|    Apr 29 Sat, 2017 7:05 am
FLASH NEWS

മഷി പുരട്ടലിനെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന്‍

Published : 19th November 2016 | Posted By: SMR

ന്യൂഡല്‍ഹി: ബാങ്കുകളിലെത്തി പഴയ നോട്ടുകള്‍ മാറ്റിയെടുക്കുന്നവരുടെ കൈവിരലില്‍ മഷി പുരട്ടുന്നതിനെതിരേ തിരഞ്ഞെടുപ്പു കമ്മീഷന്‍. വരുംദിവസങ്ങളില്‍ വിവിധ സംസ്ഥാനങ്ങളിലായി ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ കേന്ദ്രത്തിന്റെ നടപടി തിരഞ്ഞെടുപ്പു പ്രക്രിയയെ ബാധിക്കുമെന്നു കാണിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ധനകാര്യമന്ത്രാലയത്തിന് കത്തയച്ചു.
മധ്യപ്രദേശ്, പശ്ചിമബംഗാള്‍, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ഏതാനും പാര്‍ലമെന്റ്, അസംബ്ലി മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നടക്കുകയാണിപ്പോള്‍.
1961ലെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിലെ 49 കെ വ്യവസ്ഥയനുസരിച്ച് വോട്ടര്‍മാരുടെ ഇടത് ചൂണ്ടുവിരലില്‍, വോട്ട് രേഖപ്പെടുത്തുന്നതിനു മുമ്പ് പോളിങ് സ്‌റ്റേഷനുകളില്‍ വച്ച് മായാത്ത തരത്തിലുള്ള മഷികൊണ്ട് അടയാളപ്പെടുത്താന്‍ അനുവാദമുണ്ട്.
തിരഞ്ഞെടുപ്പു ചട്ടം ഇങ്ങനെ നിഷ്‌കര്‍ഷിക്കുന്നതിനാല്‍ ധനമന്ത്രാലയം നോട്ട് മാറ്റിയെടുക്കാന്‍ എത്തുന്നവരുടെ കൈയില്‍ മഷി പുരട്ടുന്നത് തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ ഏറെ ആശയക്കുഴപ്പത്തിന് ഇടയാക്കുമെന്നും അതിനാല്‍ അക്കാര്യം പരിഗണിക്കണമെന്നും കമ്മീഷന്‍ കത്തില്‍ വ്യക്തമാക്കുന്നുണ്ട്.
നോട്ട് മാറ്റിയെടുക്കുന്നതിന്റെ ഭാഗമായി വിരലില്‍ മഷി പുരട്ടുന്നത് തിരഞ്ഞെടുപ്പ് പ്രക്രിയയെ ഒരുതരത്തിലും ബാധിക്കില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നാണ് കമ്മീഷന്റെ ആവശ്യം.
എന്നാല്‍, തിരഞ്ഞെടുപ്പു കമ്മീഷന്റെ കത്തിന്‍മേല്‍ ധനകാര്യ മന്ത്രാലയം ഔദ്യോഗികമായി ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല. പിന്‍വലിച്ച പഴയ നോട്ടുകള്‍ മാറ്റിയെടുക്കാനായി ഒരേ ആളുകള്‍ പലതവണ വരുന്നത് തടയാനാണ് വിരലില്‍ മഷി പുരട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. തിരഞ്ഞെടുപ്പു കമ്മീഷന് മാത്രം അനുമതി നല്‍കിയിരിക്കുന്ന അധികാരം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തതോടെ കടുത്ത അതൃപ്തിയാണ് കമ്മീഷന്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
അടുത്ത വര്‍ഷം തുടക്കത്തില്‍ ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ അസംബ്ലി തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മഷി പുരട്ടലിനെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരിഞ്ഞിരിക്കുന്നത്. പല പോളിങ് ബൂത്തുകളിലും ഇത് ഉദ്യോഗസ്ഥര്‍ക്ക് തലവേദന സൃഷ്ടിക്കുമെന്ന കാര്യം ഉറപ്പാണ്. കള്ളവോട്ടിനും കാരണമാവാം. പോളിങ് സ്‌റ്റേഷനുകളില്‍ സംഘര്‍ഷങ്ങള്‍ക്കു വരെ ഇത് ഇടയാക്കുമെന്നാണ് റിപോര്‍ട്ടുകള്‍.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day