|    Oct 22 Mon, 2018 3:10 pm
FLASH NEWS

മാക്കൂട്ടംചുരം റോഡില്‍ അപകടപരമ്പര; 25പേര്‍ക്കു പരിക്ക്

Published : 7th September 2017 | Posted By: fsq

 

ഇരിട്ടി: ഇരിട്ടി-വീരാജ്‌പേട്ട അന്തര്‍ സംസ്ഥാന പാതയില്‍ മാക്കൂട്ടം ചുരം റോഡില്‍ 24 മണിക്കൂറിനുള്ളിലുണ്ടായ നാലു വ്യത്യസ്ത വാഹനാപകടങ്ങളില്‍ 25പേര്‍ക്ക് പരിക്ക്. ഓണം-ബക്രീദ് അവധി ആഘോഷിക്കാന്‍ വിനോദ സഞ്ചാരികളായി വിരാജ്‌പേട്ട ഭാഗങ്ങളിലേക്ക് പോയവരാണ് അപകടത്തില്‍പ്പെട്ടത്. മാക്കൂട്ടത്തിനും പെരുമ്പാടിക്കും ഇടയില്‍ 10 കിലോമീറ്ററിനുള്ളിലാണ് അപകടങ്ങള്‍ നടന്നത്. 20തോളം യാത്രക്കാരുമായി വരികയായിരുന്ന ട്രാവലര്‍ നിയന്ത്രണം വിട്ട് ചുരത്തില്‍ 15 അടിയോളം താഴ്ച്ചയില്‍ മറിഞ്ഞ് 15ഓളം പേര്‍ക്ക് പരിക്കേറ്റു. കണ്ണൂരില്‍ നിന്നു മടിക്കേരിയിലേക്കു പോയി തിരിച്ചുവരികയായിരുന്ന സംഘം സഞ്ചരിച്ച ട്രാവലറാണ് ബുധനാഴ്ച്ച പുലര്‍ച്ചെ അപകടത്തില്‍പെട്ടത്. കണ്ണൂരിലെ മുഹമ്മദ് മന്‍സിലില്‍ കമാല്‍(50), ഫിസ മന്‍സിലില്‍ സലാം(42), മുഹമ്മദ് മന്‍സിലില്‍ മുഹസിറ(22), മുഹസിറയുടെ ഒരുവയസ്സ് പ്രായമായ മകള്‍, രഹാന(30), തന്‍സീറ(28), അന്‍വര്‍(35), ഫയാസ്(40) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂരിലെയും ഇരിട്ടിയിലെയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ പ്രഥമിക ചികില്‍സ നല്‍കി വിട്ടയച്ചു. തലകീഴായി മറിഞ്ഞ ട്രാവലറില്‍ നിന്നു ഏറെ പണിപ്പെട്ടാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. പെരുമ്പാടിക്ക് സമീപത്തെ ഹനുമാന്‍ സ്വാമി ക്ഷേത്രത്തിനടുത്താണ് മറ്റു മൂന്ന് അപകടങ്ങളും നടന്നത്. കാറുകള്‍ തമ്മില്‍ കൂട്ടിമുട്ടി 10 പേര്‍ക്ക് പരിക്കേറ്റു. ചുരം റോഡിലെ വളവില്‍ വച്ച് എതിര്‍ദിശയില്‍ വരികയായിരുന്ന കാറുകളാണ് അപകടത്തില്‍പെട്ടത്. ഇരുകാറുകളുടെയും മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ഇരുകാറുകളിലുമുണ്ടായിരുന്ന വലിയന്നൂരിലെ സുനില്‍കുമാര്‍(46), പെരളശ്ശേരിയിലെ ബൈജു(40), മാലൂര്‍ സ്വദേശികളായ ദേവദാസ്(49), സലീം ((59), മോഹനന്‍(45), അഹമ്മദ്(59), വിനോദ്(48), രാജു(57), തലശ്ശേരി സ്വദേശി അഷ്‌റഫ്(40) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഇരിട്ടി അമല ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മൈസൂരുവില്‍ നിന്നു കണ്ണൂരിലേക്ക് പച്ചക്കറി കയറ്റിവരികയായിരുന്ന വാന്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു. വാനില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ ഉണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മണ്ണുമാന്ത്രി യന്ത്രം ഉപയോഗിച്ച് ഏറെ പണിപ്പെട്ടാണ് വാന്‍ കുഴിയില്‍ നിന്നു കയറ്റിയത്. പെരുമ്പാടി തടാകത്തിന് സമീപം ട്രാവലര്‍ കാറിലിടിച്ച് കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും കര്‍ന്നു. പാനൂര്‍ സ്വദേശികള്‍ വീരാജ്‌പേട്ടയിലെ കുടുംബവീട്ടില്‍ പോയി തിരിച്ചുവരുമ്പോഴാണ് അപകടം. കാറിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വീതികുറഞ്ഞ ചുരം റോഡിലെ അശ്രദ്ധയോടെയുള്ള ഡ്രൈവിങും അമിതവേഗതയുമാണ് അപകടത്തിനിടയാക്കുന്നത്. എല്ലാ അപകടങ്ങളും രാത്രി 10നു ശഷമാണ് നടക്കുന്നത്. ഓണം അവധിയായതിനാല്‍ ചുരം റോഡിലൂടെ വന്‍തോതില്‍ സഞ്ചാരികളാണ് കര്‍ണാടകയിലേക്ക് പോവുന്നത്..

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss