|    Oct 22 Mon, 2018 12:20 am
FLASH NEWS
Home   >  Kerala   >  

‘മഹാത്മാ ഗാന്ധിയെ കൊന്നവരുടെ പിന്തുടര്‍ച്ചക്കാര്‍ ഗൗരി ലങ്കേഷിനെയും കൊലപ്പെടുത്തി’: രമേശ് ചെന്നിത്തല

Published : 6th September 2017 | Posted By: shins

 

നിര്‍ഭയ പത്രപ്രവര്‍ത്തനത്തെ ഭയക്കുന്ന ഫാസിസ്റ്റ് ശക്തികളാണ് ഗൗരി ലങ്കേഷിനെ കൊന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. മഹാത്മാഗാന്ധിയെ വധിച്ച ദുഷ്ട ശക്തികളുടെ പിന്മുറക്കാരാണ് ഗൗരി ലങ്കേഷിനു നേരെയും നിറയൊഴിച്ചതെന്ന് അദ്ദേഹം പറഞ്ഞു. എതിര്‍ക്കുന്ന നാവുകളെ പിഴുതുമാറ്റുന്ന ഇക്കൂട്ടരാണ് കല്‍ബുര്‍ഗിയെയും ഗോവിന്ദ് പന്‍സാരയെയും ഭൂമുഖത്ത് നിന്നും ഇല്ലാതാക്കിയത്. പ്രതിഷേധ കൊടുങ്കാറ്റ് ഉയര്‍ന്നില്ലെങ്കില്‍ ഇവര്‍ ജനാധിപത്യത്തെ മുഴുവനായി കശാപ്പ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍, വിടി ബല്‍റാം എംഎല്‍എ, മുന്‍ മന്ത്രി എംഎ ബേബി, മാധ്യമപ്രവര്‍ത്തകന്‍ എസ് ലല്ലു, നിര്‍മ്മാതാവും സംവിധായകനുമായ ആഷിഖ് അബു, തുടങ്ങിയവരും ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ ശക്തമായി അപലപിച്ചു. കൊലപാതകികളെ കര്‍ണാടക സര്‍ക്കാര്‍ ഉടന്‍ തന്നെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരുമെന്ന് പ്രത്യാശിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

ചെന്നിത്തലയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം

നിര്‍ഭയ പത്രപ്രവര്‍ത്തനത്തെ ഭയക്കുന്ന ഫാസിസ്റ്റ് ശക്തികള്‍ ഗൗരി ലങ്കേഷിനെ വെടിവച്ചു കൊന്നു. മഹാത്മാഗാന്ധിയെ വധിച്ച ദുഷ്ട ശക്തികളുടെ പിന്മുറക്കാരാണ് നിറയൊഴിച്ചത്. പോയിന്റ് ബ്ലാങ്കില്‍ നിന്നും ഏഴുവട്ടമാണ് അജ്ഞാതന്‍ വെടിവച്ചത്. എതിര്‍ക്കുന്ന നാവുകളെ പിഴുതുമാറ്റുന്ന ഇക്കൂട്ടരാണ് കല്‍ബുര്‍ഗിയെയും ഗോവിന്ദ് പന്‍സാരയെയും ഭൂമുഖത്ത് നിന്നും ഇല്ലാതാക്കിയത്. വര്‍ഗീയ വാദികളുടെ തനിനിറം തുറന്നുകാട്ടുന്നവരെ തോക്ക് കൊണ്ടും കത്തി കൊണ്ടും വായടപ്പിക്കാനുള്ള നീക്കം സര്‍വ്വശക്തിയുമെടുത്തു നാം തടയണം. പ്രതിഷേധ കൊടുങ്കാറ്റ് ഉയര്‍ന്നില്ലെങ്കില്‍ ഇവര്‍ ജനാധിപത്യത്തെ മുഴുവനായി കശാപ്പ് ചെയ്യും.

സംഘപരിവാറിന്റെ അസഹിഷ്ണുത പത്തി വിടര്‍ത്തിയാടുന്നതിന്റെ ദുരന്തം രാജ്യം മുഴുവന്‍ അനുഭവിക്കുകയാണ്. ഇരുട്ടിന്റെ ശക്തികളെ ഒറ്റപ്പെടുത്തുകയാണ് അടിയന്തരമായി ചെയ്യേണ്ടത്. ഗൗരി ലങ്കേഷിന്റെ വിയോഗത്തില്‍ അഗാധമായി ദുഖിക്കുന്നു. വര്‍ഗീയതയ്ക്കും അഴിമതിക്കും എതിരെ ശക്തമായ നിലപാട് എടുത്ത ധീരയായ പത്രപ്രവര്‍ത്തകയെ ആണ് രാജ്യത്തിന് നഷ്ടമായത്’.

വിടി ബല്‍റാമിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കല്‍ബുര്‍ഗിയെ കൊന്നുതള്ളിയവര്‍,
അനന്തമൂര്‍ത്തിയുടെ മരണത്തില്‍ ആഹ്ലാദനൃത്തം ചവിട്ടിയവര്‍,
ഇപ്പോഴിതാ ഗൗരി ലങ്കേഷിനെയും അറുംകൊല ചെയ്തിരിക്കുന്നു.
അവര്‍ക്ക് ഭയം ആശയങ്ങളെയാണ്.
അതുകൊണ്ടുതന്നെ ശബ്ദിക്കുന്ന നാവുകള്‍ക്ക് ഇടര്‍ച്ചകളല്ല, തുടര്‍ച്ചകളാണുണ്ടാവേണ്ടത്.
പ്രതിഷേധിക്കുക,
പരമാവധി ഉച്ചത്തില്‍,
പരമാവധി ശക്തിയില്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss