|    Apr 22 Sun, 2018 12:34 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

മഹാശ്വേതാദേവിക്ക് വിട

Published : 29th July 2016 | Posted By: SMR

കൊല്‍ക്കത്ത: അടിച്ചമര്‍ത്തപ്പെട്ട ആദിവാസി-ദലിത് ജീവിതത്തിന്റെ കഥാകാരിയും സാമൂഹികപ്രവര്‍ത്തകയുമായ മഹാശ്വേതാദേവി (91) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് കൊല്‍ക്കത്തയിലെ ബെല്ലെവ്യൂ നഴ്‌സിങ് ഹോമില്‍ കഴിഞ്ഞ രണ്ടുമാസമായി ചികില്‍സയിലായിരുന്നു.
1926 ജനുവരി 14ന് ബ്രിട്ടീഷ് ഇന്ത്യയിലെ ധക്കയിലാണു മഹാശ്വേതാദേവിയുടെ ജനനം. പ്രശസ്ത കവിയും നോവലിസ്റ്റുമായിരുന്ന ജബല്‍ശ്വ എന്ന തൂലികാനാമത്തില്‍ അറിയപ്പെട്ട മനീഷ് ഘട്ടക്ക് ആയിരുന്നു പിതാവ്. കവയിത്രി ധരിത്രി ഘട്ടക്കാണ് മാതാവ്. ധക്കയില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മഹാശ്വേതാദേവിയുടെ കുടുംബം വിഭജനത്തെത്തുടര്‍ന്ന് പശ്ചിമബംഗാളിലേക്കു കുടിയേറി. ശാന്തിനികേതനിലെ വിശ്വഭാരതി സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും കൊല്‍ക്കത്ത സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തരബിരുദവും നേടി.
പഠനശേഷം 1969ല്‍ ബിജോയ് ഖര്‍ വിദ്യാലയത്തില്‍ അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചു. ഇതോടെയാണു പൈതൃകമായി ലഭിച്ച സാഹിത്യാഭിരുചി അവര്‍ പ്രകടമാക്കിത്തുടങ്ങിയത്. ഇതിനിടെ പത്രപ്രവര്‍ത്തനത്തിലും ആകൃഷ്ടയായി. പ്രശസ്ത നാടകകൃത്തും ഇപ്‌റ്റെയുടെ സ്ഥാപകരില്‍ ഒരാളുമായ ബിജോണ്‍ ഭട്ടാചാര്യയെ വിവാഹംകഴിച്ചെങ്കിലും 1959ല്‍ വിവാഹമോചിതയായി. പ്രശസ്ത ബംഗാളി എഴുത്തുകാരന്‍ നബാരുണ്‍ ഭട്ടാചാര്യ മകനാണ്.
ഉന്നതകുലജാതയായിരുന്നെങ്കിലും പശ്ചിമബംഗാളിലെ ആദിവാസികളും ദലിത് വിഭാഗങ്ങളും സ്ത്രീകളും അനുഭവിക്കുന്ന ദുരിതങ്ങള്‍ മഹാശ്വേതാദേവിയെ പിടിച്ചുലച്ചു. അവരുടെ പ്രശസ്തമായ കൃതികളില്‍ പലതിലും ഈ വിഭാഗങ്ങളായിരുന്നു കേന്ദ്രകഥാപാത്രങ്ങള്‍. ഇടതുമുന്നണി സര്‍ക്കാര്‍ സിംഗൂരിലും നന്തിഗ്രാമിലും സ്വീകരിച്ച കര്‍ഷകവിരുദ്ധ ഭൂനയങ്ങളെ അവര്‍ എതിര്‍ത്തു. ഇടതുപക്ഷം ബംഗാളില്‍ അധികാരത്തില്‍ വന്നതില്‍ സന്തോഷിച്ച താന്‍ ഇന്ന് ദുഃഖിതയാണെന്നാണ് അവര്‍ പറഞ്ഞത്.
ബിഹാര്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മാത്രമല്ല കേരളത്തിലെ ആദിവാസികള്‍ക്കുവേണ്ടിയും അവര്‍ ശബ്ദമുയര്‍ത്തി. ഝാന്‍സിറാണി, ഹസാര്‍ ചൗരാസി കി മാ, അരണ്യേര്‍, അധികാര്‍, അഗ്നിഗര്‍ഭ, ഛോട്ടിമുണ്ട എവം ഥാര്‍ഥീര്‍, ബഷിഡുഡു, തിത്തുമിര്‍, ദ്രൗപതി, രുധാലി, ബ്യാധ്ഖണ്ടാ എന്നിവയാണു പ്രധാന കൃതികള്‍.
1996ല്‍ രാജ്യം ജ്ഞാനപീഠം നല്‍കി ആദരിച്ചു. 1986ല്‍ പത്മശ്രീ ലഭിച്ചു. 1997ല്‍ മാഗ്‌സാസെ പുരസ്‌കാരം, 2006ല്‍ പത്മവിഭൂഷന്‍, 2011ല്‍ ബംഗാള്‍ വിഭൂഷണ്‍, 1979ല്‍ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് എന്നിവയും ലഭിച്ചിട്ടുണ്ട്. ഇന്ത്യാവിഭജനത്തിന് മുമ്പു തുടങ്ങി ഒരു നൂറ്റാണ്ടിന്റെ സംഭവബഹുലമായ ചരിത്രത്തിനാണ് മഹാശ്വേതാദേവിയുടെ വിടവാങ്ങലോടെ തിരശ്ശീല വീഴുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss