|    Jun 19 Tue, 2018 10:42 am
FLASH NEWS
Home   >  Todays Paper  >  page 7  >  

മഹാരാഷ്ട്രയിലെ ബിജെപി മോഡല്‍ അഴിമതി; ദേശദ്രോഹികളുമായി ബന്ധം

Published : 6th August 2017 | Posted By: fsq

മുഹമ്മദ് പടന്ന

മുംബൈ: കോണ്‍ഗ്രസ്സിന്റെ അഴിമതി ഭരണത്തെ തൂത്തെറിഞ്ഞ് മഹാരാഷ്ട്രയിലെ ജനങ്ങള്‍ പകരം പ്രതിഷ്ഠിച്ച ബിജെപി സര്‍ക്കാര്‍ സംസ്ഥാനത്തെ  എത്തിച്ചത് എരിചട്ടിയില്‍ നിന്നും വറചട്ടിയിലേക്ക് എന്ന അവസ്ഥയിലേക്കാണ്. ഇച്ഛാശക്തിയുള്ള തീരുമാനങ്ങളോ നയങ്ങളോ ഇല്ല. അഴിമതിയില്‍ സര്‍വകാല റെക്കോഡുകള്‍ മാത്രമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഒരു സര്‍ക്കാര്‍ ഉണ്ട് എന്നാല്‍,  നയിക്കുന്നത് ‘വെള്ളാനകള്‍. അഴിമതിയില്ലാതെ ഒരിലപോലും അനങ്ങില്ല എന്നതാണ് അവസ്ഥ. സര്‍ക്കാരിന് അനങ്ങാന്‍പോലും കഴിയാത്തവിധം മാഫിയ, ഉദ്യോഗസ്ഥ  ദല്ലാളുമാരുടെ പകല്‍കൊള്ള മാത്രം.ഭരണത്തിലേറിയ ആദ്യനാളുകളില്‍ തന്നെ അഴിമതിയുടെ ദുര്‍ഭൂതങ്ങള്‍ ദൃശ്യമായിരുന്നു. പങ്കജ് മുണ്ഡെയുടെ ചിക്കി അഴിമതി, അങ്കണവാടി കുട്ടികള്‍ക്കുള്ള ഭക്ഷണത്തിലെ അഴിമതി, വിദ്യാഭ്യാസ മന്ത്രി വിനോദ് താവ്‌ഡെയുമായി ബന്ധപ്പെട്ടും ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴും സര്‍ക്കാര്‍ ഒരു നടപടിയും കൈക്കൊണ്ടില്ല. രാജ്യം പിടിച്ച് കുലുക്കുന്ന സംഭവമായി മാറേണ്ടിയിരുന്ന മുന്‍മന്ത്രി ഏക്‌നാഥ് ഖഡ്‌സെ-ദാവൂദ് ഇബ്രാഹിം ഫോണ്‍ സംഭാഷണം പോലും ചര്‍ച്ചയായില്ല. 800 തവണ പാകിസ്താനിലേക്ക് ഫോണ്‍വിളിച്ചുവെന്ന് രേഖകള്‍ സഹിതം ഹാക്കര്‍മാര്‍ കണ്ടെത്തിയെങ്കിലും ഒരു അന്വേഷണം പോലും അതേക്കുറിച്ച് നടക്കുന്നില്ല. രാജിവച്ചതൊഴിച്ചാല്‍ ഈ വിഷയത്തില്‍ രാജ്യദ്രോഹക്കുറ്റമോ, മറ്റു കേസുങ്ങളോ ഖഡ്‌സെക്കെതിരേയില്ലെന്നതും ശ്രദ്ധേയമാണ്. സംഭവം വെളിച്ചത്ത് കൊണ്ടുവരാന്‍ കാരണക്കാരനായ പുനെയിലെ യുവാവ്  ഭീഷണികള്‍ നേരിടുന്നതായും  റിപോര്‍ട്ടുകളുണ്ട്. രാഷ്ട്രീയ ഉദ്യോഗസ്ഥ മാഫിയകള്‍ തമ്മിലുള്ള കൂട്ടുകെട്ടുകള്‍ മഹാരാഷ്ട്രയില്‍ പുത്തരിയല്ല. സത്യസന്ധരായ പല ആക്ടിവിസ്റ്റുകളെയും ജീവനെടുത്തും, ഭീഷണിപ്പെടുത്തിയും, പണം നല്‍കിയും നിശബ്ദമാക്കിക്കഴിഞ്ഞു. ചേരികളുടെ വികസന പദ്ധതികളുമായി ബന്ധപ്പെട്ട് നൂറുകണക്കിന് ഫയലുകളാണ്  തീരുമാനമാവാതെ കിടക്കുന്നത്. പാവങ്ങള്‍ക്ക് ഭവനം നല്‍കേണ്ട ഈ പദ്ധതിയില്‍ രേഖകളിലും മറ്റും തിരിമറി കാട്ടുമ്പോള്‍ ഇവ സ്വന്തമാക്കുന്നത് പലപ്പോഴും അനര്‍ഹരാണെന്നതാണ് വസ്തുത. പണം കൊടുത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സ്വാധീനിക്കുന്നതോടൊപ്പം ഭീഷണിക്കായി ഉന്നത പോലിസ് ഉദ്യോഗസ്ഥരെ പോലും ഉപയോഗപ്പെടുത്താറുണ്ട്. നിയമ പോരാട്ടം നടത്തുന്ന സാധാരണക്കാരെ വീഴ്ത്താന്‍ അവരുടെ അഭിഭാഷകനെ വന്‍തുക നല്‍കി സ്വാധീനിച്ച് കേസ് അട്ടിമറിക്കുന്നത് മുംബൈയില്‍ സര്‍വസാധാരണമാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss