|    Oct 16 Tue, 2018 1:38 pm
FLASH NEWS

മാട്ടുമല മൂന്ന് സെന്റ് കോളനിയില്‍ മണ്ണിടിഞ്ഞ ഭാഗം ഭിത്തികെട്ടി സംരക്ഷിക്കാന്‍ നടപടിയായില്ല

Published : 22nd September 2017 | Posted By: fsq

 

പുതുക്കാട്: നന്തിപുലം മാട്ടുമല മൂന്ന് സെന്റ് കോളനിയില്‍ മണ്ണിടിഞ്ഞ ഭാഗം ഭിത്തികെട്ടി സംരക്ഷിക്കാന്‍ നടപടിയായില്ല. അപകടാവസ്ഥയിലായ വീടുകളില്‍ നിന്നു മാറ്റിപ്പാര്‍പ്പിച്ച കുടുംബങ്ങള്‍ കഴിയുന്നത് അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്ത സ്ഥലത്ത്. കഴിഞ്ഞയാഴ്ചയിലുണ്ടായ ശക്തമായ മഴയിലാണ് മാട്ടുമല കോളനിയില്‍ മണ്ണിടിച്ചില്‍ ഉണ്ടായത്. പത്തോളം വീടുകള്‍ അപകടാവസ്ഥയിലാവുകയും ഇതില്‍ മൂന്ന് കുടുംബങ്ങളെ സമീപത്തുള്ള സാംസ്‌കാരിക നിലയത്തിലേക്ക് മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ശുചിമുറിയും വെള്ളവും വൈദ്യുതിയും ഇല്ലാത്ത സാംസ്‌കാരിക നിലയത്തില്‍ ഒരാഴ്ചയായി ദുരിതമനുഭവിക്കുകയാണ് പതിനഞ്ചോളം കോളനി നിവാസികള്‍. സ്വന്തം വീടുകളിലേക്ക് എന്ന് തിരിച്ചു പോകാന്‍ കഴിയുമെന്ന് അറിയാത്ത അവസ്ഥയിലാണ് കുട്ടികളും വയോധികരും അടങ്ങുന്ന കുടുംബങ്ങള്‍ സാംസ്‌കാരിക നിലയത്തില്‍ അന്തിയുറങ്ങുന്നത്. കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയില്‍ വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന ആക്ഷേപമുണ്ട്. ഡെപ്യൂട്ടി കലക്ടറും, തഹസില്‍ദാറും കഴിഞ്ഞ ദിവസം കോളനിയില്‍ എത്തിയെങ്കിലും സംരക്ഷണ ഭിത്തികെട്ടുന്ന കാര്യത്തില്‍ തീരുമാനം എടുക്കാതെ പോകുകയായിരുന്നുവെന്ന് കോളനി നിവാസികള്‍ ആരോപിച്ചു. വരും ദിവസങ്ങളില്‍ മഴ തുടര്‍ന്നാല്‍ വീടുകളോട് ചേര്‍ന്ന് മണ്ണിടിഞ്ഞ് പോകുമെന്ന ആശങ്കയിലാണ് കോളനിയിലുള്ളവര്‍. മണ്ണിടിച്ചില്‍ ഉണ്ടായ ദിവസം ജില്ലാ കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം ചാലക്കുടി തഹസില്‍ദാറുടെ നേതൃത്വത്തിലുള്ള സംഘം കോളനിയിലെത്തിയിരുന്നു. ഇടിഞ്ഞു പോയ ഭാഗം ഭിത്തികെട്ടി സംരക്ഷിക്കുന്നതിനുള്ള നടപടിയെടുക്കുമെന്ന് അറിയിച്ചുവെങ്കിലും തുടര്‍ നടപടികളൊന്നും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. ഭിത്തികെട്ടി സംരക്ഷിക്കാതെ വീടുകളില്‍ താമസിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് കുടുംബങ്ങള്‍.താത്ക്കാലികമായി മാറ്റി പാര്‍പ്പിച്ച കുടുംബങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ വരന്തരപ്പിള്ളി പഞ്ചായത്തിനും ജില്ലാ ഭരണകൂടത്തിനും വീഴ്ച്ച പറ്റിയതായും ആരോപണമുണ്ട്. കോളനിയില്‍ ജില്ലാ പഞ്ചായത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് പൂട്ടിയിട്ടിരിക്കുന്ന ഫഌറ്റ് തുറന്ന് കൊടുക്കണമെന്നും, താത്ക്കാലികമായി കുടുംബങ്ങളെ ഫഌറ്റിലേക്ക് മാറ്റി പാര്‍പ്പിക്കണമെന്നും കോളനി നിവാസികള്‍ ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss