|    Dec 10 Mon, 2018 2:09 am
FLASH NEWS
Home   >  Editpage  >  Lead Article  >  

മാണിക്യമലരായ പിണറായി

Published : 27th November 2018 | Posted By: kasim kzm

കണ്ണേറ്  – കണ്ണന്‍

ചാനലുകള്‍ക്ക് ടിആര്‍പി റേറ്റിങ് ഉള്ളതുപോലെ രാഷ്ട്രീയ നേതാക്കള്‍ക്ക് റേറ്റിങുണ്ടെന്നു വയ്ക്കുക. തൊട്ടുപിന്നിലുള്ള രാഷ്ട്രീയ നേതാവിനേക്കാള്‍ ഏറെ മുമ്പിലായിരിക്കും പിണറായി എന്നു സമ്മതിക്കാന്‍ കണ്ണന് യാതൊരു മടിയുമില്ല. വെറുതെയല്ല തലശ്ശേരിക്കാരായ മാപ്പിളപ്പെണ്ണുങ്ങള്‍ ചേര്‍ന്ന് ‘മാണിക്യമലരായ പൂവി’യുടെ ഈണത്തില്‍ പാരിജാതപ്പൂവായ പിണറായിയെപ്പറ്റി സ്വാഗതഗാനം പാടി ആനന്ദതുന്ദിലരായത്? പിണറായിക്കും വേണ്ടേ പ്രശ്‌നകലുഷിതമായ ജീവിതത്തില്‍ ഇത്തിരിയെങ്കിലുമൊരു മനസ്സുഖം? എല്ലാം ശരിയാക്കാനുറച്ച് ഭരണത്തിലേറിയ ദിവസം മുതല്‍ക്കേ തുടങ്ങിയതാണു മനസ്സുഖമില്ലായ്മ. തന്റേതല്ലാത്ത കാരണങ്ങളാല്‍ വിവാഹമോചിതയായ സ്ത്രീയുടെ അവസ്ഥയിലായിരുന്നു സഖാവ്. നിപാ വന്നതിനു തൊട്ടുപിന്നാലെ പ്രളയം വന്നു. പോലിസുണ്ടാക്കിക്കൊണ്ടിരുന്ന കുഴപ്പങ്ങള്‍ വേറെ. കൂനിന്‍മേല്‍ കുരുവെന്ന കണക്കിനാണ് സുപ്രിംകോടതി ശബരിമല വിവാദം കൈയില്‍ വച്ചുകൊടുത്തത്. മുഖ്യമന്ത്രിസ്ഥാനമേറ്റെടുത്ത ദിവസം തുടങ്ങിയതാണ് ഇത്തരം ഇടങ്ങേറുകള്‍. അതിനാല്‍ നജ്മാ ഹാഷിമും ആമിനാ മാളിയേക്കലും ചേര്‍ന്ന് പരിജാതമലരിന്റെ പരിമളം പരത്തുന്ന പാട്ടുപാടുമ്പോള്‍, ഏഴാം ബഹറിനപ്പുറത്തു സ്ഥിതിചെയ്യുന്ന മണിമാളികയില്‍ വിലസുന്ന ഫീല്‍ തീര്‍ച്ചയായും സഖാവിനു കിട്ടിയിരിക്കണം. അല്ലെങ്കില്‍ തന്നെ മാപ്പിളപ്പാട്ടും മാപ്പിളസംസ്‌കാരവും മറ്റും മുഖ്യമന്ത്രിക്ക് പെരുത്ത് ഇഷ്ടമാണല്ലോ. ബിജെപിയും അയ്യപ്പ ധര്‍മസമിതിയും ഹിന്ദു ഐക്യവേദിയും സംഘം ചേര്‍ന്ന് വേട്ടയാടാനിറങ്ങുമ്പോള്‍ മാപ്പിളമാര്‍ തന്നെയായിരുന്നു സഖാവിനു ശരണം. കോഴിക്കോട്ടു വന്നാല്‍ ‘ഒക്കച്ചങ്ങായി’യായി എപ്പോഴും കൂടെ നടക്കുന്ന മാപ്പിളപ്പയ്യന്റെ പുരയിലാണു ഭക്ഷണം പോലും. മറ്റു ‘ചങ്ങായി’മാരും മാപ്പിളമാര്‍ തന്നെ. എല്ലാം വച്ചു നോക്കുമ്പോള്‍ തലശ്ശേരിക്കാരി പെണ്ണുങ്ങളുടെ കൈമുട്ടിപ്പാട്ട് സഖാവിനു നല്ലോണം രസിച്ചിരിക്കാനാണു സാധ്യത. പാര്‍ട്ടിക്കകത്തും മന്ത്രിസഭയ്ക്കുള്ളിലുമുള്ള ശശിമാര്‍ക്കും സരിത എണ്ണിച്ചൂണ്ടിയ കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ക്കുമുള്ള നേരമ്പോക്കുകളൊന്നും ഇല്ലാത്ത സ്ഥിതിക്ക് ഒരു പാട്ടിന്റെ ആശ്വാസമെങ്കിലും വേണ്ടേ പിണറായി സഖാവിന്? ഈ സാഹചര്യത്തില്‍ നേതാക്കന്‍മാരെ പ്രകീര്‍ത്തിക്കരുതെന്നു പണ്ട് സഖാവ് തന്നെ നല്‍കിയ നിര്‍ദേശമൊക്കെ നാമങ്ങു മറന്നുകളയുക.
ഒന്നോര്‍ത്താല്‍, എന്തൊരു ജീവിതമാണ് ഈ സഖാവിന്റേത്! യൗവനകാലം മുഴുവനും തല്ലുകൊണ്ടും കൊടുത്തും ചെലവഴിച്ചു. പിന്നീട് പാര്‍ട്ടിയാപ്പീസിനു ചുറ്റുമുള്ള കഠിനമായ യാതനാപര്‍വങ്ങള്‍. ജാഥ, സമരം, ജയില്‍ ഇത്യാദി സഹനങ്ങള്‍. എല്ലാം കഴിഞ്ഞ് എല്ലാം ശരിയാക്കുന്ന കൂട്ടത്തില്‍ സ്വന്തം ജീവിതവുമൊന്ന് ശരിയാക്കാമെന്നു കരുതിയിറങ്ങിയപ്പോള്‍ ഒന്നും ശരിയാവുന്നില്ല. മന്ത്രവുമായി നടക്കുന്ന തന്ത്രിമാരും തന്ത്രവുമായി നടക്കുന്ന മന്ത്രിമാരും ചേര്‍ന്ന് ഒരു മിനിറ്റുപോലും സൈ്വരം തരാതായി. മുഖ്യമന്ത്രിസ്ഥാനത്ത് ഇരിപ്പുറപ്പിച്ച് ഏറെ കഴിഞ്ഞില്ല, ജയരാജന്‍ മന്ത്രി പോയി മണി മന്ത്രി വന്നു. പിന്നീട് ശശീന്ദ്രന്‍ പോയി തോമസ്ചാണ്ടി വന്നു. കുറച്ചു കഴിഞ്ഞ് തോമസ്ചാണ്ടി പോയി ശശീന്ദ്രന്‍ തന്നെ വന്നു. ഇപ്പോഴിതാ മാത്യു ടി തോമസ് പോവാനിരിക്കുന്നു, കൃഷ്ണന്‍കുട്ടി വന്നുകയറുന്നു. ഇതിനിടയ്ക്ക് ജലീല്‍ മന്ത്രി പുറത്തുപോവുന്നത് രണ്ടും കല്‍പിച്ച് തടയേണ്ടിവരുന്നു. ചുരുക്കത്തില്‍ മന്ത്രിമാരുടെ കാര്യം നോക്കാനല്ലാതെ മറ്റൊന്നിനും മുഖ്യമന്ത്രിക്കു നേരമേയില്ല. ഇതൊക്ക നോക്കി നേരെയാക്കണമെങ്കില്‍ ഇരട്ടച്ചങ്ക് മതിയാവുകയുമില്ല. ശത്രുക്കള്‍ക്കുപോലും പിണറായിയുടെ വിധി ഉണ്ടാവരുതേ എന്നാണ് കണ്ണന്റെ ഇപ്പോഴത്തെ പ്രാര്‍ഥന.
ദുരിതമയമായ ഈ അവസ്ഥയിലും മലയാളത്തിലെ വാമൊഴി പാരമ്പര്യത്തിന് ഈടുറ്റ സംഭാവനകള്‍ അര്‍പ്പിക്കാന്‍ സഖാവിനു കഴിയുന്നു എന്നോര്‍ക്കുമ്പോഴാണ് കണ്ണന്‍ രോമാഞ്ചകഞ്ചുകിതനാവുന്നത്. ഈയിടെ ഒന്നാന്തരമൊരു നാടന്‍ പദം പിണറായി സഖാവ് മലയാളത്തിനു സമ്മാനിച്ചു- ‘ഒക്കച്ചങ്ങായി.’ ബിജെപിയുടെ ഒക്കച്ചങ്ങായിയാണ് കോണ്‍ഗ്രസ് എന്നാണ് സഖാവ് പറഞ്ഞത്. വര്‍ഗവഞ്ചകന്‍, റെനെഗേഡ് എന്നൊക്കെയുള്ള നാവു വടിച്ച് വൃത്തിയാക്കിയശേഷം മാത്രം മൊഴിയേണ്ട പദങ്ങള്‍ പ്രയോഗിച്ച് മറ്റുള്ളവരെല്ലാവരും നടന്ന ടി പി ചന്ദ്രശേഖരന്‍ കാലത്ത്, പിണറായി അദ്ദേഹത്തെ വിശേഷിപ്പിച്ചത് ‘കുലംകുത്തി’ എന്നാണ്. ഒക്കച്ചങ്ങായി, കുലംകുത്തി തുടങ്ങിയ മധുരമനോഹരമനോജ്ഞ പദങ്ങള്‍ കണ്ടെത്തി തേച്ചുമിനുക്കി മലയാള ഭാഷയ്ക്കു സമ്മാനിക്കാന്‍ ഈ ദുരിതജീവിതത്തിനിടയിലും സമയം കണ്ടെത്തുന്നുവല്ലോ എന്നാലോചിക്കുമ്പോഴാണ് വീണ്ടും പാരിജാതപ്പൂമലരാം പിണറായി എന്ന വരിയുടെ സാംഗത്യത്തിലേക്ക് കണ്ണന്‍ എത്തിച്ചേരുന്നത്. ശബരിമലയില്‍ നടത്തിയ സാമൂഹിക വിപ്ലവത്തിന്റെ പേരില്‍ രണ്ടാം ശ്രീനാരായണഗുരുവായി ആളുകള്‍ സഖാവിനെ കണക്കാക്കട്ടെ കണക്കാക്കാതിരിക്കട്ടെ, പ്രശ്‌നമില്ല, പ്രളയകാലത്ത് കേരളത്തെ യോജിപ്പിച്ചുനിര്‍ത്തിയ ശക്തനായ ഭരണാധികാരിയായി ജനം അടയാളപ്പെടുത്തട്ടെ അടയാളപ്പെടുത്താതിരിക്കട്ടെ, അതും പ്രശ്‌നമില്ല, മുണ്ടുടുത്ത മോദി എന്ന് മൂപ്പരെ വിളിക്കട്ടെ വിളിക്കാതിരിക്കട്ടെ, കുഴപ്പമില്ല- മലയാള ഭാഷയ്ക്കും സംസ്‌കാരത്തിനും പിണറായി സഖാവ് നല്‍കിയ സംഭാവനകള്‍ മറന്നാല്‍ അതു പ്രശ്‌നമാണ്. ഒക്കച്ചങ്ങായി, കുലംകുത്തി എന്നീ രണ്ടു വാക്കുകള്‍ സംഭാവന ചെയ്തു എന്നതുമാത്രം മതി സഖാവ് പിണറായി വിജയന് കേരള ചരിത്രത്തില്‍ സ്ഥാനമുറപ്പിക്കാന്‍. വേറെ ആരുണ്ട് കേരളത്തില്‍ ഇങ്ങനെയൊരാള്‍!

******

സിപിഎമ്മിന്റെ ഒക്കച്ചങ്ങായിയാണല്ലോ ശരിക്കും പറഞ്ഞാല്‍ സിപിഐ. ഇടതുമുന്നണിയിലെ രണ്ടാംപാര്‍ട്ടിയാണ് സിപിഐ. മുന്നണിയുടെ നയപരിപാടികള്‍ നടപ്പാക്കി പുരോഗമനാശയങ്ങള്‍ നടപ്പാക്കാന്‍ കൈമെയ് മറന്നു പ്രവര്‍ത്തിക്കുന്നു പാര്‍ട്ടി എന്ന കാര്യത്തില്‍ ആര്‍ക്കും യാതൊരു സംശയവുമില്ല. വലിയേട്ടന് ചാട്ടം പിഴയ്ക്കുമ്പോഴെല്ലാം സിപിഐക്കാര്‍ കൂട്ടത്തോടെ പ്രത്യക്ഷപ്പെട്ട് തിരുത്താന്‍ പാടുപെടുന്നത് സിപിഎം വിരുദ്ധ പ്രവര്‍ത്തനമല്ല, മുന്നണിയുടെ ഭദ്രത തകര്‍ക്കാനുള്ള ശ്രമവുമല്ല. മറിച്ച് കേരളത്തിലെ ഇടതു-പുരോഗമന ശക്തികളെ കൂടുതല്‍ ബലപ്പെടുത്താനുള്ള ഉദ്യമം മാത്രമാണ്. കാനം രാജേന്ദ്രനും പന്ന്യന്‍ രവീന്ദ്രനുമെന്നല്ല, ഇക്കാര്യത്തില്‍ ഒറ്റ സിപിഐക്കാരനും യാതൊരുവിധ ദുരുദ്ദേശ്യവുമില്ല. ഒക്കച്ചങ്ങായിയല്ല, മച്ചുനിയന്‍ ചന്തുവാണ് സിപിഐ എന്ന് ശത്രുക്കള്‍ വെറുതെ പറഞ്ഞുനടക്കുന്നതാണെന്ന് നൂറുശതമാനം ഉറപ്പ്.
യദാ യദാഹിധര്‍മസ്യ, ഗ്ലാനിര്‍ഭവതി ഭാരത എന്നു പറയുന്നുണ്ടല്ലോ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഗീതോപദേശത്തില്‍. ധര്‍മത്തിന് ഗ്ലാനി സംഭവിക്കുന്നതെപ്പോഴാണോ, അപ്പോള്‍ ഞാനവതരിക്കും എന്നാണ് ഭഗവാന്‍ നല്‍കുന്ന ഉറപ്പ്. ഈ ഉറപ്പുതന്നെയാണ് സഖാവ് കാനം രാജേന്ദ്രനും നാട്ടുകാര്‍ക്കു നല്‍കുന്നത്. എപ്പോള്‍ ഇടതുമുന്നണിക്ക് അപചയമുണ്ടാവുന്നുവോ, അപ്പോള്‍ സിപിഐ തിരുത്തുമായി വരും. തോമസ്ചാണ്ടി പ്രശ്‌നത്തില്‍ പാര്‍ട്ടി ചെയ്തത് അതാണ്. മൂന്നാറില്‍ പാര്‍ട്ടി കൈക്കൊണ്ട നിലപാടില്‍ അതുണ്ട്. ഇടതുപക്ഷ ആശയങ്ങള്‍ക്ക് ഗ്ലാനി സംഭവിക്കുന്ന എന്തു കാര്യമുണ്ടാവുമ്പോഴും സിപിഎമ്മിന്റെ കൈപിടിച്ചു തിരുത്തിക്കാന്‍ സിപിഐ ഉണ്ട്. അല്ലെങ്കില്‍ സിപിഐ മാത്രമേയുള്ളു. ഈ ശുഭ്രസുന്ദര പ്രതിച്ഛായയുമായിട്ടാണ് കാനം രാജേന്ദ്രന്റെ നടപ്പും വര്‍ത്തമാനവുമെല്ലാം. ഇപ്പോഴായിരുന്നു എഴുത്തെങ്കില്‍ ‘സിപിഐയെന്നു കേട്ടാലഭിമാനപൂരിതമാവണം അന്തരംഗം’ എന്നായേനെ കവിവചനം!
ഇത്രയും അഭിമാനകരമായ ട്രാക്ക് റെക്കോഡുള്ള സിപിഐക്ക് ഇപ്പോള്‍ എന്തുപറ്റി? തോമസ്ചാണ്ടിയുടെ കാര്യത്തില്‍ ഏതറ്റം വരെയും പോവാന്‍ മടികാണിച്ചിരുന്നില്ല പാര്‍ട്ടിക്കാര്‍. ചാണ്ടി പങ്കെടുക്കുന്ന മന്ത്രിസഭാ യോഗം പോലും ബഹിഷ്‌കരിച്ചു സിപിഐ മന്ത്രിമാര്‍. അങ്ങനെ കൈയടി വാങ്ങിയ സിപിഐ മന്ത്രി ജലീലിന്റെ ബന്ധുനിയമന വിവാദമുണ്ടായപ്പോള്‍ മിണ്ടാതിരുന്നതെന്തുകൊണ്ടാണ് എന്ന ചോദ്യത്തിന് ഉത്തരം കിട്ടാതെ കുഴയുകയാണു കണ്ണന്‍. കാനം രാജേന്ദ്രന് നാക്കിറങ്ങിപ്പോയിട്ടില്ല. പാര്‍ട്ടിയില്‍ നിരവധി കൊച്ചു കാനം രാജേന്ദ്രന്‍മാരുണ്ട്. അവര്‍ക്കുമില്ല ഉരിയാട്ടം.
‘ഒരു നിശ്ചയവുമില്ലയൊന്നിനും, വരുമോരോ ദശ വന്നപോലെ പോം’ എന്ന് കവി പറഞ്ഞത് ഇതിനെപ്പറ്റിയൊക്കെയായിരിക്കാം അല്ലേ?

******

‘വൈ സോഷ്യലിസം’ എന്നൊരു ഗ്രന്ഥമുണ്ട്. എഴുതിയത് ജയപ്രകാശ് നാരായണന്‍. തുല്യതാബോധത്തിലധിഷ്ഠിതമായ സോഷ്യലിസ്റ്റ് സമൂഹം കെട്ടിപ്പടുക്കേണ്ട ആവശ്യകതയെ പറ്റിയാണ് ഈ കൃതി സമര്‍ഥിക്കുന്നത്. സമത്വമാണ് സോഷ്യലിസ്റ്റ് ആദര്‍ശത്തിന്റെ അടിത്തറ. ജയപ്രകാശ് നാരായണന്‍, റാം മനോഹര്‍ ലോഹ്യ, ആചാര്യ നരേന്ദ്രദേവ്, അച്യുത് പട്‌വര്‍ധന്‍ എന്നു തുടങ്ങി കേരളത്തില്‍ കെ ബി മേനോനും അരങ്ങില്‍ ശ്രീധരനും വരെയുള്ളവര്‍ സോഷ്യലിസത്തിന്റെ സമഭാവനാദര്‍ശനത്തിനാണ് ഊന്നല്‍ നല്‍കിയത്. എന്തുകൊണ്ടാണ് ഒരാള്‍ സോഷ്യലിസ്റ്റാവുന്നത് എന്ന് ഇപ്പറഞ്ഞ എല്ലാവര്‍ക്കും പൂര്‍ണ ബോധ്യമുണ്ട്. സമത്വസുന്ദരമായ ഒരു ലോകം സൃഷ്ടിക്കാന്‍ വേണ്ടി എന്നാണ് ഉത്തരം.
എന്നാല്‍, ഇപ്പോള്‍ എന്തുകൊണ്ട് സോഷ്യലിസം എന്ന ചോദ്യത്തിന് കേരളത്തിലെ ജനതാദള്‍-എസ് എന്ന പാര്‍ട്ടിക്കാര്‍ പുതിയൊരുത്തരം കണ്ടുപിടിച്ചിരിക്കുന്നു. ‘മന്ത്രിയാവാന്‍’ എന്ന ഈ ഉത്തരത്തിന്റെ ഉപജ്ഞാതാവ് സി കെ നാണുവേട്ടനാണ്. ഏതൊരാളും സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നത് മന്ത്രിയാവാനാണുപോലും. ഈ അന്തിമലക്ഷ്യം പാര്‍ട്ടി നിറവേറ്റിയേ തീരൂ. ചിറ്റൂരിലെ കെ കൃഷ്ണന്‍കുട്ടി സോഷ്യലിസ്റ്റായിട്ട് വര്‍ഷങ്ങളായി. സോഷ്യലിസ്റ്റ് പാര്‍ട്ടി എംഎല്‍എ ആണു കക്ഷി. ഇത്രയും കാലം സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവായി പ്രവര്‍ത്തിച്ച ആളെ മന്ത്രിയാക്കുക തന്നെ വേണം. അല്ലെങ്കില്‍ അതു പാര്‍ട്ടിയുടെ ലക്ഷ്യം നിറവേറ്റാതിരിക്കലാവും. നാണുവേട്ടന്റെ വാദം വളരെ സുതാര്യമാണ്. ദീര്‍ഘകാലം പാര്‍ട്ടി നേതാവായ ഒരാളെ മന്ത്രിയാക്കുക എന്നത് പാര്‍ട്ടിയുടെ ചുമതലയാണ്; അഥവാ അതാണു പാര്‍ട്ടി ധര്‍മം.
ഈ ധര്‍മം തന്നെയാണു പണ്ട് വീരേന്ദ്രകുമാര്‍ എന്ന സോഷ്യലിസ്റ്റും നിറവേറ്റിയത്. എന്തിനാണ് വീരന്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നത്? എംപിയാവാന്‍ വേണ്ടിത്തന്നെ. യുഡിഎഫില്‍ നിന്നാല്‍ എംപിയാവുകയില്ല. എല്‍ഡിഎഫിലേക്ക് പാര്‍ട്ടിയെ ഒന്നടങ്കം കൊണ്ടുപോവുന്നു. എംപി സ്ഥാനം കൈക്കലാക്കുന്നു. മന്ത്രിയും എംപിയും ആവാനല്ലെങ്കില്‍ പിന്നെയെന്തിന് സോഷ്യലിസ്റ്റാവണം എന്ന ചോദ്യം അതിനാല്‍ തീര്‍ത്തും ന്യായം. വൈ സോഷ്യലിസം എന്ന ചോദ്യത്തിന് കണ്ണന് ഇപ്പോള്‍ ശരിക്കും ഉത്തരം കിട്ടി. സ്വയം മന്ത്രിയോ എംപിയോ ആവാന്‍. അല്ലെങ്കില്‍ മകനെ എംഎല്‍എയോ മന്ത്രിയോ ആക്കാന്‍. അത്രതന്നെ. പാര്‍ട്ടിയിലുള്ള എല്ലാവരെയും മന്ത്രിയോ എംഎല്‍എയോ എംപിയോ ആക്കാനാവുമോ എന്നൊന്നും കണ്ണനോട് ചോദിക്കരുത്. ജനതാദള്‍ പാര്‍ട്ടിക്കാരെ സംബന്ധിച്ചിടത്തോളം അതത്ര ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല. എംഎല്‍എയും മന്ത്രിയുമൊന്നുമായില്ലെങ്കില്‍ വേണ്ട, പഞ്ചായത്ത് മെംബര്‍, ജില്ലാ-ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ തുടങ്ങി നിരവധി സ്ഥാനങ്ങളുടെ ഒഴിവുകള്‍ ഇപ്പോള്‍ ഭരണരംഗത്തുണ്ട്. ഏതെങ്കിലുമൊരു പദവിയില്‍ കയറിപ്പറ്റാന്‍ കഴിയണം. ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടും സ്ഥാനമൊന്നും കിട്ടുന്നില്ലെങ്കില്‍ അതൊരു അന്യായമല്ലേ? ഇപ്പോഴത്തെ സ്ഥിതിക്ക് ഒരുവിധപ്പെട്ട നേതാക്കന്‍മാര്‍ക്കൊക്കെ എന്തെങ്കിലും സ്ഥാനങ്ങള്‍ നല്‍കാന്‍ ജനതാദള്‍ രാഷ്ട്രീയക്കാര്‍ക്ക് സാധിച്ചേക്കാം, അത്രയല്ലേ പാര്‍ട്ടിയില്‍ ആളുള്ളൂ.
ഏതായാലും ഇത്രകാലം പ്രവര്‍ത്തിച്ചതിന്റെ പേരില്‍ കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട ആര്‍ജവത്തിന്റെ പേരില്‍ നാണുവേട്ടന് നൂറു നമസ്‌കാരം! നേതാക്കന്‍മാരായാല്‍ ഇങ്ങനെ തുറന്നങ്ങ് പറഞ്ഞേക്കണം, കെട്ടോ! ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss