|    Aug 18 Sat, 2018 4:12 am
FLASH NEWS

മാക്കൂട്ടം ചുരം: വലിയ വാഹനങ്ങള്‍ക്ക് നിരോധനം തുടരും

Published : 3rd August 2018 | Posted By: kasim kzm

ഇരിട്ടി: ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വലിയ വാഹനങ്ങള്‍ക്കുള്ള ഗതാഗതം നിരോധിച്ച ഇരിട്ടി-വീരാജ്‌പേട്ട അന്തര്‍ സംസ്ഥാനപാതയില്‍ റോഡ് നവീകരണത്തിനു കാലവര്‍ഷം കഴിയുന്നതു വരെ കാത്തിരിക്കേണ്ടിവരും. അതുവരെ വലിയ വാഹനങ്ങള്‍ക്കുള്ള നിരോധനം തുടരും. റോഡ് ബലപ്പെടുത്താനും തകര്‍ന്ന ഭാഗങ്ങള്‍ പുനസ്ഥാപിക്കാനുമുള്ള ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചു.
പൂര്‍ണ സുരക്ഷ ഉറപ്പുവരുത്തി മാത്രമേ വലിയ വാഹനങ്ങള്‍ കടത്തിവടുകയുള്ളുവെന്ന് മടിക്കേരി അസി. കമ്മീഷണര്‍ ശ്രീവിദ്യ പറഞ്ഞു. നിര്‍മാണ പ്രവൃത്തികള്‍ക്ക് ഫണ്ടിന്റെ പ്രശ്‌നമില്ല. മഴക്കാലത്ത് നിര്‍മാണം ആരംഭിക്കുന്നത് സുരക്ഷിതമല്ലെന്നു കണ്ടതിനെ തുടര്‍ന്നാണ് മറ്റു നടപടികള്‍ വൈകുന്നതെന്നും അവര്‍ പറഞ്ഞു. താല്‍ക്കാലിക അറ്റകുറ്റപ്പണി നടത്തി ചെറിയ വാഹനങ്ങള്‍ക്കുള്ള നിരോധനം ഒരുമാസം മുമ്പ് പിന്‍വലിച്ചിരുന്നു. 16 കിലോമീറ്ററോളം വരുന്ന ചുരം റോഡില്‍ 99 സ്ഥലങ്ങളിലാണ് മണ്ണിടിച്ചല്‍ ഉണ്ടായത്.
മാക്കൂട്ടം മുതല്‍ പെരുമ്പാടി വാരം നാലിടങ്ങളില്‍ റോഡ് ഇടിഞ്ഞുപോയിരുന്നു. ഇവിടങ്ങളില്‍ താല്‍ക്കാലിക അറ്റകുറ്റപ്പണി നടത്തിയാണ് ചെറിയ വാഹനങ്ങള്‍ക്ക് പ്രവേശനാനുമാതി നല്‍കിയത്. ഇടിഞ്ഞ ഭാഗങ്ങളില്‍ ബാരിക്കേഡ് സ്ഥാപിച്ച് ഒരുസമയം ഒരു വാഹനം മാത്രം കടന്നുപോവാനുള്ള സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കാറും ജീപ്പും ഉള്‍പ്പെടെയുള്ള ചെറിയ വാഹനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ഇതുവഴി കടന്നുപോവുന്നത്. വലിയ വാഹനങ്ങള്‍ നിരോധിച്ച് കൂട്ടുപുഴയിലും പെരുമ്പാടിയിലും ട്രാഫിക് നിയന്ത്രണ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
ബസ് ഗതാഗതം ഇല്ലാത്തതിനാല്‍ കൂട്ടുപുഴയില്‍ നിന്നും പെരുമ്പാടിയില്‍ നിന്നും സമാന്തര സര്‍വീസുകളും ആരംഭിച്ചിട്ടുണ്ട്. 16 കിലോമീറ്റര്‍ യാത്രയ്ക്കു 150ഓളം രൂപ വരെയാണ് ഈടാക്കുന്നത്. അടിയന്തിര അറ്റകുറ്റപ്പണിക്കായി കര്‍ണാടക പൊതുമാരാമത്ത് വകുപ്പ് 57 ലക്ഷം രൂപയാണു ചെലവഴിച്ചത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss