|    Dec 14 Fri, 2018 9:32 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

മഴ വില്ലനായി; നഷ്ടം ഇന്ത്യക്ക്

Published : 24th November 2018 | Posted By: kasim kzm

മെല്‍ബണ്‍: ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരം പൂര്‍ത്തിയാക്കാനാവാതെ ഉപേക്ഷിച്ചു. ടോസ് നഷ്ടപ്പെട്ട് ക്രീസിലിറങ്ങിയ ഓസ്‌ട്രേലിയ 19 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുത്തു നില്‍ക്കെയാണ് മഴ എത്തിയത്.
മഴമൂലം ഡക്‌വര്‍ത്ത് ലൂയിസ് നിയമമനുസരിച്ച് ഇന്ത്യയുടെ ലക്ഷ്യം ആദ്യം 19 ഓവറില്‍ 137 റണ്‍സായും വീണ്ടും മഴ എത്തിയതോടെ വിജലക്ഷ്യം 11 ഓവറില്‍ 90 റണ്‍സായും പുനര്‍നിര്‍ണയിച്ചെങ്കിലും മഴ മാറാത്തതിനാല്‍ ഒടുവില്‍ മത്സരം ഉപേക്ഷിക്കുകയായിരുന്നു. പരമ്പരയില്‍ ഒപ്പമെത്താനുള്ള സുവര്‍ണാവസരമാണ് ഇതോടെ ഇന്ത്യക്ക് നഷ്ടമായത്.
മുന്‍നിര തകര്‍ന്നടിഞ്ഞിട്ടും വാലറ്റത്ത് ബെന്‍ മക്ഡര്‍മോര്‍ട്ടിന്റെയും (30 പന്തില്‍ 32 നോട്ടൗട്ട്), നേഥന്‍ കോള്‍ട്ടര്‍നൈലിന്റെയും (9 പന്തില്‍ 18), ആന്‍ഡ്ര്യു ടൈയുടെയും (13 പന്തില്‍ 12 നോട്ടൗട്ട്) ചെറുത്തുനില്‍പ്പാണ് ഓസീസിനെ 100 കടത്തിയത്. ഇന്ത്യന്‍ ബൗളര്‍മാര്‍ ഓസീസ് സ്‌കോര്‍ ബോര്‍ഡിലേക്ക് എക്‌സ്ട്രാ ഇനത്തില്‍ 16 റണ്‍സ് സംഭാവന ചെയ്തു.
ആദ്യ ഓവറിന്റെ രണ്ടാം പന്തില്‍ തന്നെ ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിനെ (0) റിഷഭ് പന്തിന്റെ കൈകളിലെത്തിച്ച് ഭുവനേശ്വര്‍ കുമാറാണ് ഇന്ത്യക്ക് ആഗ്രഹിച്ച തുടക്കം നല്‍കിയത്. എന്നാല്‍ ഭുവനേശ്വറിന്റെ രണ്ടാം ഓവറില്‍ ഡാര്‍സി ഷോര്‍ട്ടിനെ വിക്കറ്റിന് പിന്നില്‍ റിഷഭ് പന്തും അതേ ഓവറില്‍ ക്രിസ് ലിന്നിനെ ഫൈന്‍ ലെഗ് ബൗണ്ടറിയില്‍ ജസ്പ്രീത് ബൂമ്രയും കൈവിട്ടതോടെ തുടക്കത്തിലേ ലഭിച്ച മുന്‍തൂക്കം ഇന്ത്യ കൈവിടുമെന്ന് തോന്നിച്ചു.
പിന്നീട് ഭുവനേശ്വറിനൊപ്പം ഓപ്പണിംഗ് സ്‌പെല്‍ എറിഞ്ഞ ഖലീല്‍ അഹമ്മദ് തന്റെ രണ്ടാം ഓവറില്‍ അപകടകാരിയായ ക്രിസ് ലിന്നിനെ (13) മടക്കി ഇന്ത്യക്ക് രണ്ടാം വിക്കറ്റ് സമ്മാനിച്ചു. തന്റെ മൂന്നാം ഓവറില്‍ ഡാര്‍സി ഷോര്‍ട്ടിനെ (14) ബൗള്‍ഡാക്കി. മാക്‌സ്‌വെല്ലിനെ (19) ക്രുനാല്‍ പാണ്ഡ്യ ബൗള്‍ഡാക്കിയപ്പോള്‍ സ്‌റ്റോയിനസിനെ (4) ബൂമ്ര കാര്‍ത്തിക്കിന്റെ കൈകളിലെത്തിച്ചു. 14ാം ഓവറില്‍ 74/6ലേക്ക് വീണ ഓസീസിനെ മക്ഡര്‍മോര്‍ട്ടും കോള്‍ട്ടര്‍നൈലും ചേര്‍ന്നാണ് 100 കടത്തിയത്.
ഇന്ത്യക്കായി ഭൂവനേശ്വര്‍കുമാര്‍ 20 റണ്‍സിനും ഖലീല്‍ അഹമ്മദ് 39 റണ്‍സ് വഴങ്ങിയും രണ്ട് വിക്കറ്റ് വീതമെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss