|    Nov 17 Sat, 2018 6:33 am
FLASH NEWS

മഴ വീണ്ടും കനത്തു; ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നു

Published : 9th August 2018 | Posted By: kasim kzm

പാലക്കാട്: ജില്ലയില്‍ വീണ്ടും മഴ കനത്തതോടെ ഡാമുകളിലെ ജലനിരപ്പ് ഉയര്‍ന്നു. മലമ്പുഴ, പോത്തുണ്ടി, മംഗലം ഡാമുകളില്‍ വെള്ളം ഉയര്‍ന്നിട്ടുണ്ട്. മീന്‍ പിടിക്കാനും മറ്റുമായി ആരും പുഴകളില്‍ ഇറങ്ങരുതെന്ന് ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡി ബാലമുരളി അറിയിച്ചു. പുഴകളുടെ തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. മലമ്പുഴ ഡാം തുറന്നതിനെ തുടര്‍ന്ന് കല്‍പ്പാത്തി പുഴയിലെ ഒഴുക്ക് കൂടിയതിനാല്‍ ആണ്ടിമഠം ഭാഗത്തെ ഏഴു കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റി.
പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ ആരംഭിച്ച ക്യാംപിലേക്കാണ് ആളുകളെ മാറ്റിയത്. ചിറ്റൂര്‍ താലൂക്കിലെ അയിലൂര്‍ ഭാഗത്ത് വെള്ളം കയറാന്‍ സാധ്യത ഉള്ളതിനാല്‍ പോലിസിനും വില്ലേജ് ഓഫിസര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കര്‍ക്കടകവാവിനോടനുബന്ധിച്ച് ബലിതര്‍പ്പണത്തിനായി ആളുകള്‍ സ്‌നാനഘട്ടങ്ങളായ പുഴക്കടവുകളിലും കുളക്കടവുകളിലും വന്‍തോതില്‍ എത്തുമെന്നതിനാല്‍ പ്രദേശങ്ങളിലെ തിരക്ക് നിയന്ത്രിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.
കഴിഞ്ഞ ദിവസം നിളയില്‍ കാണാതായ പട്ടാമ്പി താലൂക്കിലെ പാണ്ടിക്കാട് സ്വദേശി മൊയ്തീന്റെ മകന്‍ അബ്ദുള്‍ സലാമിനെ(34) ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബാ ഡൈവിങ് വിദഗ്ധര്‍ തിരഞ്ഞെങ്കിലും ഇതുവരെ കണ്ടുപിടിക്കാനായില്ല.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss