|    Jul 20 Fri, 2018 4:48 am
FLASH NEWS

മഴ ശക്തമായി; ജില്ലയില്‍ കനത്ത നാശം

Published : 18th September 2017 | Posted By: fsq

 

അട്ടപ്പാടി: രണ്ടു ദിവസമായി നിന്നുപെയ്ത മഴ ജില്ലയില്‍ കനത്ത നാശം വിതച്ചു. അട്ടപ്പാടി, മണ്ണാര്‍ക്കാട് മേഖലയിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുള്ളത്. അട്ടപ്പാടി ചുരത്തില്‍ ഉരുള്‍പ്പൊട്ടലില്‍ കൂറ്റന്‍പാറയും മണ്ണും റോഡിലേക്ക് വീണു ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. ഗതാഗതം പുനസ്ഥാപിക്കാന്‍ രണ്ടുദിവസമെടുക്കും. ശനിയാഴ്ച തുടങ്ങിയ കനത്ത മഴയില്‍ ആനമൂളിക്കും മുക്കാലിക്കും ഇടയില്‍ 12 സ്ഥലത്താണ് വന്‍തോതില്‍ മണ്ണിടിച്ചിലും വന്‍ മരങ്ങള്‍ കടപുഴകിയും കൂറ്റന്‍ പാറകള്‍ റോഡില്‍ പതിച്ചും ഗതാഗതം പൂര്‍ണമായും തടസപ്പെട്ടത്. അട്ടപ്പാടി കള്ളമലയില്‍ ആദിവാസുകളുടെ രണ്ട് വീട് പൂര്‍ണമായും തകര്‍ന്നു. 30വീടുകള്‍ക്ക് കേട് പാട് പറ്റി. 12കുടുംബങ്ങളിലെ 60ഓളം പേരെ ഒഴിപ്പിച്ചു. ഇവരെ ഐടിഡിപി കാരുണ്യ ആശ്രമത്തിലേക്ക് മറ്റി. റവന്യുസംഘം സ്ഥലത്തെത്തി സ്ഥിതി ഗതികള്‍ വിലയിരുത്തി. ക്യാംപിലേക്ക് മാറ്റിയവര്‍ക്ക് ഭക്ഷണമുള്‍പ്പടെ എത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്നലെ പുലര്‍ച്ചെ അട്ടപ്പാടിയിലേക്ക് പോയ പാലാ സൂപ്പര്‍ ഫാസ്റ്റ് ബസ് ഉള്‍പ്പടെ നാല് കെഎസ്ആര്‍ടിസി ബസുകളും നിരവധി വാഹനങ്ങളും ചുരത്തില്‍ പലയിടത്തായി കുടിങ്ങി കിടക്കുകയാണ്. അട്ടപ്പാടി ചുരം റോഡ് പൂര്‍ണമായും തകര്‍ന്നു. കൂറ്റന്‍ പാറകളും, മണ്ണും മരങ്ങളും റോഡില്‍ കിടക്കുകയാണ്. ഇനിയും ചുരം ഇടിയാനുള്ള സാധ്യത ഏറെയാണ്. ഇത് മുന്‍കൂട്ടി കണ്ടാണ് ചുരം റോഡില്‍ ഗതാഗതം നിരോധിച്ചത്. റോഡ് പൂര്‍വ സ്ഥിതിയിലാക്കാനുള്ള തീവ്ര ശ്രമമാണ് നടക്കുന്നത്. മണ്ണാര്‍ക്കാട്, പെരിന്തല്‍മണ്ണ, പാലക്കാട്, ചിറ്റൂര്‍, ആലത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള അഗ്‌നിരക്ഷാസേനകളും പോലിസും നാട്ടുകാരും സന്നദ്ധ പ്രവര്‍ത്തകരും റോഡ് ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്. സബ് കലക്ടര!് പി ബി നൂഹ്, എഎസ്പി പൂങ്കുഴലി, ഡിവൈഎസ്പി സെയ്താലി, തഹസില്‍ദാര്‍ ചന്ദ്രശേഖര കുറുപ്പ് തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. കനത്ത മഴ പെയ്യന്നതിനാല്‍ ചുരത്തിലൂടെയുള്ള യാത്ര അപകടം നിറഞ്ഞതാണ്. മണ്ണും പാറകളും വീണ ഭാഗത്ത് റോഡ് വിണ്ടു കീറിയാണു നില്‍ക്കുന്നത്. വാഹനങ്ങള്‍ ഇതുവഴി പോകുന്നത് വന്‍ അപകട സാധ്യതയാണ് നിലനില്‍ക്കുന്നത്. മണ്ണിടിഞ്ഞുവീണ് വീടിനു കേടുപാട് ചെര്‍പ്പുളശ്ശേരി: കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിഞ്ഞ് വീടിന് കേടുപാടു സംഭവിച്ചു. തൂത കാളക്കുന്നിനു സമീപം പനഞ്ചിക്കല്‍ ശ്രീനിവാസന്റെ വീടിനാണ് കേടുപാടു സംഭവിച്ചത്. ഇന്നലെ രാവിലെ 10ഓടെയാണ് സംഭവം. അടുക്കളയോടു ചേര്‍ന്നുള്ള ഇരുപതടിയോളം ഉയരത്തിലുള്ള മണ്ണും പാറയും പൊട്ടിയടര്‍ന്നു വീടിന്റെ കോണ്‍ക്രീറ്റ് ഭാഗമുള്‍പ്പെടെ തകരുകയായിരുന്നു. ശ്രീനിവാസനും ഭാര്യയും മകളുമാണ് വീട്ടിലുണ്ടായിരുന്നത്. ആര്‍ക്കും പരിക്കില്ല.മണ്ണാര്‍ക്കാട്ട് വ്യാപകകൃഷി നാശം മണ്ണാര്‍ക്കാട്: നഗരത്തിലും പരിസര പ്രദേശത്തും വീശിയടിച്ചുകനത്ത മഴ ജനജീവിതം സ്തംഭിപ്പിച്ചു. ശനി വൈകിട്ടോടെയാണ് കനത്ത മഴ  ആരംഭിച്ചതിനെത്തുടര്‍ന്ന് നെല്ലിപ്പുഴ കരകവിഞ്ഞ് മണ്ണാര്‍ക്കാട് നഗരസഭ, തെങ്കര, കാഞ്ഞിരപ്പുഴ, പഞ്ചായത്തുകളില്‍ വ്യാപക നഷ്ടം സംഭവിച്ചത്. മുക്കണ്ണത്ത് 11 ഇതര സംസ്ഥാന തൊഴിലാളികള്‍ പുഴയോരത്തെ ഷെഡില്‍ കുടുങ്ങി. തെങ്കര കോല്‍പ്പാടം, വാണിയംപാറ, മാന്തോണി എന്നിവിടങ്ങളില്‍ ഒട്ടേറെ വീടുകള്‍ വെള്ളത്തിനടിയിലായി. ഏക്കര്‍ കണക്കിന് കൃഷിയിടങ്ങളാണ് പൂര്‍ണ്ണമായും വെളളത്തിനടിയിലായത്. തെങ്കര കോല്‍പ്പാടം കോസ്‌വെ വെള്ളത്തിനടിയിലായി. കോല്‍പ്പാടം അയ്യപ്പ ക്ഷേത്രത്തിലും, നെല്ലിപ്പുഴ ഭദ്രകാളി ക്ഷേത്രത്തിലും വെള്ളം കയറി. ചേറുകുളം പൊട്ടി തൊട് കരകവിഞ്ഞ് കൃഷികളും കോഴിഫാമുകളും വെള്ളത്തിലായി. മുക്കണ്ണത്ത് കുടുങ്ങിയ ഇതര സംസ്ഥാന തൊഴിലാളികളെ ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന രക്ഷപ്പെടുത്തി.കോല്‍പ്പാടം പണിക്കര്‍ പറയില്‍ ഗോപാലന്റെ വീട് വെള്ളിത്തിലായി. കോല്‍പ്പാടം അയ്യപ്പ ക്ഷേത്രത്തിന്റെ മതില്‍ തകര്‍ന്നു. തെങ്കര വാണിയംപാറയില്‍ ആറ് വീടുകളില്‍ വെള്ളം കയറി. ഇവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു. പറമ്പോട്ട് കൃഷ്ണന്‍കുട്ടി നായര്‍, മേലുവീട്ടില്‍ ഗിരിജ, പറമ്പാട്ട് ജയകുമാര്‍, ഒറ്റപ്ലാക്കല്‍ ബിജു, കുന്നത്ത് ജോസി ജോസഫ്, തേനൂര്‍ സുരേന്ദ്രന്‍, തേനൂര്‍ ചിന്നക്കുട്ടന്‍,  തേനൂര്‍ കുട്ടന്‍ എന്നിവരുടെ വീടുകളാണ് ഒറ്റപ്പെട്ടത്. ഇവിടെ പുഴ രണ്ടായി ഒഴുകിയതാണ് കാരണം. ചിറക്കല്‍ ഭാഗത്തെ ചന്ദ്ര മണിയുടെ വീട്ടിലും വെള്ളം കയറി. കാഞ്ഞിരപ്പുഴ വര്‍മ്മംകോട് അംബേദ്കര്‍ കോളനിയില്‍ മണ്ണിടിഞ്ഞു. 30 വീടുകളിലുള്ളവരെ ഒഴിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും അവര്‍ വീട് വിട്ടുവരാന്‍ തയാറായിട്ടില്ല. ചേറംകുളം ശരവണന്റെ കോഴി ഫാം ഒഴികി പോയി. ജനപ്രതിനിധികളും അഗ്‌നിരക്ഷാ സേനയും പൊലീസും സന്നദ്ധ പ്രവര്‍ത്തകരും രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിവരികയാണ്.നെല്ലിപ്പുഴിയല്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തി മണ്ണാര്‍ക്കാട്: നെല്ലിപ്പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് പുഴയോരത്തെ ഷെഡില്‍ ഒറ്റപ്പെട്ട 11 ഇതര സംസ്ഥാന തൊഴിലാളികളെ രക്ഷപ്പെടുത്തി. മുക്കണ്ണത്തെ ഇന്റര്‍ലോക് ഇഷ്ടിക നിര്‍മ്മാണ കമ്പനിയിലെ ജോലിക്കാരാണ് പുഴയോട് ചേര്‍ന്നുള്ള ഷെഡില്‍ കുടുങ്ങിയത്. പുലര്‍ച്ചയോടെ ഷെഡിലേക്ക് വെള്ളം കയറിയതോടെ ഷെഡ് വിട്ട് സമീപത്തെ തെങ്ങുകളിലും മരങ്ങളിലും പിടിച്ചു നിന്നു. വിവരം അറിഞ്ഞ് നാട്ടുകാരും പൊലീസുംഫയര്‍ ഫോഴ്‌സും എത്തിയാണ് 11 പേരെയും രക്ഷപ്പെടുത്തിയത്. യുപി, ഒറീസ, അസം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണിവര്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss