|    Apr 20 Fri, 2018 4:33 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

മാഞ്ചസ്റ്ററും പുറത്ത്

Published : 30th October 2015 | Posted By: SMR

ലണ്ടന്‍: ക്യാപിറ്റല്‍ വണ്‍ കപ്പ് ഫുട്‌ബോളില്‍ നിന്ന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മറ്റൊരു വമ്പന്‍ ടീമിനു കൂടി അപ്രതീക്ഷിത മടക്കടിക്കറ്റ്. മുന്‍ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡാണ് നാലാംറൗണ്ടില്‍ തോറ്റു പുറത്തായത്. അതേസമയം, മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍, സതാംപ്റ്റന്‍ എന്നിവര്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്കു മുന്നേറി.
ഹോംഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ രണ്ടാം ഡിവിഷന്‍ ടീമായ മിഡില്‍സ്‌ബ്രോയാണ് പെനല്‍റ്റി ഷൂട്ടൗട്ടില്‍ 1-3ന് റെഡ് ഡെവിള്‍സിനെ അട്ടിമറിച്ച ത്. നിശ്ചിതസമയത്തും അധികസമയത്തും ഗോള്‍ പിറക്കാതിരുന്നതോടെയാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്. ഷൂട്ടൗട്ടില്‍ ആന്ദ്രെസ് പെരേരയ്ക്കു മാത്രമേ മാഞ്ചസ്റ്ററിനായി ലക്ഷ്യം കാണാനായുള്ളൂ. ക്യാപ്റ്റന്‍ വെയ്ന്‍ റൂണി, ആഷ്‌ലി യങ് എന്നിവരുടെ കിക്കുകള്‍ മിഡില്‍സ്‌ബ്രോ ഗോളി തോമസ് മെജിയാസ് തടുത്തിട്ടപ്പോള്‍ മൈക്കല്‍ കാരിക്കിന്റെ ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പറന്നു.
മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ ആധിപത്യം പുലര്‍ത്തിയെങ്കിലും ഗോള്‍ അകന്നുനിന്നു. ഫ്രഞ്ച് സ്‌ട്രൈക്കര്‍ ആന്റണി മാര്‍ഷ്യലായിരുന്നു മാഞ്ചസ്റ്റര്‍ നിരയില്‍ ഏറ്റവും അപകടകാരി.
മിഡില്‍സ്‌ബ്രോയ്ക്കും ചില ഗോളവസരങ്ങള്‍ ലഭിച്ചെങ്കിലും മാഞ്ചസ്റ്റര്‍ ഗോളി സെര്‍ജിയോ റൊമേറോയെ കബളിപ്പിക്കാനായില്ല. റൂണി, മാര്‍ഷ്യല്‍, യുവാന്‍ മാറ്റ, ആന്‍ഡര്‍ ഹെരേര, ബാസ്റ്റ്യന്‍ ഷ്വാന്‍സ്റ്റൈഗര്‍, ഡേവിഡ് ഡെഹെയ എന്നിവരില്ലാതെയാണ് മാഞ്ചസ്റ്റര്‍ കോച്ച് ലൂയിസ് വാന്‍ഗാല്‍ പ്ലെയിങ് ഇലവനെ പ്രഖ്യാപിച്ചത്.
മിന്നുന്ന ഫോമിലുള്ള മാഞ്ചസ്റ്റര്‍ സിറ്റി ക്രിസ്റ്റല്‍ പാലസിനെയാണ് 5-1നു മുക്കിയത്. ഒരു ഗോള്‍ നേടുകയും രണ്ടു ഗോളിനു വഴിയൊരുക്കുകയും ചെയ്ത യുവതാരം കെലെച്ചി ഇഹിയെനാച്ചോയാണ് സിറ്റിയുടെ ഹീറോ. വില്‍ഫ്രഡ് ബോണി, കെവിന്‍ ഡിബ്രൂയ്ന്‍, യായാ ടൂ റെ, മാന്വല്‍ ഗാര്‍ഷ്യ എന്നിവര്‍ ഓരോ തവണ ലക്ഷ്യംകണ്ടു.
ബേണ്‍മൗത്തിനെയാണ് ലിവര്‍പൂള്‍ 1-0നു മറികടന്നത്. 17ാം മിനിറ്റില്‍ നതാനിയേല്‍ ക്ലെയ്‌നാണ് വിജയഗോള്‍ നേടിയത്. പുതിയ കോച്ച് യുര്‍ഗന്‍ ക്ലോപ്പിനു കീഴില്‍ ലിവര്‍പൂളിന്റെ കന്നി ജയം കൂടിയായിരുന്നു ഇത്.
അതേസമയം, സതാംപ്റ്റന്‍ 1-0ന് ആസ്റ്റന്‍വില്ലയെ തോല്‍പ്പിച്ചാണ് അവസാന എട്ടിലെത്തിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss