|    Mar 28 Tue, 2017 5:37 pm
FLASH NEWS

മാണിയംകാവിലുള്ള ഇഎംഎസ് സ്മാരക കമ്മ്യൂണിറ്റി ഹാളില്‍ അസൗകര്യങ്ങളേറെ

Published : 27th July 2016 | Posted By: SMR

മാള: പുത്തന്‍ചിറ ഗ്രാമപ്പഞ്ചായത്തിന്റെ അധീനതയില്‍ മാണിയംകാവിലുള്ള ഇഎംഎസ് സ്മാരക കമ്യൂണിറ്റി ഹാളില്‍ അസൗകര്യങ്ങളേറെ. ഉള്ള സൗകര്യങ്ങള്‍ പോലും കാര്യക്ഷമമല്ലാത്ത വിധത്തിലാണ്. പലവട്ടം സൗകര്യങ്ങള്‍ കൂട്ടിയിട്ടുണ്ടെങ്കിലും നിലവിലുണ്ടായിരുന്ന സൗകര്യങ്ങളില്‍ പലതും ഉപയോഗിക്കാനാവാത്ത അവസ്ഥയിലാണ്.
ഇവിടെയുത്തുന്നവര്‍ക്ക് പ്രാഥമിക കൃത്യങ്ങള്‍ നടത്തണമെങ്കില്‍ കുറച്ചധികം ദൂരം നടക്കണം. ഇത്രയും ദൂരം വരെ നടന്നു ചെന്നാലും അധികമാര്‍ക്കും പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനാവില്ല. ഇരുട്ട് നിറഞ്ഞ അന്തരീക്ഷത്തിലാണ് ശുചിമുറികളുടെ ഉള്ളും പരിസരവും. ശുചിമുറികളിലാകെ സദാസമയവും വെള്ളം കെട്ടിക്കിടക്കുന്ന നിലയിലാണ്. അങ്ങേയറ്റം വൃത്തിഹീനമാണ് ഇവിടം. പ്രധാന ഹാളില്‍ നിന്നും അധികം നടക്കാതെ എത്താമായിരുന്ന വാതില്‍ മറ്റൊരു നിര്‍മാണം നടന്നപ്പോള്‍ അടച്ചുമൂടിയ നിലയിലാണ്.
ഡൈനിങ് ഹാളില്‍ നിന്നും ഭക്ഷണം കഴിക്കാനായി കൈ കഴുകാനും ഭക്ഷണം കഴിച്ച ശേഷം കൈ കഴുകാനായും പോകുന്ന കാര്യവും ദുരിതമയമാണ്. ഒരു നിരപ്പില്‍ നിന്നും ഒന്നരയടിയിലധികം ഉയരത്തിലേക്ക് കയറിയാലേ വാട്ടര്‍ ടാപ്പുകള്‍ സ്ഥാപിച്ചിരിക്കുന്നയിടത്തേക്ക് എത്താനാവൂ. പ്രായമേറിയവര്‍ക്കും കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും രോഗികള്‍ക്കും വരെയിത് ദുരിതമാവുന്നു.
പ്രധാന ഹാളിലും ഡൈനിങ് ഹാളിലും ആവശ്യത്തിന് വെളിച്ചവും കാറ്റുമില്ലാത്തതാണ് മറ്റൊരു പ്രശ്‌നം. പ്രധാന ഹാളില്‍ എട്ട് ട്യൂബ് സെറ്റുകളുണ്ടെങ്കിലും പ്രവര്‍ത്തിക്കുന്നത് നാലെണ്ണമാണ്. ഒമ്പത് സീലങ് ഫാനുകള്‍ ഉള്ളതില്‍ നാലെണ്ണമാണ് പ്രവര്‍ത്തിക്കുന്നത്.
എട്ട് വാള്‍ ഫാനുകളുള്ളതില്‍ പ്രവര്‍ത്തിക്കുന്നവ മൂന്നെണ്ണം മാത്രമാണ്.   മെയിന്‍ സ്വിച്ച് ഓണാക്കിയാല്‍ അവയുമായി ബന്ധിപ്പിച്ചിട്ടുള്ള ഉപകരണങ്ങളില്‍ വൈദ്യുതിയുണ്ടാവുന്ന അവസ്ഥ. ഇതുമൂലം വിവാഹത്തിനും മറ്റുമായി ഹാള്‍ വാടകക്ക് എടുക്കുന്നവര്‍ വെളിച്ചത്തിനും കാറ്റിനുമായി വേറെ സംവിധാനങ്ങളൊരുക്കണം. ഗ്രാമപ്പഞ്ചായത്ത് ഓഫിസിനടുത്തായുള്ള കമ്മ്യൂണിറ്റി ഹാളിനാണീ ദുരവസ്ഥ. മാണിയംകാവില്‍ തന്നെയുള്ള മറ്റൊരു സ്വകാര്യ ഹാളിനെ സഹായിക്കാനായാണ് ഈ കമ്യൂണിറ്റി ഹാളിനെ അവഗണിക്കുന്നതെന്നാണ് നാട്ടുകാരില്‍ നിന്നുയരുന്ന ആക്ഷേപം.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day