|    Jan 17 Tue, 2017 4:42 pm
FLASH NEWS

മഹാരാഷ്ട്രയില്‍ ആറുപേരെ കൊലപ്പെടുത്തിയ ‘ഡോക്ടര്‍ ഡെത്ത്’ അറസ്റ്റില്‍

Published : 17th August 2016 | Posted By: SMR

സത്താറ: അമിത അളവില്‍ മരുന്നു കുത്തിവച്ച് ആറോളം പേരെ കൊലപ്പെടുത്തിയ ഡോക്ടര്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ അങ്കണവാടി ജീവനക്കാരിയെ തട്ടിക്കൊണ്ടുപോയി വധിച്ച കേസില്‍ അറസ്റ്റിലായ ഡോക്ടറെ ചോദ്യംചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന കൊലപാതക പരമ്പര പുറത്തായത്.
ബോളിവുഡ് സിനിമാ ഷൂട്ടിങിലൂടെ പ്രസിദ്ധമായ മഹാബ്‌ലേഷര്‍- പഞ്ചാഗ്നി ഇരട്ടക്കുന്നുകളുടെ താഴ്‌വാരത്തിലെ ചെറുപട്ടണമായ വായിയില്‍ പ്രാക്ടീസ് ചെയ്യുന്ന ഡോ. സന്തോഷ് പോളാണ് കൊലപാതക പരമ്പര സംബന്ധിച്ച് കുറ്റസമ്മതം നടത്തിയത്. മഹാരാഷ്ട്രയിലെ സത്താറയില്‍നിന്നാണ് ഇയാള്‍ പിടിയിലായത്. നാലുപേരുടെ മൃതദേഹം ഇയാളുടെ ഫാംഹൗസില്‍നിന്ന് പോലിസ് കണ്ടെടുത്തു. ശേഷിക്കുന്നവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. അഞ്ചു സ്ത്രീകളെയും ഒരു പുരുഷനെയുമാണ് ഇയാള്‍ കൊലപ്പെടുത്തിയത്. സ്ത്രീകളുടെ മൃതദേഹങ്ങള്‍ ഫാംഹൗസില്‍ കുഴിച്ചുമൂടുകയും പുരുഷന്റെത് സമീപത്തെ ജലസംഭരണിയില്‍ തള്ളുകയും ചെയ്തതായി ഇയാള്‍ പോലിസിനോടു വെളിപ്പെടുത്തിയിട്ടുണ്ട്.
ലൈംഗികാസക്തിയും കവര്‍ച്ചയുമാണ് കൊലപാതകങ്ങളിലേക്കു നയിച്ചതെന്ന് പോലിസ് പറഞ്ഞു. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളിലാണ് ഇത്രയും കൊലപാതകങ്ങള്‍ നടത്തിയത്.
മഹാരാഷ്ട്ര പൂര്‍വ പ്രാഥമിക് ശിക്ഷ സേവിക സംഘത്തിന്റെ അധ്യക്ഷയും സര്‍ക്കാരിനു കീഴിലുള്ള ക്രഷിലെ ജീവനക്കാരിയുമായിരുന്ന മംഗള്‍ ജിദെയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണമാണ് കൊലപാതക പരമ്പരയുടെ ചുരുളഴിച്ചത്. ജിദെയുടെ ഫോണില്‍ നിന്നുള്ള അവസാന വിളി ഡോക്ടറുടെ നമ്പരിലേക്കാണെന്ന കണ്ടെത്തലാണു വഴിത്തിരിവായത്.
ഡോക്ടറെയും സഹായി ജ്യോതി മാന്ദ്രിയെയും കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്യവെ മംഗള്‍ ജിദെയെ തട്ടിക്കൊണ്ടുവന്ന് അമിത അളവില്‍ മരുന്നുകൊടുത്തു കൊലപ്പെടുത്തുകയായിരുന്നുവെന്ന് സഹായി വെളിപ്പെടുത്തി. പൂനെയിലുള്ള മകളെ സന്ദര്‍ശിക്കാനായി പോവുന്നതിനിടെ വായ് ബസ്‌സ്റ്റാന്റില്‍നിന്നാണ് ജിദെയെ ഇരുവരുംചേര്‍ന്നു തട്ടിക്കൊണ്ടുപോയത്.
ഡോക്ടറുടെ കുറ്റകൃത്യങ്ങള്‍ പുറത്തുകൊണ്ടുവരുമെന്ന് ജിദെ ഇതിനുമുമ്പു ഭീഷണിപ്പെടുത്തിയിരുന്നു. പൂനെയിലേക്കു പോവുന്നതിനു മുമ്പ് ജിദേയും ഡോക്ടറും തമ്മില്‍ ഇതുസംബന്ധിച്ച് വാക്കുതര്‍ക്കവും പിടിവലിയും നടന്നിരുന്നു. തുടര്‍ന്നാണ് തട്ടിക്കൊണ്ടുപോവാന്‍ തീരുമാനിച്ചത്.
വായിയില്‍നിന്ന് 13 കിലോമീറ്റര്‍ അകലെയുള്ള തോട്ടവസതിയില്‍ എത്തിച്ച ജിദെയെ പിറ്റേന്ന് ഡോ. പോള്‍ അമിത അളവില്‍ മരുന്നു കുത്തിവച്ചു കൊലപ്പെടുത്തുകയായിരുന്നു. സല്‍മ ഷെയ്ഖ്, ജാഗാബായി പോള്‍, സുരേഖ ചികാനി, വനിത ഗെയ്ക്‌വാദ്, നാഥ്മല്‍ ബന്ദാരി എന്നിവരാണു കൊല്ലപ്പെട്ട മറ്റുള്ളവരെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 26 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക