ്യക്തമാക്കിയിട്ടില്ലെന്നതാണ് യോഗത്തില്‍ കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്ന പ്രധാന വിഷയം. നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം ചേര്‍ന്ന യുഡിഎഫ് യോഗങ്ങളിലൊന്നും ഉന്നയിക്കാത്ത പരാതി ഇപ്പോള്‍ പറയുന്നതിനു പിന്നില്‍ വ്യക്തമായ രാഷ്ട്രീയ അജണ്ടയുണ്ടെന്ന് മുതിര്‍ന്ന നേതാക്കള്‍ വ്യക്തമാക്കുന്നു. യുഡിഎഫിന്റെ പിന്തുണയോടെ വിജയിച്ച ആറ് കേരളാ കോണ്‍ഗ്രസ് എംഎല്‍എമാരാണു സഭയിലുള്ളത്. മുന്നണി ബന്ധം വിച്ഛേദിച്ചതിനാല്‍ ഇവര്‍ എംഎല്‍എ സ്ഥാനമൊഴിയണമെന്ന് യുഡിഎഫ് യോഗം ആവശ്യപ്പെടും. യുഡിഎഫ് മുന്നണി ബന്ധം ഉപേക്ഷിച്ചെങ്കിലും തദ്ദേശ- സഹകരണ ഭരണസ്ഥാപനങ്ങളില്‍ തല്‍സ്ഥിതി തുടരുമെന്നാണ് മാണിയുടെ പ്രഖ്യാപനം. ഇതിനെയും യുഡിഎഫ് തള്ളിയേക്കും.
മാണി വിഭാഗത്തിന്റെ പിന്തുണയോടെ തദ്ദേശസ്ഥാപനങ്ങളുടെ ഭരണം കൈയാളേണ്ടെന്നാണ് കോണ്‍ഗ്രസ് തീരുമാനം.  തദ്ദേശസ്ഥാപനങ്ങളില്‍ കേരളാ കോണ്‍ഗ്രസ്സുമായുള്ള ധാരണ അവസാനിപ്പിക്കുമെന്ന സൂചനയാണ് വി എം സുധീരനില്‍നിന്നുണ്ടായത്. തദ്ദേശതിരഞ്ഞെടുപ്പില്‍ ബിജെപിയുമായും സിപിഎമ്മുമായും ധാരണയുണ്ടാക്കിയിരുന്നുവെങ്കില്‍ കോണ്‍ഗ്രസ്സിന് കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ കഴിയുമായിരുന്നുവെന്നും എന്നാല്‍, കോണ്‍ഗ്രസ് വര്‍ഗീയതയ്‌ക്കെതിരേയും അക്രമരാഷ്ട്രീയത്തിനെതിരേയും നിലപാട് സ്വീകരിക്കുകയാണു ചെയ്തതെന്നുമാണ് സുധീരന്‍ പ്രതികരിച്ചത്. ഘടകകക്ഷികളുമായി ചര്‍ച്ച ചെയ്തശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബാര്‍കോഴ വിവാദം തന്നെയാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനേറ്റ കനത്ത തിരിച്ചടിക്കു കാരണമെന്നാണ് കോണ്‍ഗ്രസ് നേരത്തേ വിലയിരുത്തിയത്.  നിയമസഭയില്‍ വന്‍ ബഹളത്തിനടിയാക്കിയ ബജറ്റ് അവതരണവും മാണിയുടെ രാജിയും അടക്കം വിഷയങ്ങളില്‍ കോണ്‍ഗ്രസ്സിനുള്ളില്‍ അഭിപ്രായവ്യത്യാസം പ്രകടമായിരുന്നു. അന്ന് മാണിയെ സംരക്ഷിച്ച മുതിര്‍ന്ന നേതാക്കളെ പിന്നില്‍നിന്നു കുത്തുന്ന നിലപാടാണ് ഇപ്പോള്‍ കേരളാ കോണ്‍ഗ്രസ് എം സ്വീകരിച്ചതെന്നാണ്  കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. തിരഞ്ഞെടുപ്പ് സമയത്തുതന്നെ മാണിയെ ഒഴിവാക്കിയിരുന്നെങ്കില്‍ മുന്നണിക്ക് ഇതിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാമായിരുന്നുവെന്ന് ഇതിനകം കോണ്‍ഗ്രസ്സിലെയും ഘടകക്ഷികളിലെയും നേതാക്കള്‍ പ്രതികരിച്ചിട്ടുണ്ട്. മാണിയുടെ മുന്നണിമാറ്റം കോണ്‍ഗ്രസ്സിനുള്ളിലും വാക്‌പോരിനു വഴിവയ്ക്കുമെന്ന് ഉറപ്പാണ്.
അതേസമയം, മുന്നണി ശിഥിലമാവുന്നതിനോട് മുസ്‌ലിംലീഗിന് അനുകൂലസമീപനമല്ല.  ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി മധ്യസ്ഥനായി മാണിയുമായി അനുനയചര്‍ച്ചകളും പരിഗണനയിലുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 95 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക