|    Nov 15 Thu, 2018 8:06 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

മഴ കുറഞ്ഞു; കെടുതിക്ക് ശമനമില്ല

Published : 19th September 2017 | Posted By: fsq

 

തിരുവനന്തപുരം: രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയ്ക്കു നേരിയ ശമനം. സംസ്ഥാനത്ത് ഇന്നലെ പരക്കെ മഴ പെയ്‌തെങ്കിലും കഴിഞ്ഞ ദിവസങ്ങളിലേതുപോലുള്ള തീവ്രതയുണ്ടായിരുന്നില്ല. എന്നാല്‍ മിക്കയിടങ്ങളിലും മഴക്കെടുതി തുടരുകയാണ്. ഇന്നലെ വ്യത്യസ്ത അപകടങ്ങളില്‍ അഞ്ചുപേരാണ് മരിച്ചത്. സെപ്റ്റിക് ടാങ്കിനു വേണ്ടിയെടുത്ത കുഴിയിലെ വെള്ളക്കെട്ടില്‍ വീണ് അഞ്ചുവയസുകാരന്‍ മരിച്ചു. കോട്ടയം ഒറവയ്ക്കല്‍ പൂതിരി പാറയില്‍ റജി-അനീറ്റ ദമ്പതികളുടെ ഏക മകന്‍ ഏബനാണ് മരിച്ചത്. ഏറ്റുമാനൂര്‍ പേരൂര്‍ തെള്ളകം പുഞ്ചപാടശേഖരത്ത് നീന്താനിറങ്ങിയ പേരൂര്‍ നടയ്ക്കല്‍ എന്‍ കെ ശശി (55) മുങ്ങിമരിച്ചു. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന്‍ ആനയിറങ്കല്‍ പന്തരിക്കളം സ്വദേശി മനുവും ഇടുക്കി പൂപ്പാറയ്ക്കടുത്ത് ഇറച്ചിപ്പാറയില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരം വീണ് ശാന്തന്‍പാറ പന്തടിക്കളം ആദിവാസി കോളനിയിലെ മനുവും മരണപ്പെട്ടു. കൃഷിപ്പണി കഴിഞ്ഞ് വീടിനടുത്തുളള നദിയില്‍ കുളിക്കാനിറങ്ങിയ കോട്ടയം കണമല മൂക്കന്‍പെട്ടി കോസ്‌വേ പാലത്തിന് സമീപം പുളിച്ചുമാക്കല്‍ തങ്കച്ചന്‍ മരിച്ചു. മഴ കനത്ത നാശം വിതച്ച ഇടുക്കി ജില്ലയുടെ ഭൂരിഭാഗം മേഖലകളും മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണ്. ദേശീയപാത വഴി മൂന്നാറിലേക്കുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു. അതേസമയം, താമരശ്ശേരി ചുരം വഴി വയനാട്ടിലേക്കുള്ള യാത്രയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം പിന്‍വലിച്ചിട്ടുണ്ട്. എറണാകുളം ജില്ലയുടെ താഴ്ന്ന ഭാഗങ്ങളില്‍ നിന്ന് വെള്ളക്കെട്ട് മാറിയിട്ടില്ല. വൈറ്റില-തൃപ്പൂണിത്തുറ റൂട്ടില്‍ മരം വീണതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. രണ്ടു ദിവസം തുടര്‍ച്ചയായി പെയ്ത മഴയില്‍ ആലുവ ശിവരാത്രി മണപ്പുറം മുങ്ങി. ശിവക്ഷേത്രം പൂര്‍ണമായും വെള്ളത്തിനടിയിലായി. കോതമംഗലം ഞായപ്പള്ളിയിലും കണ്ണൂരിലെ ചന്ദനക്കാംപാറയിലും ഉരുള്‍പൊട്ടലുണ്ടായി. വെള്ളക്കെട്ടുണ്ടായ മൂവാറ്റുപുഴ തങ്കളം കോളനിയിലെ 33 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. അടിയന്തര സാഹചര്യം നേരിടാന്‍ താലൂക്ക് ഓഫിസുകളില്‍ 24 മണിക്കൂര്‍ സെല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതേസമയം, കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയോടെ സംസ്ഥാനത്തെ മഴക്കുറവിന് പരിഹാരമായതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇത്തവണ ശരാശരി 1918.1 മില്ലീലിറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് ഇതുവരെ 1678.1 മില്ലീലിറ്റര്‍ ലഭിച്ചു. പ്രതീക്ഷിച്ച മഴയില്‍ നേരിയ കുറവ് മാത്രമാണുള്ളത്. ഈ കാലവര്‍ഷം അവസാനിക്കുന്നതോടെ കുറവ് നികത്താന്‍ കഴിയും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss