|    Jan 17 Tue, 2017 8:35 pm
FLASH NEWS

മഹാനദി ജലതര്‍ക്കം ഛത്തീസ്ഗഡിലേക്കുള്ള ചരക്ക് വണ്ടികള്‍ ഒഡീഷയില്‍ തടഞ്ഞു

Published : 4th August 2016 | Posted By: SMR

ഭുവനേശ്വര്‍: മഹാനദിയില്‍ ഛത്തീസ്ഗഡ് സര്‍ക്കാര്‍ ഏകപക്ഷീയമായി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ പ്രതിഷേധിച്ച് ആ സംസ്ഥാനത്തേക്കുള്ള ചരക്കുവണ്ടികള്‍ ഒഡീഷയിലെ ബിജു ജനതാദള്‍ (ബിജെഡി) പ്രവര്‍ത്തകര്‍ തടഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകര്‍ കേന്ദ്ര ജലകമ്മീഷന്‍ (സിഡബ്ല്യൂസി) ബ്രാഞ്ച് ഓഫിസിനു മുന്നില്‍ റിലേ നിരാഹാരസമരവും തുടങ്ങിയിട്ടുണ്ട്. ബാലസോര്‍, ബെര്‍ഹാംപൂര്‍, രാജ അത്തഗഡ്, സാംബല്‍പൂര്‍, ബൊലാംഗിര്‍, റൂര്‍ക്കേല, ജര്‍സുഗുഡ സ്റ്റേഷനുകളിലാണ് ബിജെഡി എംഎല്‍എമാര്‍ തീവണ്ടികള്‍ തടഞ്ഞത്.
ഒഡീഷ സര്‍ക്കാരിനോട് ചര്‍ച്ച ചെയ്യാതെയാണ് ഛത്തീസ്ഗഡ് സര്‍ക്കാര്‍ മഹാനദിയില്‍ അണക്കെട്ട് അടക്കമുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് ബിജെഡി യുവജന വിഭാഗം അധ്യക്ഷനും മന്ത്രിയുമായ സഞ്ജയ് ദാസ് ബര്‍മ പറഞ്ഞു. മഹാനദിയില്‍ ഛത്തീസ്ഗഡ് നടത്തുന്ന എല്ലാ നിര്‍മാണപ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര ജല കമ്മീഷന്‍ ഒഡീഷ ബ്രാഞ്ച് ഓഫിസിനു മുന്നില്‍ നടന്ന റിലേ നിരാഹാരസമരത്തില്‍ ദാസ് ബര്‍മയെക്കൂടാതെ വ്യവസായ മന്ത്രി ദേബി പ്രസാദ് മിശ്ര, ടൂറിസം മന്ത്രി അശോക് ചന്ദ്ര പാണ്ഡ, ബിജെഡിയുടെ മറ്റു മുതിര്‍ന്ന നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മഹാനദി ജലം പങ്കിടുന്ന ഒഡീഷയുമായി ആലോചിക്കാതെയാണ് ഛത്തീസ്ഗഡ് പദ്ധതികളുടെ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കിയതെന്ന് മിശ്ര പറഞ്ഞു. മഹാനദി ജലത്തിന്റെ 25 ശതമാനം മാത്രമാണ് ഛത്തീസ്ഗഡ് ഉപയോഗപ്പെടുത്തുന്നതെന്ന മുഖ്യമന്ത്രി രമണ്‍സിങിന്റെ വാദം ശരിയല്ല. യഥാര്‍ഥത്തില്‍ അവര്‍ 37.5 ശതമാനം വെള്ളം ഉപയോഗിക്കുന്നുണ്ട്. ഭാവിയില്‍ 88 ശതമാനം വെള്ളം ബലംപ്രയോഗിച്ച് എടുക്കാന്‍ ഛത്തീസ്ഗഡിനു പദ്ധതിയുമുണ്ട്-അദ്ദേഹം പറഞ്ഞു. അതേസമയം, തര്‍ക്കം സംബന്ധിച്ച് തെറ്റായ കാര്യങ്ങളാണ് ബിജെഡി സര്‍ക്കാര്‍ പറയുന്നതെന്ന് ബിജെപി നേതാവ് കുറ്റപ്പെടുത്തി. നിര്‍മാണപദ്ധതികള്‍ സംബന്ധിച്ച് 2006ല്‍ ഛത്തീസ്ഗഡ്, ഒഡീഷയെ വിവരമറിയിച്ചിരുന്നുവെന്ന് ബിജെപി ജനറല്‍ സെക്രട്ടറി ബൃഗ ബക്‌സിപത്ര പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 27 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക