|    Jan 22 Sun, 2017 3:55 pm
FLASH NEWS

മഹാശ്വേതാദേവിയുടെ മടക്കം കേരളം തൊട്ടറിഞ്ഞ്

Published : 29th July 2016 | Posted By: SMR

ഇ ജെ   ദേവസ്യ

കോഴിക്കോട്: 2013ല്‍ തന്റെ പ്രശസ്തമായ നോവല്‍ ബഷായ് ടുഡു ഒരു മലയാള ആനുകാലികത്തില്‍ വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിക്കാന്‍ അനുമതി നല്‍കിക്കൊണ്ട് മഹാശ്വേതാദേവി എഴുതി, എന്റെ ബഷായിയെ ഞാന്‍ ടി പി ചന്ദ്രശേഖരന് സമര്‍പ്പിക്കുന്നുവെന്ന്.
ധക്കയില്‍ ജനിച്ച് ബംഗാളില്‍ വളര്‍ന്ന ലോകം ബഹുമാനിക്കുന്ന ആ വലിയ എഴുത്തുകാരിക്ക് തന്റെ നോവലില്‍ ജനിച്ച്, ഭരണകൂടത്താല്‍ നിരന്തരം വേട്ടയാടപ്പെടുകയും കൊലചെയ്യപ്പെടുകയും ചെയ്ത ബഷായി എന്ന കഥാപാത്രത്തോട് ടി പി ചന്ദ്രശേഖരനു സാമ്യമുണ്ടെന്നു തോന്നാന്‍ കാരണങ്ങള്‍ എന്താവുമെന്ന് അന്വേഷിക്കേണ്ടതില്ല.
മഹാശ്വേതാദേവിയുടെ ജീവചരിത്രം ബ്രിട്ടിഷ് ഇന്ത്യ, സ്വതന്ത്ര്യ ഇന്ത്യ എന്ന രണ്ടുകാലഘട്ടത്തോട് ഒരുനൂറ്റാണ്ടോളം മുഖാമുഖം നോക്കിനിന്ന ഒരു എഴുത്തുകാരിയുടേതും ആക്ടിവിസ്റ്റിന്റേതും മാത്രമല്ല, ഊതിവീര്‍പ്പിക്കപ്പെട്ട പശ്ചിമബംഗാള്‍ ഇടതുരാഷ്ട്രീയത്തിനും ഭരണകൂടനിലപാടിനുമിടയിലെ ദലിത്-ആദിവാസി കര്‍ഷക ജീവിതങ്ങളുടെ തുറന്നുപറച്ചില്‍ കൂടിയാണ്. ബംഗാളില്‍ ഇടതുപക്ഷം അധികാരത്തില്‍ വന്നപ്പോള്‍ ഏറ്റവും അധികം സന്തോഷിച്ചത് താനായിരുന്നുവെന്ന് ഒരിക്കല്‍ അവര്‍ പറഞ്ഞിട്ടുണ്ട്. എന്നാ ല്‍, 35 വര്‍ഷത്തെ ഭരണം പാതിവഴിയിലെത്തും മുമ്പേ അവര്‍ക്ക് അഭിപ്രായം മാറ്റേണ്ടിവന്നു. പിന്നെയാണ് ഇടതു ഭരണകൂടത്തിന്റെ ഏറ്റവും വലിയ വിമര്‍ശകയും കണ്ണിലെ കരടുമായി മാറിയത്. തുടര്‍ന്ന് അവര്‍ അവിടത്തെ ദലിതര്‍ക്കും ആദിവാസികള്‍ക്കുമൊപ്പം അവരിലൊരാളായി സമരരംഗത്തിറങ്ങി.
സിംഗൂരിലും നന്ദിഗ്രാമിലും സര്‍ക്കാര്‍ നടപ്പാക്കിയ വിവാദനയങ്ങളെ വിമര്‍ശിച്ചു. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍പോലും നിറവേറ്റാതെ ഭരണം നടത്തിയ സിപിഎമ്മിനെ അനുകൂലിച്ചെഴുതുന്നത് നിര്‍ത്തി എന്നവര്‍ തുറന്നുപറഞ്ഞു. ടി പി ചന്ദ്രശേഖരനെ തന്റെ കഥാപാത്രത്തോടു സാമ്യപ്പെടുത്തിയ കഥാകാരി കേരളത്തിലെ സിപിഎമ്മിനെ വിമര്‍ശിച്ചപ്പോള്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ക്കു പിന്നാലെ പായുന്ന പാര്‍ട്ടിയെ നാടിന് പുറത്താക്കുകയാണു വേണ്ടതെന്നും ഈ ഗുണ്ടായിസമാണു ബംഗാളിലെ അവരുടെ അവസാനം കുറിച്ചതെന്നും ഓര്‍മപ്പെടുത്തി.
സിപിഎം ഭരണത്തിന്റെ അവസാന നാളുകളില്‍ ബംഗാളിലെ സാംസ്‌കാരികപ്രവര്‍ത്തകരെയും എഴുത്തുകാരെയുമെല്ലാം ഒപ്പം നിര്‍ത്താന്‍ പാര്‍ട്ടി ശ്രമിച്ചപ്പോള്‍ മഹാശ്വേതാദേവി അതില്‍പ്പെടാതെ വിട്ടുനിന്നു. പശ്ചിമബംഗാളിലെ ഇടത് അപചയം കേരളത്തിലും സംഭവിക്കുന്നുണ്ടെന്ന് പല അവസരങ്ങളിലും അവര്‍ ചൂണ്ടിക്കാട്ടി.
ടി പി ചന്ദ്രശേഖരന്‍ വധത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളും സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണിയുടെ പ്രസംഗത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങളും പിണറായി വിജയനുമായി എഴുത്തുകളിലൂടെ വിമര്‍ശനാത്മകമായി സംവദിച്ചതും ഇവിടത്തെ ആദിവാസികളെയും കര്‍ഷകരെയുംകുറിച്ച ആശങ്കകള്‍ പശ്ചിമബംഗാളിനോട് താരതമ്യപ്പെടുത്തിയുള്ള മുഖാമുഖങ്ങളും ഒക്കെ ഇതു സാക്ഷ്യപ്പെടുത്തുന്നു. ഏറ്റവും ഒടുവില്‍ ടി പി ചന്ദ്രശേഖരന്റെ രക്തം വീണു ചുവന്ന വള്ളിക്കാട്ടെ ഒരുപിടി മണ്ണ് വാരി തന്റെ ബാഗില്‍ സൂക്ഷിച്ച് കണ്ണീരോടെ മടങ്ങിയതും ഇടതു വിമര്‍ശനം തന്നെയായിരുന്നല്ലോ.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 29 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക