|    Jan 23 Mon, 2017 6:08 am
FLASH NEWS

മഹാത്മാഗാന്ധി വീവേഴ്‌സ് ഇന്‍ഡസ്ട്രിയല്‍ പ്രവര്‍ത്തനം നിലച്ചു; എസ്‌സി വിഭാഗത്തോട് അവഗണന കാട്ടുന്നതായി പരാതി

Published : 12th February 2016 | Posted By: SMR

കൊയിലാണ്ടി: കുറുവങ്ങാട് മഹാത്മാഗാന്ധി വീവേഴ്‌സ് ഇന്‍ഡസ്ട്രിയല്‍ പ്രവര്‍ത്തനം നിലച്ചിട്ട് വര്‍ഷങ്ങളായി. പ്രവര്‍ത്തനം നിലച്ചതോടെ 25 മഗ്ഗും അനുബന്ധ ഉപകരണങ്ങളും ചിതലെടുത്തു നശിച്ചു. 1997ല്‍ അന്നത്തെ ധനകാര്യമന്ത്രി ടി ശിവദാസമേനോന്‍ ഉദ്ഘാടനം ചെയ്തതാണ് ഈ സ്ഥാപനം.
എസ്‌സി/എസ്ടി കോ-ഓപറേറ്റീവ് സൊസൈറ്റിയാണ് സ്ഥാപനത്തിന്റെ നടത്തിപ്പ്. ദലിത് വിഭാഗത്തിലെ യുവതീ യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കി തൊഴില്‍ നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 65 സെന്റ് സ്ഥലം അക്വയര്‍ ചെയ്ത് വിശാലമായ രണ്ടു ഷെഡ്ഡുകള്‍ പണിതാണ് പ്രവര്‍ത്തനം തുടങ്ങിയത്. ആദ്യവര്‍ഷം പരിശീലനത്തിന് 25 എസ്‌സി വിഭാഗം വിദ്യാര്‍ഥിനികള്‍ ഇവിടെ എത്തിയിരുന്നു. പരിശീലനം പൂര്‍ത്തിയായതോടെ ഇവര്‍ തൊഴില്‍ മേഖലയിലേക്കു പ്രവേശിച്ചു.
കണ്ണൂരില്‍ നിന്നു എത്തിക്കുന്ന നൂലും ചായവും ഉപയോഗിച്ച് ബെഡ്ഷീറ്റ്, ചവിട്ടി, മുണ്ട്, ലുങ്കി, ടവ്വല്‍ എന്നിവയാണ് നിര്‍മിച്ചിരുന്നത്. ഉല്‍പാദിപ്പിച്ച സാധനങ്ങള്‍ ഗുണമേന്മയുള്ളതുകൊണ്ട് വേഗം വിറ്റഴിഞ്ഞതായി തൊഴിലാളികള്‍ പറഞ്ഞു. ഒരു ദിവസം തൊഴിലെടുത്താല്‍ 30 മുതല്‍ 50 രൂപ വരെയാണ് പ്രതിഫലം. അക്കാലത്ത് കൃഷിപ്പണിക്ക് 300 രൂപ കൂലി ലഭിച്ചിരുന്നതായും ഇവര്‍ പറഞ്ഞു. സ്ഥിരം തൊഴില്‍ ലഭിക്കുമെന്ന പ്രതീക്ഷയാണ് ഇവര്‍ തുടരാന്‍ ഇടയാക്കിയത്. എന്നാല്‍ വര്‍ഷങ്ങ ള്‍ കഴിയുന്നതിനനുസരിച്ച് തൊഴിലാളികള്‍ ജോലി നിര്‍ത്തി പോവുകയായിരുന്നു. ആവശ്യമായ നൂല്‍ വാങ്ങാന്‍ പണമില്ലാതായതോടെ കമ്പനി അടച്ചുപൂട്ടേണ്ട സ്ഥിതിയിലുമായി.
കൊല്ലം 15 കഴിഞ്ഞിട്ടും അവിടെ ഉല്‍പാദിപ്പിച്ച തുണികള്‍ സമീപ പ്രദേശങ്ങളില്‍ നിറംമങ്ങാതെ ഇപ്പോഴും കാണാന്‍ കഴിയുമെന്ന് തൊഴിലാളികള്‍ പറഞ്ഞു. സ്ഥാപനത്തിന്റെ ദയനീയ സ്ഥിതി ജനപ്രതിനിധികളെ അറിയിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കുക പോലുമുണ്ടായില്ലെന്ന് തൊഴിലാളികള്‍ പരാതിപ്പെടുന്നു. സര്‍ക്കാര്‍ മറ്റു പല സംരംഭങ്ങള്‍ക്കും സാമ്പത്തിക സഹായം നല്‍കുകയും തൊഴിലാളികള്‍ക്ക് ആനുകൂല്യം നല്‍കുകയും ചെയ്യുമ്പോള്‍ ഈ സ്ഥാപനത്തോടും തൊഴിലാളികളോടും ചിറ്റമ്മ നയമാണ് സ്വീകരിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനം നടപടി സ്വീകരിച്ചാല്‍ ഈ കമ്പനി നിലനിര്‍ത്താന്‍ കഴിയും.
സര്‍ക്കാര്‍ ആശുപത്രികളിലേക്കും മറ്റു ആവശ്യമായ തുണികളും ബെഡ്ഷീറ്റും ഇവിടെ നിന്നു സ്വീകരിച്ചാല്‍ കമ്പനിയെ രക്ഷപ്പെടുത്താന്‍ കഴിയുമായിരുന്നു. എസ്‌സി വിഭാഗത്തിന്റെ ക്ഷേമകാര്യത്തിന് ലക്ഷങ്ങള്‍ ചെലവിടാറുണ്ടെന്നു പറയുമ്പോഴും ഈ സംരംഭത്തോട് അവഗണനയാണ് സര്‍ക്കാര്‍ പുലര്‍ത്തുന്നത്. ഏറ്റവുമൊടുവില്‍ വിശാലമായ ഹാളുകള്‍ കരാത്തെ പരിശീലനത്തിന് നല്‍കിയിരിക്കയാണ് സൊസൈറ്റി. ഈ കെട്ടിടം ഉപയോഗിച്ച് എസ്‌സി വിഭാഗത്തിന് പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ സൗകര്യം ഒരുക്കണമെന്നാണ് സെക്രട്ടറി ലോഗേഷ് അഭിപ്രായപ്പെടുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 64 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക