|    Nov 20 Tue, 2018 1:33 am
FLASH NEWS
Home   >  Todays Paper  >  page 12  >  

മാഞ്ഞുപോയത് ഏകതയുടെ ചാന്ദ്രസത്യം വിളിച്ചുപറഞ്ഞ പണ്ഡിതന്‍

Published : 1st February 2018 | Posted By: kasim kzm

റസാഖ്   മഞ്ചേരി

മലപ്പുറം: എ അബ്ദുസ്സലാം സുല്ലമിയുടെ വിയോഗത്തോടെ മാഞ്ഞുപോയത് ഏകതയുടെ ചാന്ദ്രസത്യം സമുദായത്തോട് വിളിച്ചുപറഞ്ഞ മഹാ പണ്ഡിതന്‍. നൂറ്റാണ്ടിലെ ഏറ്റവും ബൃഹത്തായ ചന്ദ്രഗ്രഹണ ദിവസം തന്നെ അദ്ദേഹം ലോകത്തോട് വിടപറഞ്ഞത് നിയോഗം. വിശുദ്ധ വേദത്തിന്റെ വ്യാഖ്യാനം, സ്വഹീഹുല്‍ ബുഖാരി വ്യാഖ്യാനം, രിയാളുസ്വാലിഹീന്‍, നൂറുല്‍ യഖീന്‍ പരിഭാഷ എന്നിവയുള്‍പ്പെടെ 94 ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. അന്ധവിശ്വാസങ്ങളോട് കലഹിച്ച ആറര പതിറ്റാണ്ടിന്റെ സമരജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. എടവണ്ണയിലെ മുജാഹിദ് പ്രസ്ഥാനത്തിന്റെ സ്ഥാപകാംഗമായിരുന്ന അലവി മൗലവിയുടെ മകനായി 1950 ജൂ ണ്‍ ഒന്നിനു പിറന്ന അദ്ദേഹം അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരേ അവിശ്രമം സമരം ചെയ്തു. മുജാഹിദ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയിലും പ്രബോധനവഴിയിലും നിറസാന്നിധ്യമായിരുന്നു അദ്ദേഹം. 30 വര്‍ഷം എടവണ്ണ ജാമിഅ നദ്‌വിയ്യയില്‍ അധ്യാപകനായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് സര്‍ക്കാര്‍ അധ്യാപക ജോലി രാജിവച്ചാണ് ജാമിഅയില്‍ ചേര്‍ന്നത്. 2002ല്‍ സംഘടനയില്‍ ഉണ്ടായ പിളര്‍പ്പിനെ തുടര്‍ന്നു കേരള ജംഇയ്യത്തുല്‍ ഉലമയില്‍ നിന്നു പടിയിറങ്ങുംവരെ സലഫി ചിന്താധാരയുടെ ഊര്‍ജസ്രോതസ്സുകളില്‍ ഒന്നായിരുന്നു അദ്ദേഹം. പക്ഷം ചേരാതെ നിന്നെങ്കിലും ഒരു വിഭാഗം ഹദീസ് നിഷേധിയെന്ന് അദ്ദേഹത്തെ നാല്‍ക്കവലയില്‍ വിളിച്ചുകൂവി. അപ്പോഴും മുന്‍ഗാമികളായ മഹാപണ്ഡിതരുടെ പഠനങ്ങളെ അധികരിച്ചാണ് പ്രമുഖ ഗ്രന്ഥങ്ങളിലെ ഹദീസുകള്‍ അസ്വീകാര്യമെന്ന് താന്‍ പറഞ്ഞതെന്ന് പണ്ഡിതോചിതമായി അദ്ദേഹം മറുപടി കൊടുത്തു. ശാസ്ത്രീയ അടിത്തറയില്‍ ഖുര്‍ആനെ ആധുനിക വായനയ്ക്ക് വിധേയമാക്കിയ അദ്ദേഹം സമകാലിക സമസ്യകളോട് സംവദിക്കാന്‍ വിജ്ഞാനദാഹികളെ പ്രാപ്തമാക്കി. അല്‍ ഇസ്‌ലാഹ് മാസിക അദ്ദേഹത്തിന്റെ കാര്‍മികത്വത്തിലായിരുന്നു പ്രസിദ്ധീകരിച്ചിരുന്നത്. ശാസ്ത്രീയ ഗോളശാസ്ത്ര നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ നോമ്പും ഹജ്ജുമെല്ലാം ഏകോപിപ്പിച്ച് മുസ്‌ലിം സമുദായത്തെ ഒന്നിപ്പിക്കാന്‍ സാധിക്കുമെന്ന ഐക്യസന്ദേശവും അദ്ദേഹം കൈരളിക്കു മുന്നില്‍ അവതരിപ്പിച്ചു. ചാന്ദ്രയാഥാര്‍ഥ്യങ്ങളെയും പ്രവാചകന്റെ അധ്യാപനങ്ങളെയും വിശദമാക്കി ‘ചന്ദ്രമാസ നിര്‍ണയം: കണക്കും കാഴ്ചയും’ എന്ന ഗ്രന്ഥവും രചിച്ചിട്ടുണ്ട്. അലി മണിക്ഫാന്‍ മുന്നോട്ടുവച്ച ചാന്ദ്ര കലണ്ടര്‍ അദ്ദേഹം ശരിവയ്ക്കുകയും ചെയ്തു. പ്രവാചകന് ആഭിചാരബാധയേറ്റുവെന്ന വിശ്വാസം, ജിന്ന്, കണ്ണേറുബാധ, സംസംജലത്തിന്റെ പ്രത്യേകത തുടങ്ങിയ വിഷയങ്ങളില്‍ അദ്ദേഹത്തിന്റെ രചനകളും പ്രഭാഷണങ്ങളും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. 2002ലെ പിളര്‍പ്പിനു ശേഷം മടവൂര്‍ വിഭാഗത്തിന്റെ വേദികളില്‍ മാത്രമാണ് അദ്ദേഹത്തിനു സ്വീകാര്യത ലഭിച്ചിരുന്നത്. പകരക്കാരനില്ലാത്ത ഗുരുശ്രേഷ്ഠനെയാണ് വിജ്ഞാനദാഹികള്‍ക്ക് സലാം സുല്ലമിയുടെ വിയോഗത്തോടെ നഷ്ടമായിരിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss