|    Dec 19 Wed, 2018 6:39 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മാട്ടുപ്പെട്ടിയില്‍ ജലവൈദ്യുതി ഉല്‍പാദനം നിലച്ചിട്ട് നാലുമാസം

Published : 6th December 2018 | Posted By: kasim kzm

സി എ സജീവന്‍

തൊടുപുഴ: പ്രളയത്തെ തുടര്‍ന്നു തകരാറിലായ മാട്ടുപ്പെട്ടി ജലവൈദ്യുത പദ്ധതിയുടെ തകരാര്‍ പരിഹരിക്കാനാവുന്നില്ല. ഇവിടെ വൈദ്യുതോല്‍പാദനം നിലച്ചിട്ട് നാല് മാസമാ—വുന്നു. ആഗസ്ത് പകുതിയോടെയാണ് പവര്‍ഹൗസ് തകരാറിലായത്. രണ്ട് മെഗാവാട്ട് ഉല്‍പാദന ശേഷിയുള്ള ഒരു ജനറേറ്ററാണ് മാട്ടുപ്പെട്ടിയിലുള്ളത്.
പ്രളയത്തിനു ശേഷം ഇടയ്ക്ക് രണ്ട് തവണ മാട്ടുപ്പെട്ടി ഡാമിന്റെ ഷട്ടര്‍ അടച്ചിരുന്നു. എന്നാല്‍ കൂടുതല്‍ സമയവും ഷട്ടറുകള്‍ തുറന്ന് വെള്ളം ഒഴുക്കിവിടുകയായിരുന്നു. ഇതുവഴി ലക്ഷങ്ങളുടെ നഷ്ടമാണു വൈദ്യുതി ബോര്‍ഡിനുണ്ടായത്. ജലനിരപ്പ് താഴ്ന്നതോടെ ഒരാഴ്ച മുമ്പാണു ഡാമിന്റെ ഷട്ടര്‍ താഴ്ത്തിയത്. മാട്ടുപ്പെട്ടിയുടെ സ്റ്റോറേജ് ഡാമായ കുണ്ടള ഡാമില്‍ നിന്ന് ആഴ്ചകളോളം വെള്ളം തുറന്നുവിട്ടിരുന്നു. ഇതുവഴിയും വലിയ നഷ്ടമുണ്ടായി. പ്രളയത്തില്‍ വെള്ളം കയറിയാണ് മാട്ടുപ്പെട്ടിയിലെ പവര്‍ഹൗസ് തകരാറിലായത്.
ഡാമിന് തൊട്ട് താഴെയായാണ് പവര്‍ഹൗസ് സ്ഥിതി ചെയ്യുന്നത്. മാട്ടുപ്പെട്ടിയില്‍ നിന്ന് തുറന്നുവിടുന്ന വെള്ളം പള്ളിവാസലിലും അവിടെ നിന്ന് ചെങ്കുളത്തും വൈദ്യുതി ഉല്‍പാദിപ്പിച്ച ശേഷം കല്ലാര്‍ക്കുട്ടി ഡാമിലാണ് എത്തുന്നത്. പള്ളിവാസലിലെ രണ്ടു ജനറേറ്ററുകള്‍ പെന്‍സ്റ്റോക്കിലെ തകരാര്‍ മൂലം രണ്ടാഴ്ച മുമ്പ് പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു. ഇവിടെ നിലവില്‍ 18.4 മെഗാവാട്ടാണ് ഉല്‍പാദനം.
മാട്ടുപ്പെട്ടിയടക്കം നിരവധി ചെറുകിട വൈദ്യുത പദ്ധതികളാണ് പ്രളയം കഴിഞ്ഞ് മൂന്നരമാസം പിന്നിട്ടിട്ടും പ്രവര്‍ത്തനം ആരംഭിക്കാതെ കിടക്കുന്നത്. അതേസമയം, മാട്ടുപ്പെട്ടിയില്‍ ജനറേറ്ററിന്റെ അടക്കം 90 ശതമാനം അറ്റകുറ്റപ്പണിയും തീര്‍ന്നതായി അധികൃതര്‍ പറഞ്ഞു. ഇനി സാങ്കേതിക പരിശോധനകള്‍ മാത്രമാണ് അവശേഷിക്കുന്നതെന്നും അവര്‍ വ്യക്തമാക്കുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss