|    Dec 11 Tue, 2018 12:03 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

മാഞ്ചസ്റ്റര്‍ യുനൈറ്റഡ്-ആഴ്‌സനല്‍ പോരാട്ടം സമനിലയില്‍

Published : 7th December 2018 | Posted By: kasim kzm

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ആഴ്‌സനല്‍ സൂപ്പര്‍ പോരാട്ടം സമനിലയില്‍. മറ്റൊരു മല്‍സരത്തില്‍ കരുത്തരായ ചെല്‍സിയെ ഞെട്ടിച്ച് വോള്‍വ്‌സിന് മിന്നുന്ന ജയം. യുനൈറ്റഡ് ആഴ്‌സനല്‍ മല്‍സരത്തില്‍ ഇരുടീമുകളും രണ്ടുഗോള്‍ വീതം നേടിയാണ് സമനിലയില്‍ പിരിഞ്ഞത്. യുനൈറ്റഡ് മൈതാനമായ ഓള്‍ഡ് ട്രഫോഡില്‍ നടന്ന മല്‍സരത്തില്‍ ആഴ്‌സനലാണ് ആദ്യം ഗോള്‍ നേടിയത്. ഇരുപത്തിയാറാം മിനുട്ടില്‍ മുസ്തഫിയാണ് ആഴ്‌സനലിനെ മുന്നിലെത്തിച്ചത്. തൊട്ടുപിന്നാലെ മുപ്പതാം മിനിറ്റില്‍ ആന്റണി മാര്‍ഷ്യലിലൂടെ യുനൈറ്റഡ് ഒപ്പമെത്തി.
അറുപത്തിയെട്ടാം മിനിറ്റില്‍ മാര്‍ക്കോസ് റോജോയുടെ ഓണ്‍ഗോളിലൂടെ വീണ്ടും ആഴ്‌സനല്‍ മുന്നിലെത്തിയെങ്കിലും തൊട്ടടുത്ത മിനിറ്റില്‍ ജെസെ ലിംഗാര്‍ഡിലൂടെ യുനൈറ്റഡ് സമനില പിടിച്ചു. ലീഗില്‍ 15 മല്‍സരങ്ങളില്‍ നിന്നായി 31 പോയിന്റുള്ള ആഴ്‌സനല്‍ അഞ്ചാമതും 23 പോയിന്റോടെ യുനൈറ്റഡ് എട്ടാമതുമാണ്. 5 റൗണ്ട് മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ സിറ്റിക്ക് 41ഉം രണ്ടാമതുള്ള ലിവര്‍പൂളിന് 39ഉം പോയിന്റാണുള്ളത്.
മല്‍സരത്തില്‍ 71 ശതമാനവും പന്ത് കൈവശം വച്ചെങ്കിലും ചെല്‍സിയെ ഒന്നിനെതിരെ രണ്ട് ഗോളിന് വോള്‍വ്‌സ് പരാജയപ്പെടുത്തുകയായിരുന്നു. റൂബന്‍ ലോഫ്റ്റസ് ചീക്കിലൂടെ 18ാം മിനിറ്റില്‍ ചെല്‍സിയാണ് ആദ്യം ഗോള്‍ നേടിയത്. പീന്നീട് രണ്ടാം പകുതിയില്‍ കിട്ടിയ രണ്ട് അവസരങ്ങളും ഗോളാക്കിയ വോള്‍വ്‌സ് ജയം പിടിച്ചെടുത്തു. 59, 63 മിനുട്ടുകളിലായിരുന്നു ഗോളുകള്‍. 31 പോയിന്റുള്ള ചെല്‍സി ലീഗിള്‍ നാലാമതാണ്.
മറ്റൊരു മല്‍സരത്തില്‍ ലിവര്‍പൂള്‍ ബേണ്‍ലിയെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോല്‍പിച്ചു. 54ാം മിനിറ്റില്‍ ജാക്ക് കോര്‍ക്കിന്റെ ഗോളിലൂടെ ബേണ്‍ലിയാണ് ആദ്യം മുന്നിലെത്തിയത്. 62ാം മിനിറ്റില്‍ ജെയിംസ് മില്‍നര്‍ നേടിയ ഗോളിലൂടെ ലിവര്‍പൂള്‍ ഒപ്പമെത്തി. 69ാം മിനുട്ടില്‍ ബ്രസീലിയന്‍ താരം റോബര്‍ട്ടോ ഫിര്‍മിനോ ലീഡുയര്‍ത്തി. ഇഞ്ചുറിടൈം ഗോളിള്‍ ഷെര്‍ദാന്‍ ഷാഖിരി പട്ടിക പൂര്‍ത്തിയാക്കി. 39 പോയിന്റുമായി ലീഗില്‍ രണ്ടാമതാണ് ലിവര്‍പൂള്‍.
അതേസമയം സതാംപ്റ്റണെ ഒന്നിനെതിരെ മൂന്ന് ഗോളിന് ടോട്ടനം തോല്‍പിച്ചു. ടോട്ടനം ഹോട്‌സ്പര്‍ ലീഗില്‍ മൂന്നാം സ്ഥാനത്തേക്ക് കയറി. ഒന്‍പതാം മിനിറ്റില്‍ ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ ആണ് ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. 51ാം മിനുട്ടില്‍ ലൂക്കാസ് മൗറയും 55ാം മിനുട്ടില്‍ സണ്‍ ഹ്യു മിന്നും ലീഡുയര്‍ത്തി. ഇഞ്ചുറി ടൈമില്‍ ചാര്‍ളി ഓസ്റ്റിന്‍ ആണ് സതാംപ്റ്റണിന്റെ ആശ്വാസ ഗോള്‍ നേടി കൊടുത്തത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss