|    Nov 19 Mon, 2018 1:25 am
FLASH NEWS

മഴ ശമിക്കുന്നു; ദുരിതം തുടരുന്നു

Published : 19th August 2018 | Posted By: kasim kzm

കൊല്ലം:കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന മഴ ജില്ലയില്‍ ശമിക്കുന്നു. ഇന്നലെ രാവിലെ ശക്തമായ മഴ പെയ്തതൊഴിച്ചാല്‍ ജില്ലയിലുടനീളം പകല്‍ തെളിഞ്ഞ കാലാവസ്ഥയായിരുന്നു. മഴ കുറഞ്ഞെങ്കിലും നീരൊഴുക്കില്‍ മാറ്റമില്ലാതെ തുടരുന്നതിനാല്‍ തെന്‍മല ഡാമിലെ ജലനിരപ്പില്‍ നേരിയ വര്‍ധനവുണ്ടായി. 115.84 മീറ്ററാണ് ഇന്നലെ വൈകുന്നേരത്തെ ജലനിരപ്പ്. ഇതോടെ മൂന്ന് ഷട്ടറുകള്‍ 120ല്‍ നിന്നും 135 സെന്റീമീറ്ററായി ഉയര്‍ത്തി. തെന്‍മല ഡാമില്‍ നിന്നുള്ള ജലപ്രവാഹം കുറയാത്തതിനാല്‍ തീരങ്ങളിലുള്ളവര്‍ക്ക് വീടുകളിലേക്ക് എത്താന്‍ കഴിയില്ല. ജില്ലയില്‍ ഇന്നലെയും ദുരിതാശ്വാസ ക്യാംപുകള്‍ ആരംഭിച്ചിട്ടുണ്ട്.അതേസമയം, മഴയുമായി ബന്ധപ്പെട്ട സ്ഥിതിഗതി ജില്ലയില്‍ നിയന്ത്രണ വിധേയമെന്ന് ജില്ലയുടെ ചുമതലയുള്ള പ്രിന്‍സിപ്പല്‍ സെക്രട്ടറി അനില്‍ സേവ്യര്‍ വിലയിരുത്തി. പൊതു സ്ഥിതി വിലയിരുത്തുന്നതിനായി കലക്ടറേറ്റില്‍ ജില്ലാ കലക്ടര്‍ എസ് കാര്‍ത്തികേയന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയിലെ മഴക്കെടുതിയുടെ ഫലമായി ഉണ്ടായ നാശനഷ്ടങ്ങള്‍ തിട്ടപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുന്നതിനും സെക്രട്ടറി നിര്‍ദേശം നല്‍കി. തെന്‍മല കോട്ടവാസല്‍ പാതയില്‍ നിര്‍ത്തിവച്ച ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. കെഎസ്ആര്‍ടിസി ബസുകള്‍ ഒരു വശത്തേക്ക് വിട്ടു തുടങ്ങി.
മൂന്ന് ദിവസത്തിനകം ഇരുവശങ്ങളിലേക്കും ഗതാഗതത്തിനായി താല്‍ക്കാലിക സംവിധാനം ഏര്‍പ്പെടുത്താനാകും. മറ്റിടങ്ങളില്‍ തകര്‍ന്ന റോഡുകളില്‍ നിന്ന് ഗതാഗതം തിരിച്ചുവിട്ട് അപകടങ്ങള്‍ ഒഴിവാക്കുകയാണ്. ജില്ലയില്‍ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ തൃപ്തികരമാണ്. പമ്പിങ് നിറുത്തിവയ്ക്കപ്പെട്ട പ്രദേശങ്ങളില്‍ പകരം സംവിധാനം ഏര്‍പ്പെടുത്താനായി. ടാങ്കര്‍ ലോറികളിലൂടെ വെള്ളം വിതരണം ചെയ്യുന്നുണ്ട്. ഗുണനിലവാര പരിശോധന നടത്തിയാണ് വിതരണം.
ദുരിതാശ്വാസ ക്യാംുുകളില്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കി. ക്യാംപുകളിലുള്ളവരുടെ ആരോഗ്യ സ്ഥിതിയും ആരോഗ്യവകുപ്പ് പ്രതിനിധികള്‍ നിത്യേന പരിശോധിക്കണം. ആവശ്യത്തിന് മരുന്ന് ഉറപ്പാക്കിയിട്ടുണ്ട്. എല്ലാ വകുപ്പുകളിലേയും ഉദ്യോഗസ്ഥര്‍ ക്യാംപുകളില്‍ സന്ദര്‍ശിച്ച് സേവനം ഉറപ്പാക്കണം.ക്യാംപുകളില്‍ എല്ലാ ദിവസവും പോലിസ് സന്ദര്‍ശനവും സഹായവും ഉറപ്പാക്കണം. മൃഗങ്ങളുടെ സംരക്ഷണം ഉറപ്പാക്കാന്‍ മൃഗസംരക്ഷണ വകുപ്പ് ക്യാംപുകള്‍ നടത്തുന്നുണ്ട്. ഇവിടങ്ങളില്‍ ആവശ്യത്തിന് മരുന്നും ചികില്‍സാ സംവിധാനവും വിദഗ്ധരുടെ സേവനവും നിലനിര്‍ത്തണം.വൈദ്യുതി തകരാറ് അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കാനുള്ള നടപടികളാണ് കെഎസ്ഇബി നിര്‍വഹിക്കേണ്ടത്. പരാതികള്‍ 24 മണിക്കൂറും സ്വീകരിക്കാനുള്ള സംവിധാനം പ്രവര്‍ത്തിപ്പിക്കുകയും വേണം. കിഴക്കന്‍ മേഖലയില്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മുന്‍കൈയെടുത്ത് നടപടി സ്വീകരിക്കണം.നഗരത്തിലെ ദുരിതാശ്വാസ ക്യാംപുകളിലെ ശുചിത്വപാലനം ഉറപ്പാക്കാന്‍ കോര്‍പറേഷന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി. ആരോഗ്യപ്രവര്‍ത്തകരെ നിയോഗിച്ച് ക്യാമ്പുകളില്‍ പരിശോധന നടത്തണം. കുടിവെള്ള ലഭ്യത ഉറപ്പാക്കേണ്ടതും സെക്രട്ടറിയുടെ ചുമതലയാണെന്ന് യോഗം നിര്‍ദേശിച്ചു.സബ്കലക്ടര്‍ എസ് ചിത്ര, എഡിഎം ബി ശശികുമാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss